സിക്കിമിൽ ഇതുവരെയുള്ള വിവര പ്രകാരം 22 സൈനികരുള്‍പ്പടെ 102 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മരണപ്പെട്ടവരുടെ എണ്ണം 14 ആയി. 15 പാലങ്ങള്‍ ഒലിച്ചുപോയതായും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നമാണ് ഔദ്യോഗിക അറിയിപ്പ്. ഇവരില്‍ മലയാളികളുമുണ്ടെന്നാണ് വിവരം. മറുകര എത്താനും ഗതാഗത സൌകര്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിപ്പെടാനും കഴിയാത്ത സാഹചര്യമാണ്.
വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിനടുത്തുണ്ടായ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്ന് തീസ്താ നദീതടത്തിലുണ്ടായ മിന്നല്‍പ്രളയത്തിലും ഇതുവരെ രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 22,000 പേരെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
ബുധനാഴ്ച പുലര്‍ച്ചയോടെയാണ് മേഘവിസ്‌ഫോടനമുണ്ടാകുന്നത്. പിന്നാലെ സിക്കിമിലെ ഏറ്റവും വലിയ അണക്കെട്ടായ ചുങ്താങ് അണക്കെട്ട് തകര്‍ന്നതും സ്ഥിതി ഗുരുതരമാക്കി. മംഗന്‍, ഗാങ്‌ടോക്, പാക്യോങ് ജില്ലകളിലാണ് പ്രളയക്കെടുതി രൂക്ഷം. മംഗനിലെ ചുങ്താങ്, ഗാങ്‌ടോകിലെ ദിക്ചു, സിങ്ടാം, പാക്യോങിലെ റാംങ്‌പോ എന്നിവിടങ്ങളിലാണ് കൂടുതല്‍ ആളുകളെ കാണാതായത്. പാക്യോങിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
കാണാതായവരില്‍ ഒരു സൈനികനെ കണ്ടെത്തിയിരുന്നു. 200 ഓളം പേരെ രക്ഷപെടുത്തിയിട്ടുണ്ട്. ഭാഗികമായി തകര്‍ന്ന ചുങ്താങ് അണക്കെട്ടിലെ ജീവനക്കാര്‍ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനായിട്ടില്ല.
സിക്കിമിനെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10-ന്റെ വിവിധ ഭാഗങ്ങളും പ്രളയത്തില്‍ ഒലിച്ചു പോയി. ഇതോടെ സിക്കിം ഇന്ത്യയില്‍ നിന്ന് ഒറ്റപ്പെട്ട നിലയിലാണ്.