Tuesday, August 19, 2025

രാത്രിയിൽ ആർക്കാണ് ഫോൺ ചെയ്യുന്നത് ? എത്തിക്സ് കമ്മിറ്റിയുടെ ചോദ്യങ്ങൾ റൂട്ട് മാറി, മഹുവ മൊയ്ത്ര ഇറങ്ങി പോയി

അദാനിക്കെതിരെ ചോദ്യം ചോദിയ്ക്കാൻ തൃണമൂൽ എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിൽ ഹിയറിങ് നടത്തുന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്നും നേതാക്കൾ ഇറങ്ങിപ്പോയി. മഹുവ മൊയ്ത്ര, ബി.എസ്.പി എംപി ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ എംപിമാരാണ് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിയത്.

വ്യക്തിപരമായ ചോദ്യങ്ങൾ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ ഉയർന്നതിലാണ് എംപിമാരുടെ പ്രതിഷേധം. ആൺ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കുന്നതിനെ കുറിച്ചായിരുന്നു ഒരു ചോദ്യം. കൂടാതെ രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് മഹുവ മൊയ്ത്ര വ്യക്തമാക്കി.

ആരോപണം തെളിയിക്കാൻ എത്തിക്സ് കമ്മിറ്റി

ചോദ്യം ചോദിയ്ക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ താൻ നിരപരാധിയാണെന്ന് മഹുവ എത്തിക്സ് പാനൽ കമ്മിറ്റിയെ അറിയിച്ചു. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയുമായുള്ള വ്യക്തിബന്ധം തകർന്നതിന് പിന്നാലെയുണ്ടായ വിദ്വേഷത്തിന്റെ പേരിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് മഹുവ എത്തിക്സ് കമ്മിറ്റിയെ അറിയിച്ചിട്ടുള്ളത്. കോൺഗ്രസ് എംപി എൻ ഉത്തം കുമാർ റെഡ്ഡി, ബിഎസ്പിയുടെ ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ എംപിമാർ മഹുവക്ക് പിന്തുണ പ്രഖ്യാപിച്ചു.

മഹുവ മൊയ്‌ത്രയോടുള്ള ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സന്റെ ചോദ്യങ്ങൾ മാന്യതയില്ലാത്തതും അധാർമികവുമാണെന്ന് കോൺഗ്രസ് എംപി എൻ ഉത്തം കുമാർ റെഡ്ഡി ആരോപിച്ചു. പ്രതിപക്ഷ നേതാക്കൾ ഇറങ്ങിയിട്ടും എത്തിക്‌സ് കമ്മിറ്റി ചർച്ചകൾ തുടർന്നു.

ചോദ്യം തയാറാക്കാൻ നൽകിയത് വിനയായി

ലോക്‌സഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ മഹുവ സമർപ്പിച്ച മൊഴിയുടെ വലിയൊരു ഭാഗം ദേഹാദ്രായിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ദേഹാദ്രായിയുടെ ആരോപണങ്ങൾ ഉദ്ധരിച്ച് ബിജെപി എംപി നിഷികാന്ത് ദുബെയാണ് മഹുവക്കെതിരെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകിയത്. പിന്നാലെയാണ് വിഷയം എത്തിക്സ് പാനൽ കമ്മിറ്റിക്ക് വിട്ടത്.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാർലമെന്ററി ലോഗിൻ ഐഡി പങ്കുവെച്ചെന്നുമുള്ള പരാതികളാണ് കമ്മിറ്റി നിലവിൽ അന്വേഷിക്കുന്നത്. ഇതിൽ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം സമ്മതിച്ച് മഹുവ മൊയ്ത്ര നേരത്തെ രംഗത്തെത്തിയിരുന്നു. പാർലമെൻറ് ഇ-മെയിൽ വിവരങ്ങൾ കൈമാറിയിട്ടുള്ളതായും ലോഗിൻ, പാസ് വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു.

‘എത്തിക്സ് കമ്മിറ്റി ചെയര്‍മാന്റെ ചോദ്യങ്ങളുടെ ഓരോ വരിയും ആരുടേയോ നിര്‍ദേശം പ്രകാരം പ്രവര്‍ത്തിക്കുന്ന തരത്തിലുള്ളതായിരുന്നു. ഇത് വളരെ മോശമാണ്. നിങ്ങള്‍ എങ്ങോട്ടാണ് യാത്ര ചെയ്തത്?, എവിടെ വെച്ചാണ് നിങ്ങള്‍ കണ്ടുമുട്ടുന്നത്?, നിങ്ങളുടെ ഫോണ്‍രേഖകള്‍ ഞങ്ങള്‍ക്ക് കൈമാറുമോ? എന്നൊക്കെയാണ് മഹുവയോട് ചോദിക്കുന്നത്’ കോണ്‍ഗ്രസ് എംപി ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞു.

മഹുവയ്ക്ക് മാത്രം എത്തിക്സ്

വലിയ ചർച്ചകൾക്ക് വഴിവച്ച ഈ വിവാദം കൈകാര്യം ചെയ്ത രീതിയിൽ ചില പിശകുകൾ ഉണ്ടെന്ന് പല പാർലമെന്ററികാര്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ചോദ്യം ചോദിക്കുന്നതിനായി കോഴ വാങ്ങിയ പരാതികൾ നേരത്തെ ഉയർന്നപ്പോഴെല്ലാം പ്രിവിലേജ് കമ്മിറ്റിയോ പ്രത്യേക പാർലമെന്റ് സമിതികളോ ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. എന്നാൽ മഹുവ മൊയ്ത്രയുടെ കാര്യത്തിൽ മാത്രം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് ശരിയല്ലെന്നും അഭിപ്രായങ്ങളുണ്ട്.

തന്റെ ബിസിനസ് താത്പര്യങ്ങൾക്ക് വേണ്ടി ചില ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കാൻ വ്യവസായിയായ ദർശൻ ഹിരനന്ദാനി മഹുവ മൊയ്ത്രയ്ക്ക് കോഴ നൽകിയെന്നായിരുന്നു പരാതി. ദുബെയുടെ പരാതി ലഭിച്ച സ്പീക്കർ ഓം ബിർള വിശദമായ പരിശോധനയ്ക്കായി എത്തിക്സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന പരാതികളിൽ സാധാരണയായി പരിശോധന നടത്തുക പാർലമെന്റിന്റെ പ്രിവിലേജ് കമ്മിറ്റികളോ പ്രത്യേക സമിതികളോ ആണ്. അന്വേഷണങ്ങൾക്ക് ശേഷം പ്രസ്തുത എം പിക്കെതിരെ നടപടിയെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ശുപാർശ നൽകുകയും കണ്ടെത്തലുകൾ അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നത് ഇത്തരം കമ്മിറ്റികളാണ്. പാർലമെന്റിലെ പ്രവർത്തനങ്ങൾക്ക് നിയമവിരുദ്ധമായി സമ്മാനങ്ങളോ പണമോ സ്വീകരിച്ചതായി തെളിയിക്കപ്പെട്ടാൽ എംപിയെ സഭയിൽനിന്ന് പുറത്താക്കാൻ വരെ സാധ്യതയുണ്ട്.

നിയമം പഴയത്, കീഴ്വഴക്കവും

സഭയിൽ ചോദ്യമുന്നയിക്കാൻ കൈക്കൂലി വാങ്ങിയതായി ആദ്യം പരാതി ഉയരുന്നത് 1951ലാണ്. അന്നത്തെ പ്രൊവിഷണൽ പാർലമെന്റ് അംഗമായിരുന്ന എച്ച്. ജി മുഗ്ദലിനെതിരെ ഉയർന്ന പരാതിയിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് പ്രത്യേക പാർലമെന്റ് കമ്മിറ്റി കണ്ടെത്തുകയും അദ്ദേഹത്തെ പുറത്താക്കാൻ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. നടപടിയെടുക്കും മുൻപ് അദ്ദേഹം രാജിവയ്ക്കുകയും ചെയ്തിരുന്നു. 2005ൽ ഒരു സ്വകാര്യ ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ, ലോക്‌സഭയിലെ 10 അംഗങ്ങൾ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പണം സ്വീകരിച്ചതായി തെളിഞ്ഞിരുന്നു. തുടർന്ന് അന്വേഷണത്തിന് ഒരു പ്രത്യേക സമിതിയെ നിയമിക്കുകയും എംപിമാർ കുറ്റക്കാരാണെന്ന് കണ്ടെത്തി എല്ലാവരെയും പുറത്താക്കുകയും ചെയ്തിരുന്നു.

രണ്ടായിരത്തിലാണ് എത്തിക്സ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നത്. എം പിമാരുടെ ഭാഗത്തുനിന്ന് അധാർമിക പ്രവർത്തനങ്ങൾ ഉണ്ടായതായി പരാതികൾ ഉയരുമ്പോൾ അവ അന്വേഷിക്കാനും ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുകയുമായിരുന്നു കമ്മിറ്റിയുടെ ചുമതല. കൂടാതെ എം പിമാർക്കുള്ള പെരുമാറ്റ ചട്ടങ്ങൾ രൂപീകരിക്കാനുള്ള ചുമതലയും എത്തിക്സ് കമ്മിറ്റിക്കായിരുന്നു. മഹുവ മൊയ്‌ത്രയ്ക്കെതിരെ ഉയർന്നിരിക്കുന്നത് കൈക്കൂലി ആരോപണമായതുകൊണ്ട് തന്നെ, വിഷയം പ്രത്യേകാവകാശ ലംഘനത്തിന്റെ പരിധിയിലാകും വരിക. അതുകൊണ്ട് തന്നെ അവ കൈകാര്യം ചെയ്യാൻ എത്തിക്‌സ് കമ്മിറ്റിക്ക് സാധിക്കില്ല.

തീപ്പൊരു ചോദ്യങ്ങൾ വരുന്ന വഴിയും

മഹുവ മൊയ്ത്ര തന്റെ പാർലമെന്ററി അക്കൗണ്ടിന്റെ പാസ്സ്‌വേർഡും ലോഗിൻ വിവരങ്ങളും മറ്റൊരാളുമായി പങ്കിട്ടതാണ് ദുബെയുടെ പരാതിയിൽ ഉന്നയിക്കപ്പെടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. വാസ്തവത്തിൽ സഭയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങൾ സ്വയം തയ്യാറാക്കി തങ്ങളുടെ അക്കൗണ്ടിൽ ചേർക്കുന്ന പതിവ് എം പിമാർക്കില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ ആയിരുന്ന പി ഡി ടി ആചാരി പറയുന്നു.

എം പിമാർക്ക് അതിനാവശ്യമായ സമയമില്ലാത്തതിനാൽ അവർ പേർസണൽ അസ്സിസ്റ്റന്റുമാരുടെ സഹായം അതിനായി തേടാറുണ്ട്. കൂടാതെ ചോദ്യങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ചട്ടക്കൂടുകളും ലോക്സഭാ തയാറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പാർലമെന്ററി കാര്യങ്ങൾക്കായി മറ്റൊരാളുടെ സഹായം തേടാൻ എംപിമാർക്ക് സ്വാതന്ത്ര്യമുണ്ട്. ഒപ്പം പാർലമെന്ററി പ്രവർത്തനങ്ങൾ നടത്താൻ തനിക്ക് എവിടെ നിന്നാണ് വിവരങ്ങൾ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തേണ്ട ബാധ്യതയും അവർക്കില്ല. അതിനാൽ മഹുവയുടെ ചോദ്യങ്ങളുടെ സ്രോതസിലേക്കുള്ള അന്വേഷണം നിയമപരമായി നിലനിൽക്കുമോ എന്നതും തർക്കമാണ്.

അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും താറടിക്കുക ലക്ഷ്യമിട്ട് വ്യവസായിക്ക് വേണ്ടി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എംപി കൈക്കൂലി വാങ്ങിയെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് ചോദ്യങ്ങള്‍ ചോദിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച സുപ്രീം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയെ കഴിഞ്ഞ മാസം സദാചാര സമിതി വിസ്തരിച്ചിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....