പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണ് തന്റെ സസ്‌പെന്‍ഷനെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. അസഹനീയമായ മാര്‍ഗങ്ങളിലൂടെ ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയാണ്.
തികച്ചും പിന്തിരിപ്പനായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. അസാധാരണമായ ഒരു സാഹചര്യത്തില്‍ തന്നെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. ജനാധിപത്യ രീതിയിലുള്ള പ്രതികരണത്തിൻ്റെ പേരിൽ താനിപ്പോള്‍ കുറ്റക്കാരനായിരിക്കുന്നുവെന്നും തുടര്‍ന്ന് വിചാരണ നേരിടേണ്ടിവരുമെന്നും ചൗധരി വ്യക്തമാക്കി. സഭാനേതൃത്വത്തിന്റെ നിര്‍ദേശത്തെ നിഷേധിക്കാന്‍ സാധ്യമല്ല. കോടതി മുഖാന്തരം പരിഹാരം തേടുകയാണ് പോം വഴി.
പാര്‍ലമെന്റിലെ ഒരംഗത്തേയും ഒരുതരത്തിലും അധിക്ഷേപിക്കാനോ അവമതിക്കാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാൽ ഒന്നോ രണ്ടോ വാക്കുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് നടപടി. ഇത്തരത്തിലുള്ള പിന്തിരിപ്പന്‍ നടപടികള്‍ വഴി ജനാധിപത്യവ്യവസ്ഥയുടെ അന്തഃസത്തയെ തന്നെ കളങ്കപ്പെടുത്തുകയാണ്. ഇവ ജനാധിപത്യത്തെ കളങ്കപ്പെടുത്തും – ചൗധരി പറഞ്ഞു.
സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന കാരണത്താല്‍ വ്യാഴാഴ്ചയാണ് ലോക്‌സഭയില്‍ നിന്ന് ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ചൗധരിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയായിരുന്നു പുറത്താക്കൽ. വിഷയത്തില്‍ അവകാശലംഘന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍ കാലാവധി നിശ്ചയിച്ചിട്ടുള്ളത്.