പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തുന്നതോടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും സുരക്ഷാ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ യൂണിഫോമിലും മാറ്റം വരുത്തുന്നു.
സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ബന്ദഗാല സ്യൂട്ടിന് പകരം താമരയുടെ ചിത്രമുള്ള ഷര്‍ട്ടും ആർ എസ് എസ് മാതൃകയിൽ കാക്കി നിറത്തിൽ പാന്റും കാവി നിറമുള്ള ജാക്കറ്റും ആണ് പുതിയ യൂണിഫോമായി വരുന്നത് എന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകം തയ്യാറാക്കിയ സാരിയാവും വനിതാ ജീവനക്കാരുടെ പുതിയ യൂണിഫോം.
മണിപ്പൂരി തലപ്പാവും കന്നഡ തലപ്പാവും രാജ്യസഭയിലെയും ലോക്‌സഭയിലെയും മാര്‍ഷല്‍മാരുടെ യൂണിഫോമിന്റെ ഭാഗമാകും. സപ്തംബർ ആറോടെ തന്നെ എല്ലാ ജീവനക്കാരോടും പുതിയ യൂണിഫോം കൈപ്പറ്റാൻ നിർദ്ദേശിച്ചിരുന്നു. 271 ജീവനക്കാർക്കും ഇത് ബാധകമാണ്.
പാര്‍ലമെന്റിലെ സുരക്ഷാ ജീവനക്കാര്‍ക്ക് കമാന്‍ഡോ പരിശീലനം നല്‍കുകയും അവരുടെ സഫാരി സ്യൂട്ടിനുപകരം സൈനികരുടേതിന് സമാനമായ യൂണിഫോം വരികയും ചെയ്യും. പുതിയ പാര്‍ലമെന്റില്‍ രാജ്യസഭയിലെ കാര്‍പെറ്റിലും താമരയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. സമാന മുദ്രയാവും യൂണിഫോമിലും ഉണ്ടാകുക.
ദേശീയ പുഷ്പമാണ് താമര എന്ന സൌകര്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ എഅത് ബിജെപിയുടെ ചിഹ്നംകൂടി ആയതിനാല്‍ ജീവനക്കാരുടെ യൂണിഫോമിലടക്കം താമരയുടെ മുദ്ര ആലേഖനം ചെയ്യപ്പെടുന്നത് രാഷ്ട്രീയമാവുകാണ്. ഒപ്പം ആർ എസ് എസ് സംഘപരിവാർ മാതൃകയിൽ കാവിയും കാക്കിയും കൊണ്ടു വരുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യേൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് പുതിയ യൂണിഫോമുകള്‍ രൂപകല്‍പ്പന ചെയ്തതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു. പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. പ്രത്യേക സമ്മേളനത്തിനിടെയാവും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുകയെന്നാണ് സൂചന. സെപ്റ്റംബര്‍ 19-ന് ഗണേശ ചതുര്‍ഥി ദിനത്തിലാകും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം.