അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്.) സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കി. എ.ഐ.എഫ്.എഫ്. എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ അന്തിമ അനുമതിയോടെ പ്രസിഡന്റ് കല്യാണ്‍ ചൗബേയാണ് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്.
പകരമായി എ.ഐ.എഫ്.എഫ്. ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണന് സെക്രട്ടറി ജനറലിന്റെ താത്കാലിക ചുമതല നല്‍കി.
വിശ്വാസവഞ്ചന നടത്തിയതിനേത്തുടർന്ന് ഷാജിയുടെ സേവനം അടിയന്തരമായി അവസാനിപ്പിച്ചതായി എ.ഐ.എഫ്.എഫ്. പരസ്യ പ്രസ്താവനയിറക്കുകയും ചെയ്തു. ഷാജിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എ.ഐ.എഫ്.എഫ്. അംഗങ്ങള്‍ക്കിടയില്‍ നീരസമുണ്ടായിരുന്നു. ഇതാണ് അദ്ദേഹവുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് പ്രസ്താവനയില്‍ ചൗബേ വ്യക്തമാക്കി.
ഷാജി പ്രഭാകരന്റെ പ്രവര്‍ത്തനങ്ങള്‍, ഉയര്‍ന്ന വേതനം എന്നിവയില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റികള്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. എ.എഫ്.സി. എക്‌സിക്യുട്ടീവ് അംഗമായും അടുത്തിടെ നിയമിതനായ ഷാജി, വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനം നടപ്പാക്കുന്നതിന് ഫെഡറേഷനില്‍ മതിയായ പണമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

നേട്ടങ്ങളുടെ കാലം
ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി രാജ്യത്തിന് പുറത്ത് സൗദി അറേബ്യയില്‍ നടത്തിയതും ഇന്ത്യയുടെ പുരുഷ ഫുട്‌ബോള്‍ ടീം 2018-നുശേഷം ആദ്യമായി ഫിഫയുടെ ആദ്യ നൂറ് സ്ഥാനങ്ങളില്‍ ഇടംനേടിയതും ഇക്കാലയളവിലാണ്. കല്യാണ്‍ ചൗബേക്കു കീഴില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഷാജി പ്രഭാകരന്‍ എ.ഐ.എഫ്.എഫിന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റത്. കുഷാല്‍ ദാസിന്റെ സ്ഥാനത്തായിരുന്നു നിയമനം.
അധികാരത്തെ വെല്ലുവിളിച്ച ഫുട്ബോൾ സ്പിരിറ്റ്
നവംബർ ആറിന് ഷാജി പ്രഭാകരൻ എക്സിൽ ഒരു വിവാദ കുറിപ്പ് ഇട്ടതാണ് മറ്റു അംഗങ്ങളെ പ്രകോപിപ്പിച്ചത്. സംഘടനയ്ക്കുള്ളിലെ അധികാര തർക്കങ്ങൾ മറനീക്കി പുറത്ത് കൊണ്ടുവരുന്നതായിരുന്നു ഈ കുറിപ്പ്. “അധികാരവും സ്വാധീനവും ഉള്ളപ്പോൾ നാം നമ്മുടെ ഗെയിമിനോട് വിശ്വസ്തത പുലർത്തണം. വ്യക്തിപരമായ താൽപ്പര്യങ്ങളില്ലാതെ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും ജോലി ചെയ്യാൻ നമ്മുക്ക് വലിയ ഉത്തരവാദിത്തമുണ്ട്.
വ്യക്തിപരമായ താൽപ്പര്യങ്ങൾ മനസ്സിലും തീരുമാനങ്ങളിലും ആധിപത്യം സ്ഥാപിക്കാൻ ഒരിക്കലും അനുവദിക്കരുത്. ഫുട്ബോളിനെ മാറ്റിമറിക്കാനും ഇന്ത്യയെ അഭിമാനകരമാക്കാനുമുള്ള നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. വലിയ വേദികളിൽ ഇന്ത്യ തിളങ്ങുന്നത് കാണുമ്പോൾ അതിലും വലിയ സംതൃപ്തി ജീവിതത്തിൽ മറ്റൊന്നുമില്ല,” എന്നായിരുന്നു ഷാജി എക്സിൽ കുറിച്ചത്.
ഞെട്ടലോടെ ഷാജി പ്രഭാകരൻ
ഫെഡറേഷന്റെ തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് ഷാജി പ്രകാരന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് എ.ഐ.ഐ.എഫ് എന്നെ മാറ്റിയത് വലിയ ഞെട്ടലാണുണ്ടാക്കിയത്. ഞങ്ങള്‍ ഒരു ടീം പോലെ പ്രവര്‍ത്തിച്ചതാണ്. വിശ്വാസവഞ്ചന കാണിച്ചെന്ന വലിയൊരു ആരോപണമാണ് അവര്‍ എനിക്കെതിരേ ചുമത്തിയത്. ഈ മനോഹര ഗെയിമിനൊപ്പം പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. ഇന്ത്യന്‍ ഫുട്‌ബോളിനുവേണ്ടിയുള്ള എന്റെ സത്യസന്ധമായ പ്രവര്‍ത്തനങ്ങളില്‍ കൂടെനിന്നവര്‍ക്ക് നന്ദി’- ഷാജി പ്രഭാകരന്‍ കുറിച്ചു.