ഒരു ഉന്നത നേതാവ് കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ പൊലീസ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരൻ്റെ മൊഴിയെടുക്കും. ചൊവ്വാഴ്ച തിരുവനന്തപുരം കന്റോണ്‍മെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ ശക്തിധരനോട് ആവശ്യപ്പെട്ടു.
ബെന്നി ബഹന്നാൻ എംപിയുടെ പരാതിയിലാണ് നീക്കം. കന്റോൺമെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നുവെന്ന കെ സുധാകരന്റെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് സൈബർ പൊലീസ് ഡിവൈഎസ്പിക്ക് നൽകി. രണ്ടിലും പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തിൽ നടത്തുക
സി.പി.എമ്മിന്റെ ഒരു ഉന്നത നേതാവ് കൈതോലപ്പായയില്‍ കോടികള്‍ കടത്തിയെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശക്തിധരന്‍ ആരോപണം. ഈ നേതാവ് ആരാണെന്ന് പേരെടുത്ത് പറഞ്ഞിരുന്നില്ല. തിരുവനന്തപുരത്തുനിന്ന് ന്യൂയോര്‍ക്കിലെ ടൈംസ്‌ക്വയര്‍ വരെയെത്തിയ നേതാവാണ് പണം കടത്തിയതെന്ന അവ്യക്ത സൂചനയായിരുന്നു.
ഇതിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ പരാതിയാണിപ്പോള്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറിയത്.
സംഭവത്തില്‍ പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിന്റെ ആദ്യഘട്ട നടപടിയായാണ് ശക്തിധരനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്.