മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേരിട്ട് ഹാജരാകണമെന്ന് കോടതി. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി ഈ മാസം 25-ന് പരിഗണിക്കും. അന്ന് ആറ് പ്രതികളും ഹാജരാകണം. കേസ് നിയമാനുസൃമല്ല. അതിനിൽ ഹാജരാകാൻ കഴിയില്ലെന്ന പ്രതികളുടെ വാദം തള്ളി.
കേസില്‍ വിടുതല്‍ ഹര്‍ജി നല്‍കിയതിനാല്‍ ഹാജരാകേണ്ടതില്ലെന്ന് സുരേന്ദ്രന്റെതടക്കം പ്രതികളുടെ ഏഴ് അഭിഭാഷകര്‍ വാദിച്ചു. പ്രതികള്‍ ഒരിക്കല്‍ പോലും കോടതിയില്‍ ഹാജരായിട്ടില്ലെന്നും കേസ് സംബന്ധമായ രേഖകള്‍ നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തില്‍ പ്രതിഭാഗം അഭിഭാഷകരുടെ വാദം നിലനില്‍ക്കില്ലെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂറും വാദിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസില്‍ പട്ടിക ജാതി- പട്ടികവര്‍ഗ്ഗ അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സുരേന്ദ്രന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായിരുന്ന ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കെ മണികണ്ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികള്‍.
സുന്ദര തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അന്നത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയില്‍ 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നാണ് പ്രതികൾ വാദിച്ചിരുന്നത്. ഹാജരാവാൻ കഴിയില്ലെന്ന വാദം തള്ളയതോടെ തിരിച്ചടിയായി.