വിവാദ വ്യവസായി ഫാരിസ് അബൂബക്കറിൻ്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. കൊച്ചിയിലും കോഴിക്കോട് നന്തിയിലെ വീട്ടിലും ചെന്നൈയിലും ഒരേസമയമാണ് പരിശോധന ആരംഭിച്ചിട്ടുള്ളത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിമുതലാണ് പരിശോധന ആരംഭിച്ചത്. മുംബൈയിലും ഡല്‍ഹിയിലും ഒപ്പം റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.
ലാന്റ് ബാങ്കിന്റെ പേരിലുളള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നിലം ഭൂമിയടക്കം വാങ്ങി നികത്തി വൻകിട ഗ്രൂപ്പുകൾക്ക് കൈമാറിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച് നടത്തിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തി. ഫാരിസുമായി നടത്തിയ ഇടപാടുകളുടെ പശ്ചാത്തലത്തിൽ ശോഭാ ഡെവലപ്പേഴ്സിന്റെ ഓഫീസിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. തൃശൂരിലെ ഹെഡ് ഓഫീസിലാണ് പരിശോധന നടക്കുന്നത്.
92 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഫാരിസിൻ്റെ ബന്ധത്തിൽ ആദായനികുതി വകുപ്പ് അന്വേഷണ പരിധിയിലുണ്ട്. ഈ കമ്പനികളുടെ പേരില്‍ വിവിധയിടങ്ങളില്‍ ഫാരിസ് അബൂബക്കറിന് ഭൂമി ഇടപാടുകളുണ്ട് എന്നാണ് കണ്ടെത്തൽ. വിദേശത്ത് നിന്നടക്കം നിക്ഷേപമുണ്ട്. ചെന്നൈ ആസ്ഥാനമായി കാണിച്ചിരിക്കുന്ന കമ്പനികളില്‍ വിവിധ ഡയറക്ടര്‍മാരെയാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഇവരില്‍ വിദേശത്തുനിന്നുള്ളവരും ഉൾപ്പെടും.
ഇപ്പോൾ ഫാരിസ് അബൂബക്കര്‍ ലണ്ടനിലാണെന്നാണ് സൂചന. അടിയന്തരമായി ഹാജരാകാന്‍ ആദായനികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സി.പി.എമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പലവട്ടം ഫാരിസ് അബൂബക്കറിന്റെ പേര് ഉയര്‍ന്നിരുന്നു. പിണറായി വിജയനും മറ്റ് നേതാക്കള്‍ക്കുമെതിരെ വി.എസ്. അച്യുതാനന്ദന്‍ ഫാരിസ് അബൂബക്കറുമായുള്ള ബന്ധമാരോപിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇദ്ദേഹം തുടങ്ങിയ പത്രം പിന്നീട് പൂട്ടിക്കുന്ന ഘട്ടം വരെ എത്തി.