ഭീകരസംഘടനയായ ഐഎസിൽ ചേരാനായി തൃക്കരിപ്പൂരിൽനിന്ന് എട്ടുപേർകൂടി യമനിലെത്തിയതായി അന്വേഷക സംഘം. കുട്ടികളുൾപ്പെടുന്ന ആറംഗ കുടുംബവും പടന്ന സ്വദേശികളായ മറ്റ് രണ്ടുപേരുമാണിതെന്ന് പ്രത്യേക അന്വേഷകസംഘം പറഞ്ഞു. വർഷങ്ങളായി ദുബായിലായിരുന്ന കുടുംബത്തിന് നാട്ടിൽ ബന്ധമില്ല. സൗദിവഴിയാണ് യമനിലെത്തിയത്.
യമനിലേക്ക് പോയതായി കണ്ടെത്തിയ മറ്റ് രണ്ടുപേരിൽ ഒരാൾ സൗദിവഴിയും മറ്റൊരാൾ ഒമാനിൽനിന്നുമാണ് പോയത്. ആളുകൾ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരായത് അന്വേഷിക്കുന്ന പ്രത്യേക അന്വേഷകസംഘം ചൊവ്വാഴ്ച തൃക്കരിപ്പൂരിലെത്തി. കുടുംബങ്ങളിൽനിന്ന് വിവരം ശേഖരിക്കാൻ വ്യാഴാഴ്ച വീണ്ടുമെത്തും.
2016ൽ പടന്ന, തൃക്കരിപ്പൂർ മേഖലയിൽനിന്ന് നാല് കുടുംബമുൾപ്പെടെ 21 പേർ ഐഎസിൽ ചേർന്നത് വാർത്തയായിരുന്നു. ഇവരിൽ ഏഴുപേർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയുണ്ടായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒമ്പതുപേർ രണ്ട് വർഷമായി അഫ്ഗാൻ സൈന്യത്തിന്റെ തടങ്കലിലുമാണ്.