സര്‍വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച സ്വർണ്ണത്തിൽ ഒരു ഭാഗം തിരിമറിനടത്തി വിറ്റ സംഭവത്തില്‍ ബാങ്ക് ജീവനക്കാരനും കൂട്ടു നിന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും അറസ്റ്റിൽ. സുഹൃത്തും. കൊല്ലം ജില്ലയിലെ പുത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തേവലപ്പുറം പാറയില്‍ ശാഖയിലാണ് വെട്ടിപ്പ് നടന്നത്.
ബാങ്ക് ജീവനക്കാരന്‍ തേവലപ്പുറം കരുവായം വിഷ്ണുഭവനില്‍ വിഷ്ണു (35), സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ മാനേജര്‍ കാരിക്കല്‍ കൃഷ്ണഭവനില്‍ ഗീതാകൃഷ്ണന്‍ (38) എന്നിവരാണ് കേസിലെ പ്രതികൾ.
കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് തേവലപ്പുറം സ്വദേശി സ്വര്‍ണം ബാങ്കില്‍ പണയം വയ്ക്കുന്നത്. പണയം പുതുക്കിവയ്ക്കാനായി ഉടമ ബാങ്കില്‍ എത്തിയപ്പോഴാണ് സ്വർണ്ണത്തിൽ ഒരു ഭാഗം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ജീവനക്കാരെയുള്‍പ്പെടെ ചോദ്യംചെയ്യുകയും മറ്റ് വിവരങ്ങള്‍ശേഖരിക്കുകയും ചെയ്തപ്പോഴാണ് അന്വേഷണം ഒന്നാംപ്രതിയായ വിഷ്ണുവിലേക്ക് നീണ്ടതും കുറ്റം സമ്മതിക്കുകയും ചെയ്തത്.
പലതവണയായി പണയം വെച്ച സ്വർണ്ണത്തിൽ ഒരു ഭാഗം മാറ്റി മുക്കുപണ്ടം വെച്ചു
തേവലപ്പുറം സ്വദേശി അഞ്ച് പ്രാവശ്യമായി പണയംവെച്ച മുതലാണ്. ഇത് 262 ഗ്രാം സ്വര്‍ണം വരും. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ 96 ഗ്രാം സ്വര്‍ണമാണ് തിരിമറി നടത്തിയത്. 55.5 ഗ്രാം, 40.5 ഗ്രാം എന്നീ തൂക്കത്തിലുള്ള സ്വര്‍ണ ഉരുപ്പടികൾ എടുത്തുമാറ്റി പകരം മുക്കുപണ്ടം വെക്കുകയാരുന്നു എന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ബാങ്ക് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ പോലീസ് മേധാവി പുത്തൂര്‍ ഐ.എസ്.എച്ച്.ഒ. ജി.സുഭാഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.
കൊട്ടാരക്കരയിലെ ബ്യൂട്ടി പാര്‍ലറില്‍നിന്ന് ഗീതാകൃഷ്ണനാണ് മുക്കുപണ്ടംവാങ്ങി വിഷ്ണുവിനെ ഏല്‍പ്പിച്ചത്. ലോക്കര്‍ തുറന്ന് സ്വര്‍ണം കൈവശപ്പെടുത്തി വിഷ്ണു പകരം മുക്കുപണ്ടങ്ങള്‍ വെച്ചു. തുടര്‍ന്ന് സ്വകാര്യ ധനഇടപാട് സ്ഥാപനങ്ങളില്‍ പണയംവയ്ക്കുകയും പിന്നീട് എടുത്ത് രണ്ടുപേരുംചേര്‍ന്നു വില്‍ക്കുകയുമായിരുന്നു.
നേരത്തെയും പരാതികൾ, സർവ്വീസിൽ തുടർന്നു
മുമ്പും തിരിമറികള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്ന് വിഷ്ണുവിനെ ജോലിയില്‍ തരംതാഴ്ത്തിയിരുന്നു. വില്‍പ്പന നടത്തിയ സ്വര്‍ണം കണ്ടെത്തേണ്ടതുണ്ടെന്നും മറ്റാരെങ്കിലും ഇവരെ സഹായിച്ചിരുന്നോ എന്നും അന്വേഷണം നടക്കുകയാണെന്നും ശാസ്താംകോട്ട ഡിവൈ.എസ്.പി. എസ്.ഷരീഫ് അറിയിച്ചു.
സംഭവം നടന്നപ്പോൾ ആറു ജീവനക്കാര്‍ ശാഖയില്‍ ജോലിചെയ്തിരുന്നു. ഇവരിൽ രണ്ടുപേരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പക്ഷെ പ്രതി വിഷ്ണു ഉള്‍പ്പെട്ടിരുന്നില്ല. പിന്നീടാണ് വിഷ്ണുവിലേക്ക് എത്തുന്നത്. വിഷ്ണുവിനല്ലാതെ മറ്റ് ജീവനക്കാര്‍ക്കാര്‍ക്കും ഇതില്‍ പങ്കുള്ളതായി തെളിവു ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വിവരണം.