പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് സിപിഎമ്മിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.എം.എ സലാം. ഇടതുമുന്നണി രാഷ്ട്രീയവുമായോ കേരളത്തിലെ തിരഞ്ഞെടുപ്പുമായോ ബന്ധപ്പെട്ട വിഷയമല്ല മറിച്ച് മനസാക്ഷിയുള്ള മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന കാര്യമാണിത്. ക്ഷണം സ്വീകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നാളെ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്‌നമല്ല. ഒരു ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കൊല ചെയ്യുന്ന ഇസ്രയേലില്‍ പോലും ഇതിനെതിരേ പ്രകടനം നടക്കുന്നുണ്ട്. ലോകമനസാക്ഷിയുടെ കൂടെ ഞങ്ങളും നില്‍ക്കുകയാണ്’, വ്യക്തമാക്കി.
കോൺഗ്രസിൻ്റെ കാര്യം അവർ തീരുമാനിക്കണം, ഉന്നത സ്ഥാനത്തിരിക്കുന്നവർ വാക്കുകൾ സൂക്ഷിക്കണം
പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എന്തുകൊണ്ടു പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലെന്ന് അവര്‍തന്നെ പറയണമെന്നും അദ്ദേഹം പ്രതികരിച്ചു.
കെ. സുധാകരനെ പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്ന് സുധാകരന്‍റെ ‘പട്ടി’ പരാമർശം സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി പി.എം.എ സലാം പറഞ്ഞു. സുധാകരൻ ഏത് സാഹചര്യത്തിലാണ് ഇത് പറഞ്ഞതെന്ന് യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിന്റെ പലസ്തീന്‍ സെമിനാറിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന ഇ.ടി മുഹമ്മദിന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായാണ് കെ. സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. അടുത്ത ജന്മത്തില്‍ പട്ടിയാകുമെന്നുകരുതി ഇപ്പോഴേ കുരയ്ക്കണോ എന്നായിരുന്ന സുധാകരന്റെ ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്.
അതേസമയം, മുസ്‍ലിം ലീഗ് യു.ഡി.എഫിന്‍റെ ഭാഗമാണെന്ന് കെ. സുധാകരൻ പറയേണ്ട കാര്യമില്ലെന്ന് എം.കെ മുനീർ പറഞ്ഞു. എല്ലാവരും കൂട്ടായാണ് യു.ഡി.എഫിൽ തീരുമാനങ്ങൾ എടുക്കാറുള്ളത്. ലീഗ് എന്നും യു.ഡി.എഫിന്‍റെ ഭാഗമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും എം.കെ മുനീർ വ്യക്തമാക്കി. സി.പി.എം നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ഈ വിഷയത്തിൽ ആലോചിച്ച് അന്തിമ തീരുമാനം സ്വീകരിക്കുമെന്ന് മുനീർ പറഞ്ഞു.