ഇസ്രയേലിലേക്ക് കടന്നുകയറി ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്റെ പ്രതിരോധ, ഇന്റലിജന്‍സ് സംവിധാനങ്ങളിലെ വീഴ്ച ചർച്ചയാവുന്നു.
1973-ല്‍ സിറിയയും ഈജിപ്തും ഇസ്രയേലിന് നേരേ നടത്തിയ ആക്രമണത്തിന് സമാനമായിരുന്നു ഇത്തവണ ഹമാസ് നടത്തിയ ആക്രമണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ‘അന്ന് സംഭവിച്ചതിന് സമാനമാണ് ഇതെല്ലാം’ എന്നായിരുന്നു ഹമാസ് ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മുന്‍ മേധാവിയായ റിട്ട. ജനറല്‍ ജിയോറ എയ്‌ലാന്‍ഡിന്റെ പ്രതികരണം. എല്ലാം ഏകോപിപ്പിച്ച് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേല്‍ അമ്പരന്നെന്നും സമ്മതിക്കുന്നു.
സുരക്ഷാവേലികളടക്കം തകര്‍ത്ത് കരമാര്‍ഗവും അല്ലാതെയും ഹമാസ് നടത്തിയ ആക്രമണം ഇന്റലിജന്‍സിന്റെ പരാജയമാണെന്നായിരുന്നു യു.എസ് മുന്‍ ഡെപ്യൂട്ടി നാഷണല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (മിഡില്‍ഈസ്റ്റ്) ജൊനാഥന്‍ പാനിക്കോഫ് മാധ്യമങ്ങളോട് പറഞ്ഞത്.
‘തീര്‍ച്ചയായും ഇത് വളരെ ഏകോപനത്തോടെ നടത്തിയ ആക്രമണമാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ക്ക് ഞങ്ങളെ തന്ത്രപരമായും നാശനഷ്ടങ്ങള്‍ വരുത്തിയും അമ്പരപ്പിക്കാൻ കഴിഞ്ഞു’ എന്നായിരുന്നു ഇസ്രയേലിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ഇയാല്‍ ഹുലാത്തയുടെ പ്രതികരണം.
ഹമാസ് ഇസ്രയേൽ ബദ്ധശത്രുത പരസ്പരം പുലർത്തുമ്പോഴും 2021-ലെ യുദ്ധത്തിന് ശേഷം സമ്മിശ്രമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. അടിച്ചാല്‍ തിരിച്ചടി അല്ലെങ്കില്‍ സംയമനം എന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയ സമയത്തും ഗാസയില്‍നിന്നുള്ളവര്‍ക്ക് ആയിരക്കണക്കിന് വര്‍ക്ക് പെര്‍മിറ്റുകളാണ് ഇസ്രയേല്‍ അനുവദിച്ചിരുന്നത്. ഇതിലൂടെ ഗാസയില്‍നിന്നുള്ളവര്‍ക്ക് ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും ജോലിചെയ്യാന്‍ അനുമതി ലഭിച്ചു.
കഴിഞ്ഞ 18 മാസമായി വെസ്റ്റ് ബാങ്ക് മേഖലയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായിരുന്നെങ്കിലും ഗാസയില്‍ സ്ഥിതിഗതികള്‍ പൊതുവേ ശാന്തമായിരുന്നു. ഇതിനിടെയാണ് ഹമാസ് ഇസ്രയേലില്‍ കടന്നുകയറിയുള്ള അപ്രതീക്ഷിത ആക്രമണം നടത്തിയത്.
ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേല്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരില്‍ യുദ്ധം പ്രഖ്യാപിച്ച് 20 മിനിറ്റനകം ഗാസ മുനമ്പില്‍ നിന്ന് 5000-ഓളം റോക്കറ്റുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടു.
ഇന്റലിജന്‍സ് സംവിധാനങ്ങളിലെ വീഴ്ചയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഇതേക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഇസ്രയേല്‍ സൈനിക വക്താവിന്റെ പ്രതികരണം. ഇന്റലിജന്‍സ് വീഴ്ചകളെക്കുറിച്ച് ചര്‍ച്ചയുണ്ടാകും. എന്നാല്‍, ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് പോരാട്ടത്തിലാണ്. അതിനെക്കുറിച്ച് സംസാരിക്കേണ്ട സമയമാകുമ്പോള്‍ അക്കാര്യങ്ങളെല്ലാം തങ്ങള്‍ സംസാരിക്കുമെന്നും സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

അയണ്‍ ഡോം എന്ന പ്രതിരോധ കോട്ട തകർത്തു
ഇസ്രയേലിനുനേരെയുള്ള നീക്കങ്ങളില്‍ ഹമാസിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്ന ഒന്നായിരുന്നു അയണ്‍ ഡോം എന്ന അവരുടെ പ്രതിരോധ സംവിധാനം. അയണ്‍ ഡോം സംവിധാനത്തില്‍ ദൗര്‍ബല്യം കണ്ടെത്താന്‍ കുറേ വര്‍ഷങ്ങളായി ഹമാസ് ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത്തവണ ഒരു സാല്‍വോ റോക്കറ്റ് ആക്രമണം (കുറഞ്ഞ സമയത്തിനുള്ളില്‍ അനേകം റോക്കറ്റുകള്‍ വിക്ഷേപണം) ഉപയോഗിച്ച് സിസ്റ്റത്തെ കീഴടക്കാന്‍ ഹമാസിനെ കഴിഞ്ഞു.
ശത്രുവിന്റെ ഹ്രസ്വദൂര റോക്കറ്റുകളെ മിസൈല്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണത്തിലൂടെ തകര്‍ക്കുകയാണ് അയണ്‍ ഡോം ചെയ്യുന്നത്. റോക്കറ്റുകള്‍, മോര്‍ട്ടാറുകള്‍, വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആളില്ലാ വിമാനങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള വ്യോമാക്രമണങ്ങളെ തകര്‍ക്കാന്‍ അയണ്‍ ഡോമിന് കഴിയും.
എന്നാൽ ഒരേസമയം നിരവധി ലക്ഷ്യങ്ങളെ തടസ്സപ്പെടുത്തുന്നത് അയണ്‍ ഡോം സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. ഹമാസ് അവരുടെ തന്ത്രത്തില്‍ വലിയ തോതില്‍ വിജയിച്ചു. 20 മിനിറ്റിനുള്ളില്‍ 5000 റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിനെ ലക്ഷ്യമാക്കി വിക്ഷേപിച്ചത്.
2012-ല്‍ ഹമാസുമായുള്ള സംഘര്‍ഷത്തില്‍ ഗാസയില്‍ നിന്ന് വിക്ഷേപിച്ച 400 റോക്കറ്റുകളില്‍ 85 ശതമാനവും പ്രതിരോധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. 2014-ലെ സംഘര്‍ഷത്തിനിടെ ഹമാസ് 4,500-ലധികം റോക്കറ്റുകള്‍ പല ദിവസങ്ങളിലായി തൊടുത്തുവിട്ടു. ഇതില്‍ 90 ശതമാനവും പ്രതിരോധിക്കാനായെന്നും ഇസ്രയേല്‍ അറിയിച്ചിരുന്നു. 2021-ലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേല്‍ ഏറെ നവീകരിച്ചു. സാല്‍വോ റോക്കറ്റാക്രമണത്തെയും തടയുമെന്ന് അന്ന് അവര്‍ അവകാശപ്പെട്ടിരുന്നു.
ഇതിനിടയിൽ ഹമാസ് അവരുടെ റോക്കറ്റ് സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുമുണ്ട്. ടെല്‍ അവീവിലേക്കും ജറുസലേമിലേക്കും അതിന്റെ പരിധി വര്‍ദ്ധിപ്പിച്ചു.
250-ലേറെ ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 1500-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരൊറ്റദിവസം ഇസ്രയേലില്‍ ഇത്രയേറെ ആള്‍നാശം സംഭവിക്കുന്നത് ആദ്യമാണ്. കഴിഞ്ഞദിവസത്തെ ആക്രമണത്തില്‍ ഇസ്രയേല്‍ സൈന്യത്തിനും വന്‍ നാശനഷ്ടങ്ങളാണ് നേരിടേണ്ടിവന്നത്. ഒട്ടേറെ സൈനികരെ ഹമാസ് തടവിലാക്കിയതും ഇസ്രയേല്‍ സൈന്യത്തെ പ്രതിരോധത്തിലാക്കി.
ഇത് യുദ്ധമാണെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവന. ഇസ്രയേലില്‍നിന്ന് എത്രയുംവേഗം അക്രമികളെ തുരത്താനും അദ്ദേഹം സൈന്യത്തോട് ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ 232 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.