ഇന്ത്യയിൽ ജോലിസമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ആക്കണമെന്ന ഇൻഫോസിസ് ചെയർമാൻ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ അഭിപ്രായത്തെ പിന്തുണച്ച് കോർപ്പറേറ്റ് ലോകത്തെ വമ്പൻമാർ. ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ജോലി ചെയ്യുന്നതല്ല ഇന്ത്യയെ പോലെ സത്വരം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിനാവശ്യമെന്ന് വ്യവസായിയും ജെ.എസ്.ഡബ്ല്യൂ. ഗ്രൂപ്പ് ചെയര്‍പേഴ്‌സണുമായ സജ്ജന്‍ ജിന്‍ഡാല്‍ പിന്നാലെ രംഗത്ത് എത്തി.
ആഗോളതലത്തില്‍ മറ്റു രാജ്യങ്ങളുമായി കിടപിടക്കുന്ന തരത്തിലുള്ള വളര്‍ച്ച കൈവരിക്കാന്‍ പ്രവർത്തനസമയം ദീര്‍ഘിപ്പിക്കേണ്ടത് അനിവാര്യമാണെന്നും, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതേ മാതൃക പിന്തുടര്‍ന്ന ജപ്പാനെയും ജര്‍മ്മനിയെയും ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നാരായണ മൂർത്തി ആദ്യം ആവശ്യം ഉന്നയിച്ചത്. കോർപ്പറേറ്റ് ലോകത്തെ ജീവനക്കാരെയാണ് ഇരുവരും ഉന്നം വെച്ചത് എങ്കിലും ഇതിൽ വലിയ ചർച്ചകളും വിമർശനങ്ങളുമാണ് ഉയർന്നു വന്നത്.
ജിൻഡാൽ പറഞ്ഞത്
വികസിത രാജ്യങ്ങളില്‍ ആഴ്ചയില്‍ നാലോ അഞ്ചോ ദിവസം മാത്രം ജോലിയെടുക്കുന്ന തൊഴില്‍സംസ്‌കാരം നിലനില്‍ക്കുന്നത് അവരുടെ മുന്‍ഗാമികള്‍ കൂടുതല്‍ സമയം, കൂടുതല്‍ ഉത്പാദനക്ഷമമായി പണിയെടുത്തതിനാലാണ്. ഇന്ത്യയുടെ ഏറ്റവും പരമപ്രധാനമായ ശക്തി യുവതലമുറയാണ്. അതിനാല്‍ വിശ്രമവേളകളെക്കാള്‍ യുവാക്കള്‍ തൊഴിലിന് പ്രാധാന്യം നല്‍കുക തന്നെ വേണം. നമ്മള്‍ മുന്നേറുന്നതനുസരിച്ച് വിശ്രമത്തിനുള്ള സമയം ലഭിക്കും. 2047-ലെ യുവജനത നമ്മുടെ അധ്വാനത്തിന്റെ ഫലമാകും അനുഭവിക്കുക.
നാരായണ മൂർത്തി നേരത്തെ തുടങ്ങി
2020-ലും എന്‍.ആര്‍. നാരായണമൂര്‍ത്തി സമാനമായ ആശയം മുന്നോട്ടുവച്ചിരുന്നു. കോവിഡാനന്തരം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കാനായി ആഴ്ചയില്‍ അറുപത് മണിക്കൂര്‍ എന്ന കണക്കില്‍ അടുത്ത മൂന്നുവര്‍ഷമെങ്കിലും പണിയെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ നിര്‍ദേശത്തെ പിന്താങ്ങി ഒല സിഇഒ ഭവിഷ് അഗര്‍വാളും രംഗത്തെത്തിയിരുന്നു. കൂടുതല്‍ മണിക്കൂറുകള്‍ പണിയെടുക്കുന്ന തലമുറയെ വാര്‍ത്തെടുക്കേണ്ട സമയമടുത്തു എന്നാണ് ഭവിഷ് അഗര്‍വാള്‍ എക്‌സില്‍ കുറിച്ചത്.
പ്രതികരണങ്ങളിൽ
70 മണിക്കൂര്‍ ജോലി സമയം ആക്കുമ്പോള്‍ ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യുന്ന ഒരാള്‍ക്ക് 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരും.
‘ഒരു ദിവസമെന്നാല്‍ 24 മണിക്കൂര്‍
നിങ്ങള്‍ ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യുന്ന ആള്‍ ആണെങ്കില്‍ 12 മണിക്കൂര്‍ ജോലിക്ക്,
8 മണിക്കൂര്‍ ഉറക്കത്തിന്
ബാക്കിയുള്ളത് 4 മണിക്കൂര്‍
ബെംഗളൂരു പോലുള്ള നഗരത്തില്‍ റോഡ് ബ്ലോക്കില്‍ 2 മണിക്കൂര്‍
പിന്നെയുള്ളത് രണ്ട് മണിക്കൂര്‍- പല്ല് തേക്കല്‍, പ്രാഥമിക കാര്യങ്ങള്‍, കുളി, ഭക്ഷണം…പിന്നെ,
സോഷ്യലൈസ് ചെയ്യാന്‍ സമയമില്ല
കുടുംബത്തോടൊപ്പം ചെലവിടാന്‍ സമയമില്ല
വ്യായാമം ചെയ്യാന്‍ സമയമില്ല,
വിനോദത്തിന് സമയമില്ല,
ജോലി സമയത്തിന് ശേഷവും ഇമെയിലുകള്‍ക്കും കോളുകള്‍ക്കും ഇളവില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.
യുവാക്കള്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുക?!’
എക്സിൽ വന്ന ഒരു പ്രതികരണം ഇങ്ങനെയായിരുന്നു.