സാമൂഹ്യമാധ്യമങ്ങളിലെ ഹെയിറ്റ് കാമ്പയിന് തുടർച്ചയായി കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ (ശുഭ്) ഇന്ത്യയിലെ സംഗീതപരിപാടികൾ റദ്ദാക്കി. ടിക്കറ്റെടുത്തവർക്ക് പണം തിരികെനൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു.
ഖലിസ്താൻ വാദം ഉയർത്തിയായിരുന്നു ശുഭിന് എതിരായ വിദ്വേഷ പ്രചാരണം. ‘ബുക്ക് മൈ ഷോ’ ബഹിഷ്കരിക്കാൻ മൂഹികമാധ്യമങ്ങളിൽ ആഹ്വാനമുയർന്നിരുന്നു. ഇത് രൂക്ഷമായതോടെ പരിപാടി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു. ശുഭിന്റെ ഇന്ത്യാപര്യടനത്തിന്റെ സ്പോൺസർകൂടിയാണ് ബുക്ക് മൈ ഷോ.
നേരത്തെ ബോട്ട് ആണ് സ്പോൺസർ ആയിരുന്നത്. ഇന്ത്യയിലെ പ്രതിഷേധം കാരണം അവർ പിൻവാങ്ങുകയായിരുന്നു. ശുഭിൻ്റെ പ്രേ ഫോർ പഞ്ചാബ് എന്ന ഇൻസ്റ്റ പോസ്റ്റ് ഉയർത്തി കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ.
ശുഭിൻ്റെ ആദ്യ ഇന്ത്യാപര്യടനമായിരുന്നു ഇത്. 10 നഗരങ്ങളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ശുഭിന്റെ പരിപാടിയുടെ പോസ്റ്ററുകൾ മുംബൈയിൽ യുവമോർച്ച പ്രവർത്തകർ നശിപ്പിച്ചു. ഖലിസ്താൻവാദത്തെ പിന്തുണയ്ക്കുന്നവർ ഇന്ത്യയിൽ കാലുകുത്തേണ്ടെന്നാണ് വാദം.
ലോകം മുഴുവൻ ആരാധകരുള്ള യുവ റാപ്പറാണ് ശുഭ് നീത് സിങ്. Still Rollin എന്ന പുതിയ ആൽബവും വലിയ സ്വീകരണം നേടി. ഇന്ത്യ കാനഡ ബന്ധം മോശമായതോടെ ഇന്ത്യയിൽ നിന്നുള്ള ആരാധകരിൽ കുറവ് വന്നു. പഞ്ചാബിൽ നിന്നുള്ള ശുഭിൻ്റെ കുടുംബം കാനഡയിൽ കുടിയേറിയതാണ്.