മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പുനത്തില്‍ കുഞ്ഞബ്ദുള്ള മൺമറഞ്ഞിട്ട് ആറു വർഷമാവന്നു. 2017 ഒക്ടോബര്‍ 27-നാണ് പുനത്തില്‍ മരിച്ചത്. അടുത്ത ദിവസം തന്നെ അന്നത്തെ സാംസ്‌കാരിക വകുപ്പുമന്ത്രി എ.കെ. ബാലന്‍, ഒരുകോടിരൂപ ചെലവില്‍ സ്മാരകം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി കണ്ടെത്തിയ ഭൂമിക്കായി നൽകിയ അഡ്വാൻസ് തുക പോലും തിരിച്ച് കൊടുക്കേണ്ടി വന്നു.
സാംസ്‌കാരികവകുപ്പ് പ്രഖ്യാപിച്ച സ്മാരകം ആറു വർഷമായി അവഗണനയിൽ തന്നെ. സ്മാരകത്തിനായി പുനത്തില്‍ സ്മാരക ട്രസ്റ്റ് രൂപീകരിച്ചു. വടകര പാക്കയില്‍ രണ്ടേക്കര്‍ സ്ഥലംവാങ്ങാന്‍ 25 ലക്ഷം രൂപ മുന്‍കൂറായി നല്‍കി.
ബാക്കിത്തുക പക്ഷെ പ്രഖ്യാപനത്തിന് അപ്പുറം പോയില്ല. കാശ് നൽകാൻ സാധിക്കാതെ വന്നതോടെ ഈ തുക ഭൂമി ഉടമകള്‍ ട്രസ്റ്റിന് തിരിച്ചുനല്‍കി. ഇനി പുതിയസ്ഥലം കണ്ടെത്തണം. അതിന് കഴിഞ്ഞിട്ടില്ല. ഒരുകോടി രൂപ സ്മാരകത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതും നടപടിയിൽ കുരുങ്ങി.
മന്ത്രിയുടെ വാഗ്ദാന പ്രകാരം ഡിസംബറില്‍ 18 അംഗ ട്രസ്റ്റ് രൂപവത്കരിച്ചു. പാക്കയില്‍ രണ്ടേക്കര്‍സ്ഥലം കണ്ടെത്തുകയും 2018-ല്‍ മന്ത്രി എ.കെ. ബാലന്‍ സ്ഥലം സന്ദര്‍ശിക്കുകയുംചെയ്തിരുന്നു. ഇത് വാങ്ങാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയത്. സ്ഥലംവാങ്ങാന്‍ രണ്ടുകോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്.
2020-ല്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും സഹകരണസ്ഥാപനങ്ങളില്‍നിന്നും ഫണ്ട് സമാഹരിക്കാന്‍ ട്രസ്റ്റ് ശ്രമംതുടങ്ങി. ഫണ്ട് നല്‍കാമെന്ന് സര്‍ക്കാരും ഉത്തരവിറക്കി.
പക്ഷെ വർഷങ്ങൾ കടന്നു പോയി. പറഞ്ഞസമയത്ത് മുഴുവന്‍ തുകയും കൊടുക്കാന്‍ കഴിയാതെവന്നതോടെ സ്ഥലമുടമകള്‍ ഇടപാടില്‍നിന്ന് പിന്മാറി.

സ്മാരക ശിലകൾ എന്ന നോവലിന് പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയ ആമുഖക്കുറിപ്പിലെ വരികൾ
“പുരാതനമായ പളളിയുടെയും പളളിപ്പറമ്പിന്റെയും കഥ. പറമ്പു നിറഞ്ഞു കിടക്കുന്ന ശ്‌മശാനത്തിന്റെയും കെട്ടുകഥകള്‍ പറയാന്‍ കഴിയുന്ന ശ്‌മശാനവാസികളുടെയും കഥ. ഉയിര്‍ത്തെണീക്കുകയും വീണ്ടും ജീവിക്കുകയും ചെയ്യുന്ന ശ്‌മശാനവാസികള്‍. ‘സ്‌മാരകശിലകളു’ടെ ജീവന്‍ മനുഷ്യരാണ്. സ്‌മാരകശിലകളാവുന്ന അനശ്വരരായ മനുഷ്യര്‍”