ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് വിവാഹ സദ്യയിൽ പപ്പടം കിട്ടാത്തതിൻ്റെ പേരില്‍ കൂട്ടത്തല്ല്. വരൻ്റെയും വധുവിൻ്റെയും പാർട്ടികൾ തമ്മിൽ ചേരി തിരിഞ്ഞ തല്ലിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് അടിപിടി. മുട്ടം സ്വദേശിയായ വധുവിൻ്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരൻ്റെയും വീട്ടുകാരാണ് സദ്യയിലെ പപ്പടത്തെച്ചൊല്ലി തമ്മിലേറ്റത്.
വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നല്‍കിയില്ല എന്നാണ് പരാതി. ഇതേ തുടർന്ന് വാക്കേറ്റമുണ്ടായി. കയ്യാങ്കളിയിൽ എത്തുകയായിരുന്നു.
കൂട്ടത്ത് നിയന്ത്രിക്കാനായി ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഉടമ ഉൾപ്പെടെ മൂന്നു പേർക്കാണ് പരുക്കേറ്റത്.
ഇവരെ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍ (65) ജോഹന്‍ (24 ) ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന സംഭവത്തില്‍ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. കരീലകുളങ്ങര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.