ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് പാരഗ്വയെ പരാജയപ്പെടുത്തിയപ്പോൾ പ്രതീക്ഷയായ ബ്രസീല്‍ സമനിലയില്‍ കുരുങ്ങി.
പാരഗ്വായ്‌ക്കെതിരെ അര്‍ജന്റീന പ്രതിരോധതാരം നിക്കോളാസ് ഒട്ടമെന്‍ഡിയാണ് വിജയഗോള്‍ നേടിയത്. മൂന്നാം മിനിറ്റില്‍ തന്നെ വിജയ ഗോൾ പിറന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കിന്റെ പിടിയിലായിരുന്നു. എങ്കിലും 53-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന് പകരം ഗ്രൗണ്ടിലെത്തി.
മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിനെ വെനസ്വേലയാണ് സമനിലയില്‍ തളച്ചത്. ഇപ്പോൾ യോഗ്യതാ പട്ടികയില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റാണ് ടീമിനുള്ളത്. ബ്രസീൽ ഏഴ് പോയിൻ്റുമായി രണ്ടാമതാണ്.

ബ്രസീലിന് എന്തു പറ്റി
മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിനെ വെനസ്വേല സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിൽ പിരിഞ്ഞു. നെയ്മര്‍, കാസെമിറോ, വിനീഷ്യസ് ജൂനിയര്‍, റിച്ചാലിസണ്‍, റോഡ്രിഗോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം കളത്തിലുണ്ടായിരുന്നു. എന്നിട്ടും ബ്രസീൽ പോരാടി തളർന്നു.

50-ാം മിനിറ്റില്‍ ഗബ്രിയേല്‍ മഗല്‍ഹെയ്‌സിലൂടെ ബ്രസീല്‍ ലീഡെടുത്തെങ്കിലും 85-ാം മിനിറ്റില്‍ എഡ്വാര്‍ഡ് ബെല്ലോയിലൂടെ വെനസ്വേല സമനില ഗോള്‍ നേടുകയായിരുന്നു. ഈ സമനിലയോടെ ബ്രസീല്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴുപോയന്റാണ് ടീമിനുള്ളത്.

മറ്റ് മത്സരങ്ങളില്‍ ഉറുഗ്വായിയെ കൊളംബിയ സമനിലയില്‍ തളച്ചപ്പോള്‍ (2-2) ബൊളീവിയയെ ഇക്വഡോര്‍ (2-1) പരാജയപ്പെടുത്തി. പെറുവിനെ ചിലിയും കീഴടക്കി (2-0).