ഏറെ കാലത്തിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തുന്നു. അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയിലാകും മമ്മൂട്ടി പ്രതിനായകനായി എത്തുക.
ഷെയ്നും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ ത്രില്ലര്‍ ഭൂതകാലം സംവിധാനം ചെയ്ത രാഹുല്‍ സദാശിവനാണ് ഈ സിനിമയൊരുക്കുന്നത്. ഓഗസ്റ്റ് 15-ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരിക്കാശ്ശേരിമന സിനിമയുടെ ഒരു പ്രധാന ലൊക്കേഷനാകും.

ചിത്രത്തിനായി 30 ദിവസത്തേ ഡേറ്റാണ് മമ്മൂട്ടി നൽകിയിരിക്കുന്നതെന്നാണ് വിവരം. അര്‍ജുന്‍ അശോകന്‍ 60 ദിവസത്തെ ഡേറ്റ് ആണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അഭിനയിച്ചിരുന്നു.
റെഡ് റെയ്ൻ എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ രാഹുലിന്റെ ഈ ചിത്രവും ഒരു ഹൊറർ ത്രില്ലറാണെന്നാണ് വിവരം.

തമിഴില്‍ സൂപ്പര്‍ ഹിറ്റായ ‘വിക്രം വേദ’ ഒരുക്കിയ നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് ആദ്യമായി നിർമിക്കുന്ന മലയാള സിനിമയാണിത്.