നിപബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരനുള്‍പ്പടെ രണ്ടുപേര്‍ ഇന്ന് ആശുപത്രി വിടും. നിപ ബാധിച്ചു മരിച്ച മുഹമ്മദലിയുടെ വിദ്യാർഥിയായ മകനും ഭാര്യാ സഹോദരനും നിപ നെഗറ്റീവായി. കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ കഴിയുന്ന ഇവരുടെ ആരോഗ്യ നിലയും സ്ഥിരമായി ഭദപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരം എത്തിയ ഫലവും നെഗറ്റീവായതോടെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യാം എന്നായത്. ആശുപത്രിവിടുന്ന രണ്ടുപേരും ഹോം ക്വാറന്റൈനില്‍ പ്രവേശിക്കും. ഇതോടെ നിപ ആശങ്ക പൂർണ്ണമായും കുറയുകയാണ്.
ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെൻ്റ് സോണുകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നിരിന്നു. പിന്നാലെയാണ് ചികിത്സയില്‍ കഴിഞ്ഞവര്‍ സുഖംപ്രാപിച്ച് ആശുപത്രി വിടാനൊരുങ്ങുന്നത്. എങ്കിലും വവ്വാൽ ഉൾപ്പെടെ പകർച്ചാ സാധ്യയുള്ള പക്ഷിമൃഗാദികളെ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ തുടരണം. വവ്വാൽ കടിച്ചതും കൊത്തിയതുമായ ഫലമൂലാദികൾ ഉപയോഗിക്കാതിരിക്കുക. ഇത്തരം വസ്തുക്കൾ സ്പർശിച്ചാൽ അണുനാശകം ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യുക.

നിപയുടെ ചരിത്രവും ഭൂമിശാസ്ത്രവും ഓർത്തിരിക്കേണ്ട വിവരങ്ങളും
മലേഷ്യ സിംഗപ്പൂർ
മലേഷ്യയിലെ വൈദ്യശാസ്ത്രഗവേഷകനായിരുന്ന ലാം സായ് കിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രാന്വേഷണമായിരുന്നു നിപ വൈറസ് എന്ന പുതിയ രോഗകാരിയിലേക്ക് വെളിച്ചം വീശിയത്. കബൂങ് ബാറു സുന്ഗയി നിപ എന്ന സ്ഥലപ്പേരിൽ നിന്നാണ് പുതിയ വൈറസിന് നിപ എന്ന ആ പേര് കിട്ടുന്നത്. രോഗാണുവിന്റെ പ്രകൃത്യാ ഉള്ള സംഭരണികളായ (റിസര്‍വോയര്‍) റ്റീറോപസ് ( Pteropus) എന്ന വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും, പന്നികളില്‍ നിന്ന് അവയുടെ പരിപാലകരായ കര്‍ഷകരിലേക്കുമായിരുന്നു മലേഷ്യയിൽ നിപ വൈറസ് പകർച്ച സംഭവിച്ചത്. കർഷകരിൽ മാത്രമല്ല, പന്നിക്കശാപ്പുശാലകളിൽ ജോലി ചെയ്യുന്നവരിലേക്കും വൈറസ് വ്യാപനമുണ്ടായി. മലേഷ്യയിൽ 1998 സെപ്റ്റംബർ മുതൽ 1999 മേയ് വരെ നീണ്ടുനിന്ന ശാസ്ത്രചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ നിപ വ്യാപനത്തിൽ 250ൽപ്പരം ആളുകൾക്ക് രോഗമുണ്ടാവുകയും 105 പേർക്ക് ജീവൻ നഷ്ടപെടുകയുമുണ്ടായി. അതേ വർഷം സിംഗപ്പൂരിലും നിപ റിപ്പോർട്ട് ചെയ്യപ്പെട്ടു. മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്ത രോഗബാധയേറ്റ പന്നികളുടെ കശാപ്പ് / മാംസ സംസ്കരണ ജോലികളിൽ ഏർപ്പെട്ട തൊഴിലാളികളിലായിരുന്നു സിംഗപ്പൂരിൽ നിപ കണ്ടെത്തിയത്. 11 പേരിൽ രോഗം കണ്ടെത്തിയെങ്കിലും ഒരാൾക്ക് മാത്രമാണ് ജീവഹാനി സംഭവിച്ചത്.

ഇടനില മൃഗങ്ങൾ
വവ്വാലുകളിൽ നിന്നും നിപ വൈറസുകൾ ഇടനിലയായി നിന്ന പന്നികളിലൂടെ മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മലേഷ്യയിലും സിംഗപ്പൂരും മാത്രമാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഇതുവരെ ഉണ്ടായ നിപ രോഗബാധകളിൽ ഒന്നും തന്നെ വവ്വാലിനും മനുഷ്യർക്കുമിടയിൽ വൈറസിനെ വ്യാപിക്കാൻ ഇടനിലയായി ഒരു ജീവിയുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ഇവിടങ്ങളിൽ ഉണ്ടായിട്ടുള്ള ഒന്നാമത്തെ (ഇൻഡക്സ്) നിപ രോഗബാധകൾ എല്ലാം തന്നെ വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെ പകർന്നതാണെന്നാണ് ഇതുവരെയുള്ള ഗവേഷണങ്ങൾ വിലയിരുത്തുന്നത്.
1995-2000 കാലഘട്ടത്തില്‍ മാത്രം മൊത്തം വനവിസ്തൃതിയുടെ 14.4 ശതമാനത്തോളമായിരുന്നു മലേഷ്യയ്ക്ക് നഷ്ടമായത്. വനനശീകരണത്തിന് പുറമെ ആ കാലയളവില്‍ എൽ നിനോ എന്ന കാലാവസ്ഥാ പ്രതിഭാസം കാരണമായുണ്ടായ വരള്‍ച്ചയും പഴംതീനി വവ്വാലുകളുടെ ജീവിതം ദുസ്സഹമാക്കി. ആവാസകേന്ദ്രവും (റൂസ്റ്റിങ്) ആഹാരസ്രോതസ്സും നഷ്ടമായ റ്റീറോപസ് വലിയ പഴംതീനി വവ്വാലുകൾ തീരപ്രദേശങ്ങളിൽ നിന്നും വെട്ടിത്തെളിക്കപ്പെട്ട വനങ്ങളില്‍ നിന്നും പുതിയ വാസസ്ഥാനങ്ങൾ തേടി നാട്ടിന്‍പുറങ്ങളിലെ പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലേക്ക് കൂട്ടമായി പ്രാണരക്ഷാർഥം പലായനം ചെയ്യുകയും അവിടെയുള്ള വലിയ ഫലവൃക്ഷങ്ങളിൽ അഭയം തേടുകയുമുണ്ടായി.
അതിർത്തി രാജ്യത്തും രാജ്യാതിർത്തിയിലും
ബംഗ്ലാദേശിലെ മെഹർപുർ ജില്ലയിൽ നിപ വൈറസ് രോഗം കണ്ടെത്തിയത് 2001ൽ ആയിരുന്നു. ഏറെ താമസിയാതെ ബംഗ്ലാദേശിലെ ഒട്ടേറെ ജില്ലകളിലേക്ക് രോഗം പടർന്നു. തൊട്ടടുത്ത വർഷങ്ങളിലും ബംഗ്ലാദേശിൽ പലയിടങ്ങളിലായി നിപ പൊട്ടിപ്പുറപ്പെടുകയുണ്ടായി. 2012 മാർച്ച് വരെ ബംഗ്ലാദേശിൽ 263 പേരെയാണ് രോഗം ബാധിച്ചത്. വൈറസ് ബാധിച്ചവരിൽ 75 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങി. ഇന്ത്യയിൽ ആദ്യമായി നിപ പൊട്ടിപ്പുറപ്പെട്ടത് 2001ൽ പശ്ചിമബംഗാളിലെ സിലിഗുരിയിൽ ആയിരുന്നു . 71 പേരെ വൈറസ് ബാധിക്കുകയും 50 പേർ മരണമടയുകയും ചെയ്തു. പശ്ചിമബംഗാളിലെ നാദിയയിൽ 2007ൽ 30 പേർക്ക് നിപ രോഗബാധയുണ്ടാവുകയും വൈറസ് 5 പേരുടെ ജീവൻ കവരുകയുമുണ്ടായി. നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്ന ബംഗ്ലാദേശിലെയും പശ്ചിമ ബംഗാളിലെയും ഈ പ്രദേശങ്ങൾ ഇന്നറിയപ്പെടുന്നത് നിപ ബെൽറ്റ് എന്ന പേരിലാണ്.
കേരളത്തിൽ നാല് തവണ, കോഴിക്കോട് മൂന്ന്

കേരളത്തിൽ ഇത് നാലാം തവണയാണ് നിപ വൈറസ് പൊട്ടിപ്പുറപ്പെടുന്നത്. ഇതിൽ മൂന്ന് രോഗബാധകളും കോഴിക്കോട് ജില്ലയിൽ തന്നെയായിരുന്നു. ജില്ലയിലെ മലയോര മേഖലയായ ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലാണ് 2023 ലെ രോഗബാധ. രണ്ടു ജീവനുകൾ നഷ്ടമായി.
2018 പ്രളയത്തിനൊപ്പം
2018ലാണ് സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിൽ നിപ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2018 മേയ് 2 മുതൽ 29 വരെ ഉണ്ടായ ആദ്യ നിപ തരംഗത്തിൽ 23 പേർക്ക് വൈറസ് ബാധിക്കുകയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി ഉൾപ്പെടെ 21 പേർക്ക് ജീവൻ നഷ്ടമാവുകയുമുണ്ടായി, 92 ശതമാനത്തോളമായിരുന്നു രോഗബാധയേറ്റവർക്കിടയിൽ മരണനിരക്ക്. ലബോറട്ടറി പരിശോധനകളിലൂടെ രോഗം സ്ഥിരീകരിച്ചത് 18 പേർക്കാണ്. അതുകൊണ്ട് ഔദ്യോഗിക കണക്കിൽ 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്.
2019 ൽ സാന്നിധ്യം
തൊട്ടടുത്ത വർഷം വീണ്ടും കേരളത്തിൽ നിപ രോഗം കണ്ടെത്തി. എറണാകുളത്തെ 23 വയസുള്ള ഒരു യുവാവിനായിരുന്നു ഇത്തവണ രോഗബാധ. മുൻവർഷത്തോളം തീവ്രമായില്ലെന്ന് മാത്രമല്ല, രോഗം ഒരാളിൽ മാത്രം ഒതുക്കി നിർത്താനും രോഗബാധയേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാനും നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് സാധിച്ചു. കോവിഡ് മഹാമാരിക്കെതിരായ അതിജീവനപോരാട്ടം തുടരുന്ന ഘട്ടത്തിലാണ് ഇരട്ടപ്രഹരമായി
12 കാരൻ്റെ ജീവൻ കവർന്ന 2021 ലെ വരവ്
2021, സെപ്റ്റംബറിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിൽ നിപ വൈറസിന്റെ മൂന്നാം വരവുണ്ടായത്. കൂടുതൽ വ്യാപനം തടഞ്ഞുകൊണ്ട് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചെങ്കിലും 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ജീവൻ നിപ കവർന്നു. മൂന്നാം വരവ് പോലെ 2023 ലെ കോഴിക്കോട് ജില്ലയിലുണ്ടായ നിപയുടെ നാലാം പൊട്ടിപ്പുറപ്പെടൽ സംഭവിച്ചതും സെപ്റ്റംബർ മാസം തന്നെയാണ്.
കേരളത്തിനറിയില്ല ആദ്യ രോഗി എവിടെ നിന്ന്
കേരളത്തിൽ കോഴിക്കോടും എറണാകുളത്തും 2018, 2019, 2021 വർഷങ്ങളിൽ ഉണ്ടായ രോഗബാധകളിൽ ഒന്നും തന്നെ ആദ്യ രോഗിക്ക് (ഇൻഡക്സ് കേസ്) എവിടെ നിന്ന്, എങ്ങനെ വൈറസ് ബാധയുണ്ടായി എന്ന കാര്യം കൃത്യമായി സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
എങ്കിലും രോഗം കണ്ടെത്തിയ പ്രദേശത്തെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്നത് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
2018ല്‍ കോഴിക്കോട് നിപ പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട മേഖലയിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഗവേഷണസംഘം പഠനം നടത്തിയിരുന്നു. ആദ്യം രോഗം കണ്ടെത്തിയ വ്യക്തിയുടെ വീടിന്റെ പന്ത്രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചായിരുന്നു പഠനം. വൈറസ് സാന്നിധ്യപരിശോധനയില്‍ 19 ശതമാനം വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഈ വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിലെയും നിപ രോഗികളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലേയും വൈറസുകൾ തമ്മിലുള്ള സാമ്യം 99.7 % –100% ആയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം എന്ന നിഗമനത്തിലേക്ക് ഗവേഷകർ എത്തിയിരുന്നു. വൈറസിന്റെ റിസര്‍വോയറുകളായ റ്റീറോപസ് എന്ന വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും, പ്രത്യേകിച്ച് അവയുടെ പ്രജനനം കൂടുതൽ നടക്കുന്ന ജൂൺ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇനിയും രോഗപ്പകര്‍ച്ച ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പും ഗവേഷകർ അന്നേ നൽകിയിരുന്നു. റ്റീറോപസ് ജൈജാന്റിക്കസ് എന്ന ഏക പഴംതീനി വവ്വാൽ കൂട്ടമാണ് റ്റീറോപസ് വിഭാഗത്തിൽ നിന്നായി ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ളത്.
എറണാകുളത്ത്
2019ല്‍ രോഗം കണ്ടെത്തിയപ്പോഴും സമാനമായ പഠനം നാഷണല്‍ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകനായ പ്രാഖ്യ യാദവിന്റെ നേതൃത്വത്തിലുള്ള ഐസിഎംആർ സംഘം നടത്തിയിരുന്നു. രോഗബാധയേറ്റ യുവാവിന്റെ എറണാകുളത്തുള്ള വീടിനും, യുവാവ് പഠിച്ചിരുന്ന ഇടുക്കിയിലെ കോളേജിന്റെയും ചുറ്റുമുള്ള 5 കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നിന്ന് വവ്വാലുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ചായിരുന്നു ഗവേഷണം. എറണാകുളത്തെ തുരുത്തിപുരം, ആലുവ, വാവക്കാട്, ഇടുക്കി ജില്ലയിലെ തൊടുപുഴ, മുട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പഠനത്തിനായി പ്രധാനമായും സാംപിളുകള്‍ ശേഖരിച്ചത്. ഇതില്‍ തൊടുപുഴയില്‍ നിന്ന് ശേഖരിച്ച ഒരു പഴംതീനി വവ്വാലിന്റെ ശരീരസ്രവത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തൊടുപുഴയില്‍ നിന്ന് തന്നെ ശേഖരിച്ച രണ്ട് വവ്വാലുകളുടെയും ആലുവയില്‍ നിന്ന് ശേഖരിച്ച മറ്റൊരു വവ്വാലിന്റെയും ആന്തരിക അവയവങ്ങളിൽ വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. തൊടുപുഴ, ആലുവ, തുരുത്തിപുരം, വാവക്കാട് തുടങ്ങിയ നാലിടങ്ങളില്‍ നിന്ന് ശേഖരിച്ച പഴംതീനി വവ്വാലുകളുടെ സിറം സാംപിളില്‍ നിപ വൈറസിനെതിരായ ഇമ്മ്യൂണോഗ്ലോബലിനുകളുടെ (Anti-NiV Ig G antibodies) സാന്നിധ്യം 21 ശതമാനം വരെയായിരുന്നു. ഇത് അവയുടെ ശരീരത്തിൽ വൈറസ് ഉണ്ടെന്ന് സൂചിപ്പിക്കുന്നു.
NiV strain -India (I)

കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസുകള്‍ ബംഗ്ലാദേശിലും, ബംഗാളിലും കണ്ടെത്തിയ വൈറസുകളില്‍ നിന്ന് വകഭേദമുള്ളതാണെന്ന നിരീക്ഷണവും വൈറസിന്റെ ജനിതക ശ്രേണികരണപഠനത്തിലൂടെ ഗവേഷകര്‍ നടത്തിയിട്ടുണ്ട്. നിലവിൽ നിപയുമായി ബന്ധപ്പെട്ട് ബംഗ്ലദേശ്, മലേഷ്യ വകഭേദങ്ങൾ മാത്രമാണുള്ളത്. കേരളത്തിൽ കണ്ടെത്തിയ വൈറസിന്റെ ജനിതകഘടനയും ബംഗ്ലാദേശ് വകഭേദത്തിന്റെ ജനിതകഘടനയും തമ്മിൽ 1.96 ശതമാനം വ്യത്യാസമുണ്ട്. മലേഷ്യൻ വകഭേദവുമായി 8.24 ശതമാനം വ്യത്യാസമുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ വവ്വാലുകളില്‍ നിശബ്ദമായി സംക്രമണം ചെയ്യുന്ന നിപ വൈറസ് വകഭേദം നിപ വൈറസ് ഇന്ത്യ സ്ട്രയിൻ (I) (NiV strain -India (I)) ആണെന്ന അനുമാനവും ഗവേഷകർ പങ്കുവെച്ചിട്ടുണ്ട്.
സെപ്റ്റംബറിൽ കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐസിഎംആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍ഐവി സംഘം വവ്വാലുകളെ ശേഖരിച്ച് വൈറസ് പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോൾ സമീപ മേഖലയായ താമരശ്ശേരിയില്‍ നിന്നും ശേഖരിച്ച പഴംതീനി വവ്വാൽ ഇനങ്ങളായ ടീറോപസ് വിഭാഗത്തില്‍പ്പെട്ട ഒരു വവ്വാലിലും കൊടിയത്തൂര്‍ മേഖലയില്‍ നിന്നും ശേഖരിച്ച റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ചില വവ്വാലുകളിലും നിപ വൈറസിന് എതിരായ ഐ. ജി. ജി. (Ig. G.) ആന്റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ റോസിറ്റസ് വിഭാഗത്തില്‍പ്പെട്ട ശ്വാനമുഖന്മാരായ പഴംതീനി വവ്വാലുകളിൽ ആദ്യമായിട്ടാണ് നിപ സാന്നിധ്യത്തിന്റെ സൂചന ലഭിച്ചത്. വവ്വാലുകളിൽ വൈറസിന് എതിരായ ആന്റിബോഡികൾ കണ്ടെത്തിയത് അവയിൽ വൈറസ് സാന്നിധ്യമുള്ളതിന്റെ കൃത്യമായ തെളിവാണ്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത മുന്നൂരിൽ ഉണ്ടായ നിപ രോഗബാധയിൽ വൈറസിന്റെ പ്രഭവ കേന്ദ്രം വവ്വാലുകൾ തന്നെയാണന്ന നിഗമനത്തിലേക്കാണ് ഗവേഷകർ എത്തിയത്. കേരളത്തിൽ കാണപ്പെടുന്ന 33 ഇനം വവ്വാലുകളിൽ ഏഴിനം വവ്വാലുകൾ വൈറസ് വാഹകരാണെന്ന ഈയിടെ പുറത്തുവന്ന മറ്റൊരു പഠനറിപ്പോർട്ടും ഈ അവസരത്തിൽ പ്രസക്തമാണ്. മലേഷ്യയിലും ബംഗ്ലാദേശിലും നടത്തിയ പഠനത്തിലാണ് ഈയിനം വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ പഴംതീനി വവ്വാലുകളിൽ മാത്രമാണ് കേരളത്തിൽ ഇതുവരെ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്.
ഓർക്കുക മുൻകരുതലിനെക്കാൾ മികച്ച വഴി ഇല്ല
