കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ്. പരാമർശത്തിൽ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ്. ആർ.എസ്.എസ്. ചിന്തയുള്ളവർക്ക് പുറത്തുപോകാം എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്ന് എം.കെ. മുനീർ പറഞ്ഞു. സുധാകരൻ നെഹ്റുവിന്റെ ചരിത്രം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി പറഞ്ഞത് ആർ.എസ്.എസ്. ചിന്തയുള്ള, മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു എന്ന് തോന്നുവെങ്കിൽ അവർക്ക് പുറത്തേക്ക് പോകാം എന്നാണ്. അതുകൊണ്ട് തന്നെ കോൺഗ്രസിലെ ഓരോ വ്യക്തികളും അവർ സംസാരിക്കുമ്പോൾ അതിന് ഒരേ സ്വരം ഉണ്ടാകണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. അത് എല്ലാ പാർട്ടിക്കും ബാധകമായിട്ടുള്ളതാണ്’
‘ഇത്തരം ഒരു പരാമര്‍ശം നടത്താനുള്ള കാരണം എന്താണെന്ന് സുധാകരനോട് തന്നെ ചോദിച്ചിരുന്നു. അതിന് അദ്ദേഹത്തിന്റേതായ ന്യായങ്ങളാണ് അദ്ദേഹം പറഞ്ഞത്. അന്ന് ജനതാ പാര്‍ട്ടിയില്ലായിരുന്നു എന്നാണ് പറഞ്ഞത്. മാത്രമല്ല ഇരകളാകുന്നവരെ സംരക്ഷിക്കും എന്നുള്ളത് എല്ലാ കാലത്തിലും തന്റെ പൊതുസ്വഭാവമാണെന്നും സുധാകരന് പറഞ്ഞു’, മുനീര്‍ പറഞ്ഞു. സുധാകരൻ്റെ പരാമർശം വളരെ നേരിട്ട് ആയിപ്പോയി. ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു സൂചന പോലും സുധാകരൻ നൽകരുതായിരുന്നു. സുധാകരൻ്റെ പരാമര്‍ശം കോൺഗ്രസ് ചർച്ച ചെയ്യണം. മറ്റുള്ളവർക്ക് ആയുധം കൊടുക്കേണ്ട സമയം അല്ല ഇതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
സുധാകരന്റെ ന്യായീകരണം ഉള്‍ക്കൊള്ളാന്‍ ലീഗിനായിട്ടില്ലെന്നും എം.കെ. മുനീർ പറഞ്ഞു.
വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ ജവഹര്‍ലാല്‍ നെഹ്റു തയ്യാറായി എന്ന കെ. സുധാകരന്റെ പരാമർശം വിവാദമായിരുന്നു. കണ്ണൂര്‍ ഡി.സി.സി. സംഘടിപ്പിച്ച നവോത്ഥാന സദസ്സിലായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇതിനെതിരെയാണ് എം.കെ മുനീര്‍ രംഗത്തെത്തിയത്.