പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രതി ചേർക്കപ്പെട്ട അലൻ ഷുഹൈബിനെ അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ എറണാകുളത്തെ ഇടത്തറയിലുള്ള ഫ്‌ളാറ്റിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം.
അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ. കേസില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് സംഭവം.

ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസ് നൽകുന്ന വിവരം. 30-ലധികം ഉറക്കഗുളിക അലൻ കഴിച്ചതായും പോലീസ് പറയുന്നു. അവശനിലയിലായിരുന്നാൽ അലന്റെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. ആത്മഹത്യ ശ്രമം സംബന്ധിച്ച് അലൻ സുഹൃത്തുക്കൾക്ക് കത്തയച്ചതായും വിവരമുണ്ട്.
ഈ സിസ്റ്റമാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് അലൻ കത്തിൽ സൂചിപ്പിച്ചിരുന്നു. കേസിന്റെ വിചാരണ നീണ്ടുപോയാല്‍ അത് പഠനത്തെ ബാധിക്കുമെന്ന ആശങ്ക അലന് ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി.
പന്തീരാങ്കാവ് യു.എ.പി.എ കേസിൽ നിലവിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിയാണ് അലൻ ഷുഹെെബ്. കോഴിക്കോട് സ്വദേശിയാണ്. എറണാകുളത്ത് ബന്ധുവിൻ്റെ ഫ്ലാറ്റിലായിരുന്നു താമസം.
പിന്നാലെ കൂടി പൊലീസ്
കേസിനിടെ കഴിഞ്ഞ വർഷം വീണ്ടും റാഗിങ് ആരോപിച്ചുള്ള പരാതിയിൽ അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാലയാട് ക്യാമ്പസിൽ ഒന്നാം വർഷ വിദ്യാർഥിയായ എസ് എഫ് ഐ പ്രവർത്തകനെ റാഗ് ചെയ്തെന്ന പരാതിയിലാണ് അലനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തത്. അലനെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് പൊലീസ് വിശദീകരിച്ചത്
എസ്എഫ്ഐക്കാരുടെ റാഗിങ്ങിനെതിരെ നിലപാടെടുത്തതാണ് കാരണം. തന്നെയും കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ബദറുവിനെയും മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർഥി നിഷാദ് ഊരാതൊടിയെയും അകാരണമായി എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് അലൻ അന്ന് ആരോപിച്ചു.
യുഎപിഎ കേസിൽ അറസ്റ്റിലായി തടവിൽ കഴിഞ്ഞ അലൻ ഷുഹൈബ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഈ കേസിൽ അലന്‍ ഷുഹൈബ് 300-ലധികം ദിവസമാണ് ജയിലില്‍ കിടന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലനെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് യുഎപിഎ ചുമത്തിയത്. എന്നാൽ പിന്നീട് മാവോയിസ്റ്റ് ബന്ധമില്ലെന്ന് പറഞ്ഞ് എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം റദ്ദാക്കാനുള്ള ആവശ്യം കോടതി തള്ളിയിട്ടും
ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന അവശ്യവുമായി എൻ.ഐ.എ സംഘം ഈ വർഷം ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചത്. എന്നാൽ കേസിലെ പ്രതികളായ അലൻ ഷുഹൈബിന്‍റെയും താഹാ ഫസലിന്‍റെയും ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഈ ഘട്ടത്തിൽ പരിഗണിക്കാൻ സാധിക്കില്ലെന്നും എൻ.ഐ.എ സമർപ്പിച്ച തെളിവുകൾ അപ്രാപ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
തീവ്രവാദ ബന്ധമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഷെയർ ചെയ്യുന്നു, പാലയാട് ലീഗൽ സ്റ്റഡി സെന്‍റർ കാമ്പസിലെ എസ്.എഫ്.ഐയുമായുള്ള സംഘർഷം, ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ അലനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എൻ.ഐ.എ കോടതിയിൽ ഉന്നയിച്ചിരുന്നത്.
ഫേസ്ബുക്ക് പോസ്റ്റുകൾ അലൻ ഷെയർ ചെയ്യുന്നത് അനുചിതമാണെന്ന് സമമതിച്ച കോടതി അലൻ നേരിട്ട് പോസ്റ്റുകൾ എഴുതുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതല്ല, പല എഫ്.ബി പോസ്റ്റുകളും റീ ഷെയർ ചെയ്യുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.