എതിരാളികളെ തെരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുന്ന നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ എന്ന് സി.പി.എം മുതിർന്ന നേതാവ് എം എം ലോറൻസ്. അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുന്ന ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥയിലാണ് എം എം ലോറൻസ് വിവാദ വിലയിരുത്തലുകൾ പങ്കുവെക്കുന്നത്. പിണറായി വിജയനും വി എസ് അച്യുതാനന്ദനും മലപ്പുറം സമ്മേളനം വരെ ഇതേ വിഭാഗീയ ഒന്നിച്ച് പ്രയോഗിച്ചതായും പറയുന്നു.
പച്ചക്കുതിര എന്ന മാസികയിലൂടെ പുറത്തുവന്ന ആത്മകഥാ ഭാഗങ്ങളാണ് പുസ്തക രൂപത്തിൽ ഇറങ്ങുന്നത്.
കോഴിക്കോട് സമ്മേളനം മുതൽ പിണറായി വിജയനും വിഎസും ഒരുമിച്ചായിരുന്നു. അവർ കൃത്യമായ പ്ലാനിങ്ങോടെ ഒരു വിഭാഗത്തെ ഒഴിവാക്കാൻ ശ്രമിച്ചു . മലപ്പുറം സമ്മേളനത്തിലാണ് ആ ബന്ധം അവസാനിച്ചത് എന്നും ലോറൻസ് ആത്മകഥയിൽ പറയുന്നുണ്ട്.
ആലപ്പുഴ സമ്മേളനത്തിൽ വിഎസ് പികെ ചന്ദ്രാനന്ദനെതിരെ തിരിഞ്ഞപ്പോൾ മറുപടി നൽകേണ്ടി വന്നു. പാലക്കാട് സമ്മേളനത്തിൽ 16 പേരെ കരുതിക്കൂട്ടി തോൽപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് 11 പേരെ ഒഴിവാക്കിയെന്നും ലോറൻസ് പറയുന്നു.
വി എസ് അച്യുതാനന്ദനും എം എം ലോറൻസും തമ്മിലുള്ള വൈര്യം കേരള രാഷ്ട്രീയത്തിലെ വലിയ ചർച്ചയായിരുന്നു. 1996ലെ മാരാരികുളത്തെ തോൽവിക്ക് ശേഷമാണ് വി.എസ് അച്യുതാനന്ദനും എം.എം ലോറൻസ് അടങ്ങുന്ന സി.ഐ.ടി.യു വിഭാഗവും തമ്മിൽ വലിയ രീതിയിൽ തർക്കം രുപപ്പെടുന്നത്.
1998 പാലക്കാട് സമ്മേളനത്തിൽ വി.എസ്സിന്റെ വിഖ്യാതമായ ‘വെട്ടിനിരത്തൽ’ ഉണ്ടാവുകയും ചെയ്തത്. എം.എം ലോറൻസ് അടക്കം 16 പേരെയാണ് സംസ്ഥാന കമ്മറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പിൽ വി.എസ് വെട്ടിനിരത്തിയത്. ആത്മ കഥയിൽ എം.എം ലോറൻസ് ഇതിൻ്റെ തുടർച്ച ചർച്ച ചെയ്യുന്നു.

വിഭാഗീയതയുടെ തുടക്കം വ്യക്തി പ്രഭാവ പരിപോഷണ ഗ്രൂപ്പുകളിൽ
പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് തുടക്കം കുറിച്ചത് എറണാകുളത്തുനിന്നാണെന്ന് എം.എം. ലോറന്‍സ് വിലയിരുത്തുന്നു. തനിക്കുശേഷം ജില്ലാ സെക്രട്ടറിയായ എ.പി. വര്‍ക്കിയെ അക്കാലത്ത് വി.എസ്. അച്യുതാനന്ദന്‍ വിഭാഗീയത ഉണ്ടാക്കാന്‍ ഉപയോഗിക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന മറ്റു ചിലരേയും അച്യുതാനന്ദന്‍ ഇതിനായി ഉപയോഗിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
വ്യക്തിപ്രഭാവം വര്‍ധിപ്പിക്കാന്‍ വി.എസ്. പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ നിയോഗിച്ചു. ഇവരില്‍ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റി. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇ.കെ. നായനാര്‍ ഇക്കാരം തുറന്നു പറഞ്ഞിരുന്നു. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ വിഭാഗീയ പ്രവര്‍ത്തനങ്ങളായിരുന്നു. ഇത് ആദർശ പ്രവർത്തനമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഒട്ടനവധി ചെറുപ്പക്കാരായ സഖാക്കള്‍ ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി.
കോഴിക്കോട് സമ്മേളനത്തിനുശേഷം തനിക്ക് എതിരെന്നു തോന്നുന്നവരെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാനുള്ള കരുക്കള്‍ അച്യുതാനന്ദന്‍ നീക്കി. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന എ.പി. കുര്യനെ കാണുന്നത് തന്നെ വി.എസിന് കലിയായിരുന്നു. എ.പി. കുര്യന്റെ അനുശോചന യോഗത്തില്‍ കഷണ്ടിക്കും കാന്‍സറിനും മരുന്നില്ലെന്ന് ഒരു സന്ദര്‍ഭവും കൂടാതെ വി.എസ്. പറഞ്ഞു. കൊല്ലം സമ്മേളനത്തില്‍ ‘കള്ളവോട്ടുകളി’ വി.എന്‍. വാസവന്‍ കണ്ടതുകൊണ്ടുമാത്രമാണ് താന്‍ ഒരു വോട്ടിന് രക്ഷപ്പെട്ടതെന്നും ആത്മകഥയില്‍ പറയുന്നു.
ഇ എം എസിനെതിരെയും
1991-ലെ സമ്മേളനത്തിനു മുമ്പ് തന്നെ ആരോഗ്യകാരണങ്ങളാല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ്. തിരുവനന്തപുരത്ത് താമസമാക്കിയിരുന്നു. എഴുത്തും വായനയും പ്രസംഗവുമായി കഴിഞ്ഞ ഇ.എം.എസിന്റെ കേരള രാഷ്ട്രീയത്തിലേയും സാംസ്‌കാരിക മേഖലയിലേയും സാന്നിധ്യം സംസ്ഥാന സെക്രട്ടറിയായിരുന്നു വി.എസിന് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. അത് പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും പ്രവൃത്തിയില്‍ പ്രതിഫലിച്ചിരുന്നുവെന്ന് ലോറന്‍സ് വിലയിരുത്തുന്നു.
ഇടത് മുന്നണിയിൽ അഖിലേന്ത്യാ ലീഗിനെയും കേരള കോൺഗ്രസിലെ ഒരു വിഭാഗത്തെയും എടുക്കുന്നതിനെ അനുകൂലിച്ച് ഇ.എം.എസ് എഴുതിയിരുന്നു. തുടർന്ന് ഇ.എം.എസ്. പാർട്ടി താല്പര്യത്തിനെതിരായി ലേഖനം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതായി വി.എസ്. കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ലോറൻസ് പറയുന്നു.

ഉപജാപകവൃന്ദങ്ങൾ വളർന്നും പാർട്ടി തളർന്നും
പാര്‍ട്ടിയെ കെട്ടിപ്പടുത്തത് ഒന്നോ രണ്ടോ പേര്‍ മാത്രമല്ല. നൂറുകണക്കിന് സഖാക്കള്‍ ജീവനും ജീവിതവും കുടുംബവും നഷ്ടപ്പെടുത്തിയാണ് കെട്ടിപ്പടുത്തത്. അങ്ങനെ അല്ലാത്ത ഏതുവലിയിരുത്തലും പ്രചാരണവും ശരിയല്ല. 1998-ല്‍ ഡല്‍ഹിയില്‍ നടന്ന കേന്ദ്രകമ്മിറ്റിയില്‍ തന്നെ ഒഴിവാക്കാനുള്ള തീരുമാനത്തിന് അനുകൂലമായി വോട്ടുചെയ്യാന്‍ അര്‍ബുദ രോഗബാധിതനായ അന്നത്തെ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദനെ ഡല്‍ഹിയില്‍ കൊണ്ടുപോകാന്‍ വി.എസ്. നിര്‍ബന്ധിച്ചു. പാര്‍ട്ടിയില്‍ എന്ന് നേതാക്കള്‍ക്കെല്ലാം ഉപജാപകവൃന്ദങ്ങള്‍ ഉണ്ടായോ അന്നുമുതല്‍ ഗ്രൂപ്പുകളും തുടര്‍ന്ന് വിഭാഗീയതയുമുണ്ടായി.
മാരാരിക്കുളത്ത് തോറ്റപ്പോൾ പാർട്ടി സ്ഥാനം മുറുക്കി
കോഴിക്കോട് നടന്ന പാർട്ടി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ആയിരുന്ന വി.എസ്. അച്യുതാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പകരം നായനാരെ ചുമതലപ്പെടുത്തണമെന്നും അഭിപ്രായം ഉണ്ടായി. നായനാർ ജയിക്കുമെന്ന് കണ്ടപ്പോൾ സംഘടനാ നേതൃത്വത്തിലുള്ളവർ ഭരണത്തിലേക്കും ഭരണത്തിലുള്ളവർ തിരിച്ചും മാറുക എന്ന ആശയം എസ്. രാമചന്ദ്രൻപിള്ള മുന്നോട്ട് വച്ചുവെന്ന് ലോറൻസ് ആത്മകഥയിൽ പറയുന്നു.
എന്നാൽ മാരാരിക്കുളത്ത് ജയിക്കാമെന്നുള്ള പ്രതീക്ഷകൾക്ക് വിരുദ്ധമായി പരാജയപ്പെട്ട വി.എസ്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറായില്ലെന്നും നായനാർ ഇതിനെതിരെ രംഗത്ത് വന്നെന്നും ലോറൻസ് പറയുന്നുണ്ട്.
സമാപന സമ്മേളനത്തിൽ നായനാരെ സംസ്ഥാന സെക്രട്ടറിയാക്കാൻ തീരുമാനമായി. കോഴിക്കോട് സമ്മേളനത്തിന് ശേഷം തനിക്കെതിരെന്ന് തോന്നുന്നവരെ തെരെഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാനുള്ള കരുക്കൾ നീക്കുന്നതിലേക്ക് അച്യുതാനന്ദൻ നീങ്ങിയെന്നും ലോറൻസ് പറയുന്നു. ആത്മകഥയിലെ വിഭാഗീയത എന്ന അധ്യത്തിലാണ് ഇക്കാര്യങ്ങൾ വിവരിക്കുന്നത്.