കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സ്വത്തുവിവരങ്ങൾ കൈമാറാൻ സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണന് ഇ ഡി അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. ആദായ നികുതി രേഖകൾ, സ്വയം ആർജ്ജിച്ച സ്വത്തുക്കൾ, കുടുംബാഗങ്ങളുടെ ആസ്തി വകകൾ എന്നിവയെല്ലാം അറിയിക്കാനാണ് നിർദേശം.
മുന്പ് രണ്ട് തവണ എം കെ കണ്ണനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇത്തവണ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ ശക്തമായ നടപടികളുണ്ടാകുമെന്നാണ് എൻഫോഴ്സ്മെന്‍റ് വൃത്തങ്ങൾ നിലപാട് എടുത്തിട്ടുള്ളത്. കരുവന്നൂരിലെ കളളപ്പണ ഇടപാടിൽ എം കെ കണ്ണന് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റും കേരളാ ബാങ്ക് വൈസ് പ്രസിഡൻ്റുമാണ് സി പി എം നേതാവായ എം കെ കണ്ണൻ. എം കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാൻ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാൻ നിർദ്ദേശം.