രക്തസ്രാവത്തോടുകൂടിയ ചുമയെ തുടര്‍ന്നാണ് അപകടകരമായ ആരോഗ്യസ്ഥിതിയില്‍ കുട്ടിയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റേഡിയോളജി പരിശോധനയില്‍ നാല് സെന്റീമീറ്റര്‍ നീളമുള്ള തയ്യല്‍ സൂചി ഇടതുശ്വാസകോശത്തില്‍ തറച്ചിട്ടുള്ളതായി കണ്ടെത്തിയെന്ന് ശിശുരോഗ വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. വിഷേഷ് ജെയ്ന്‍ പി.ടി.ഐയോട് പറഞ്ഞു.
ഡല്‍ഹി എയിംസില്‍ എത്തിയ ഏഴുവയസുകാരന്റെ ശ്വാസകോശത്തില്‍ തറച്ച സൂചി ആധുനിക ചികിത്സാ മുറകൾ ഉപയോഗിച്ച് പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. സൂചി ശ്വാസകോശത്തില്‍ വളരെ ആഴത്തില്‍ തറച്ചിരുന്നതിനാല്‍ പരമ്പരാഗത ചികിത്സാ രീതികള്‍ ഫലപ്രദമല്ലെന്ന് മനസ്സിലായി.
സൂചി സുരക്ഷിതമായി വേര്‍തിരിച്ചെടുക്കുന്നതിന് നൂതന രീതി അവലംബിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഡോ. ദേവേന്ദ്ര യാദവ് പറഞ്ഞു. തുടര്‍ന്ന് കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്യാമെന്ന ധാരണയിലെത്തി. കാന്തത്തെ സുരക്ഷിതമായി സൂചിയുടെ സ്ഥാനത്ത് എത്തിക്കാൻ പ്രത്യേക ഉപകരണം നിര്‍മ്മിച്ചെടുത്തു. 4mm വീതിയും 1.5 mm കനവുമുള്ള കാന്തമാണ് ഉപയോഗിച്ചത്.
ശ്വാസനാളത്തിന്റെ എന്‍ഡോസ്‌കോപ്പി ഉപയോഗിച്ച് ശ്വാസകോശത്തിനുള്ളിലെ സൂചിയുടെ സ്ഥാനം വിലയിരുത്തി. സൂചിയുടെ അഗ്രം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. കാന്തം സ്ഥാപിച്ച ഉപകരണം കടത്തിവിട്ടു. സൂചി കാന്തിക ശക്തിയോട് പ്രതികരിക്കുകയും ഉയര്‍ന്നുവരുകയും ചെയ്തു. വിജയകരമായി സൂചി വേര്‍തിരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ ഉള്ളില്‍ സൂചി എങ്ങനെയെത്തിയെന്ന് കുടുംബത്തിന് വ്യക്തമല്ലെന്നും എയിംസ് അധികൃതര്‍ പറഞ്ഞു.