കളമശ്ശേരി യഹോവസാക്ഷികളുടെ സമ്മേളനത്തില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഐ.ഇ.ഡിയില്‍ (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച ബാറ്ററിയുടെ ഭാഗമാണ് കണ്ടെത്തിയത്. ഒന്നില്‍ കൂടുതല്‍ ബാറ്ററി അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
സംഭവസ്ഥലത്തുനിന്നും ഒരു നീല മാരുതി സുസുകി ബലേനോ കാര്‍ പുറത്തേക്ക് പോയിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കയാണ്. കാറിലുണ്ടായിരുന്നവരാണോ പിന്നിൽ എന്ന വിവരങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
സ്ഫോടനം നടത്തിയത് ഐഇഡി ഡിവൈസ് ഉപയോഗിച്ച്
ഒരു ഐഇഡി ഡിവൈസ് ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. കളമശേരി സ്‌ഫോടന പ്രത്യേക സംഘം അന്വേഷിക്കും. എഡിജിപി എം ആര്‍ അജിത്കുമാറാണ് സംഘത്തെ നയിക്കുക. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അക്ബര്‍, ആന്റി ടെററസിസ്റ്റ് സ്‌ക്വാഡ് മേധാവി , രണ്ട് ഡിഐജിമാരും സംഘത്തിലുണ്ട്.
രണ്ടുതരത്തതിലുള്ള സ്‌ഫോടനമാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. വിദൂരനിയന്ത്രിക സ്‌ഫോടനക വസ്തുക്കള്‍ ഉപയോഗിച്ചോ ടൈമര്‍ നിയന്ത്രിത സ്‌ഫോടന വസ്തു ഉപയോഗിച്ചോ ആവാം ആക്രമണം ഉണ്ടായത്. കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്ന് സ്‌ഫോടനം ഉണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
ജില്ല അതിർത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി.
മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.
പൊട്ടിത്തെറിയിൽ 35 പേർക്ക് പരുക്കേറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 35 പേരെയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. പൊട്ടിത്തെറിയിൽ മരിച്ച സ്ത്രീയെ തിരിച്ചറഞ്ഞിട്ടില്ല.