എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെ മറികടന്ന് ഉന്നതരുടെയും രാഷ്ട്രീയ ബന്ധുക്കളുടെയും ഇഷ്ടക്കാർക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനം നടത്തുന്ന കൂട്ടുകെട്ട് ഇപ്പോഴും സജീവം. ഇതിന് മറവിടാനായി നൽകാൻ വിവിധ സർക്കാർ ഏജൻസികൾ ചെലവിടുന്നത് ലക്ഷങ്ങളാണ്.
വിജ്ഞാപനം ക്ഷണിക്കൽ, പരീക്ഷ, അഭിമുഖം എന്നിവയ്ക്കായി സർക്കാർസ്ഥാപനങ്ങൾ ഏകദേശം 20 ലക്ഷം രൂപയോളം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന് (സി.എം.ഡി.) പ്രതിഫലം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഒരു ചെലവുമില്ലാതെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ സേവനം ലഭ്യമാക്കും. പക്ഷെ തങ്ങൾ ഉദ്ദേശിക്കുന്ന സംഘങ്ങൾ വഴി ഉദ്യോഗാർഥികളെ കയറ്റാൻ മറയിടാനാണ് ഈ ചിലവുകൾ. ക്രമക്കേടിന് സർക്കാർ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനംമാത്രം ഈ വകയിൽ 8.60 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.
2020-നുശേഷം കെ.ഡിസ്‌ക്, കിഫ്ബി, കെ.എസ്.ഐ.ഡി.സി., ഡിജിറ്റൽ സർവകലാശാല, കൺസ്ട്രക്ഷൻ കോർപ്പറേഷൻ, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് അഞ്ഞൂറിലധികം നിയമനങ്ങൾ സമാന്തരമായി നടന്നിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽനിന്നെല്ലാം പരീക്ഷ നടത്തിപ്പിന് പ്രതിഫലം വാങ്ങിയിട്ടുണ്ട്. എന്നാൽ വാണിജ്യരഹസ്യമായതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെൻ്റ് നിലപാട്.
വിവരാവകാശ നിയമത്തിൽ വാണിജ്യരഹസ്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള നിർവചനമാണ് ഇതിന് മറയാക്കുന്നത്. നിയമനത്തിനുവേണ്ടി ചുമതലപ്പെടുത്തിയ എല്ലാ സ്ഥാപനങ്ങളുടെയും പേരുകൾ സി.എം.ഡി. വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടുമില്ല.
രാഷ്ട്രീയ ഒത്തു തീർപ്പിൽ തട്ടിപ്പ്
ഇഷ്ടമുള്ളവരെ നിയമിക്കാൻ പാകത്തിൽ വിജ്ഞാപനം തയ്യാറാക്കി സി.എം.ഡി.ക്ക് കൈമാറും. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. നിയമനം നടക്കുന്ന സ്ഥാപന പ്രതിനിധിയും അഭിമുഖപാനലിൽ ഉണ്ടാകും. നേരത്തേ നിശ്ചയിച്ചിട്ടുള്ളവർക്ക് നിയമനം നൽകുകയും ചെയ്യും.
പരീക്ഷാനടത്തിപ്പ് ഉൾപ്പെടെയുള്ള ജോലികൾ മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും നിയമനം നൽകുന്നത് അതത് സ്ഥാപനങ്ങളാണെന്നുമാണ് സി.എം.ഡി.യുടെ വാദം. ഒരു സ്ഥാപനത്തിനും ഇത്തരമൊരു നിയമനാധികാരമില്ലെന്ന് പി.എസ്.സി., എംപ്ലോയ്‌മെന്റ് അധികൃതർ പറയുന്നു. സി.എം.ഡി.യുടെ മറയാണ് പിൻവാതിൽ നിയമനം നടത്തുന്ന സ്ഥാപനങ്ങൾക്ക് സഹായകരമാകുന്നത്.