ഈ സർക്കാരിന് നിങ്ങളോട് ഇതൊക്കെ ചെയ്യാം, അതുകൊണ്ട് കരുതിയിരിക്കുക എന്ന സന്ദേശമാണ് മാധ്യമങ്ങൾക്ക് എതിരായ റെയ്ഡിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്നും പരഞ്ചോയ് ഗുഹ തകുർത്ത. ഇന്നത്തെ മീഡിയെ ഭരണപക്ഷത്തിനെ ചോദ്യം ചെയ്യേണ്ടതിന് പകരം പ്രതിപക്ഷത്തെയാണ് വിചാരണ ചെയ്യുന്നതെന്നും പരഞ്ചോയ് തകുർത്ത അഭിപ്രായപ്പെട്ടു.
മാധ്യമ പ്രവർത്തനം ഇക്കാലത്ത് ഏറ്റവും അധികം വെല്ലുവിളി നേരിടുന്നു. ഡൽഹി പൊലീസ് ചോദ്യം ചെയ്യുന്നത് ഭയെപ്പെടുത്താനുള്ള നീക്കത്തിൻ്റെ ഭാഗമായാണെന്ന് കരുതാം. അദാനിക്കെതിരായി വാർത്തകൾ നൽകിയതാണോ നടപടിക്ക് പിന്നിലെന്ന് അറിയില്ലെന്നും പരഞ്ചോയ് ഗുഹ തകുർത്ത ട്വന്റിഫോർ അഭിമുഖത്തിൽ പറഞ്ഞു.
‘ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട നാൽപ്പതിലേറെ മാധ്യമപ്രവർത്തകരുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തി. ഞാൻ ന്യൂസ് ക്ലിക്കിന്റെ കൺസൾട്ടന്റ് മാത്രമാണ്. രണ്ടോ മൂന്നോ ആർട്ടിക്കിൾ മാത്രം ന്യൂസ് ക്ലിക്കിന് നൽകിയവരുടെ വീട്ടിലും റെയ്ഡ് നടന്നു. രാവിലെ 6.30ന് ഒൻപത് പൊലീസുകാരാണ് എന്റെ വീട്ടിൽ വന്നത്. എന്റെ വീട്ടിലെത്തിയ അവർക്ക് എന്റെ മൊബൈലും ലാപ്‌ടോപ്പും വേണമായിരുന്നു. ഞാൻ പറഞ്ഞു ആവശ്യം എഴുതി നൽകാൻ. ഞാൻ അവരുടെ ഓഫിസിലെത്തി ചോദ്യം ചെയ്യലുമായി സഹകരിച്ചു. 45 പേരുടെ വീടുകളിലാണ് ഇവർ റെയിഡ് നടത്തിയത്.
12 മണിക്കൂർ നീണ്ട ഡൽഹി പൊലീസിൻറെ നടപടിക്കാണ് വിധേയനായതെന്നും ഡൽഹി കലാപം,കർഷക സമരം എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പിൽ നിന്ന് ആറു മാനനഷ്ട കേസുകൾ നേരിടുന്ന ഏക മാധ്യമ പ്രവർത്തകനാകും താനെന്നും പരഞ്ചോയ് ഗുഹ തകുർത്ത ചൂണ്ടിക്കാട്ടി.
35 വര്‍ഷക്കാലത്തെ പത്രപ്രവര്‍ത്തക ജീവിതത്തിനിടയില്‍ തക്കുര്‍ത്ത ബിസിനസ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ദി ടെലിഗ്രാഫ്, ഇന്‍ഡ്യ ടുഡേ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കൂടാതെ അദ്ധ്യാപകന്‍, അഭിമുഖകാരന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, കമന്‍റേറ്റര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചു. 2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനനപര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ‘ഗ്യാസ് വാര്‍’ എന്ന പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്.
പരഞ്ചോയ് ഗുഹ തകുര്‍ത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് കോള്‍ കേഴ്സ്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, ജാമിയ മിലിയ ഇസ്ളാമിയ എന്നിവിടങ്ങളില്‍ ഗസ്റ്റ് ലെക്ചറാണ് അദ്ദേഹം.
വർഷങ്ങളായി ലക്ഷ്യം വെച്ച തല
ഇക്കണോമിക് ആൻ്റ് പൊളിറ്റിക്കൽ വീക്കിലിയുടെ എഡിറ്റോറിയൽ വിഭാഗം തലവനായിരിക്കെ രാജിവെച്ചിരുന്നു. അദാനിഗ്രൂപ്പിന് മോഡി സര്‍ക്കാരിന്റെ 500 കോടി സമ്മാനം എന്ന തലക്കെട്ടിൽ അഴിമതി വെളിപ്പെടുത്തിയ വാർത്തയ്ക്ക് പിന്നാലെയായിരുന്നു ഇത്. വക്കീല്‍നോട്ടീസ് ലഭിച്ചതോടെ ലേഖനം വാരികയുടെ വെബ്സൈറ്റില്‍ നിന്ന് ഇപിഡ്ബ്ളിയു പിന്‍വലിച്ചിരുന്നു. പ്രത്യേക സാമ്പത്തിക മേഖലക്ക് കസ്റ്റംസ് നിയമത്തില്‍ വരുത്തിയ ഇളവ് മൂലം അദാനി ഗ്രൂപ്പ് കമ്പനികള്‍ 500 കോടി രൂപയുടെ നേട്ടം കൈക്കലാക്കുന്നത് സംബന്ധിച്ചായിരുന്നു വാര്‍ത്ത.