ഏകാന്തത എന്നത് ലോക ആരോഗ്യ പ്രതിസന്ധിയാണെന്ന് വിലയിരുത്തൽ. ആഗോളതലത്തിൽ ഉയർന്നു വന്നിട്ടുള്ള ആരോഗ്യഭീഷണിയാണ് ഏകാന്തത സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏകാന്തത സൃഷ്ടിക്കുന്ന മരണനിരക്ക് ഒരു ദിവസം15 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണ്.
പൊണ്ണത്തടിയും ശാരീരിക അധ്വാനമില്ലാത്തവരിൽ വരുന്ന പ്രശ്നങ്ങളെപ്പോലും ഇത്കടത്തിവെട്ടുമെന്നും യുഎസ് സർജൻ ജനറൽ ഡോ വിവേക് മൂർത്തി മുന്നറിയിപ്പ് നൽകി. ഏകാന്തത പലപ്പോഴും അവഗണിക്കപ്പെടുന്ന പൊതുജനാരോഗ്യ ഭീഷണിയാണെന്നാണ് വിശദീകരണം.
എല്ലാ സാമ്പത്തിക ശ്രേണിയിലുള്ള രാജ്യങ്ങളിലും സാമൂഹിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പ്രശ്നപരിഹാരങ്ങൾ തേടുന്നതിലൂടെയും ഏകാന്തത കൈകാര്യം ചെയ്യുന്നതിനായി, സംഘടന ഒരു അന്താരാഷ്ട്ര കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.
“ലോകമെമ്പാടും വർദ്ധിച്ചു വരുന്ന സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. വേണ്ടത്ര ശക്തമായ സാമൂഹിക ബന്ധങ്ങളില്ലാത്ത ആളുകൾക്ക് പക്ഷാഘാതം (സ്ട്രോക്ക്), ഉത്കണ്ഠ, ഡിമെൻഷ്യ, വിഷാദം, ആത്മഹത്യ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്,” എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഏകാന്തത ഡിമെൻഷ്യ വരാനുള്ള സാധ്യത 50% വർദ്ധിപ്പിക്കുന്നു, കൂടാതെ മുതിർന്നവരിൽ കൊറോണറി ആർട്ടറി ഡിസീസ് അല്ലെങ്കിൽ പക്ഷാഘാതം (സ്ട്രോക്ക്) ഉണ്ടാകാനുള്ള സാധ്യത 30% വർദ്ധിപ്പിക്കുന്നു. കൗമാരക്കാരിൽ 5% മുതൽ 15% വരെ പേർ ഏകാന്തത അനുഭവിക്കുന്നതായും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ക്ഷീണം, ഉറക്കപ്രശ്നങ്ങൾ, വിട്ടുമാറാത്ത ശരീരവേദന, ഹൃദ്രോഗ സാധ്യത, പക്ഷാഘാതം, ഡിമെൻഷ്യ, അകാല മരണം എന്നിവയുൾപ്പെടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരുപാട് വിഷയങ്ങൾ ഏകാന്തതയുമായി ബന്ധപ്പെട്ടു ഉണ്ടാകുന്നു.
“കൂടാതെ, മാനസികാരോഗ്യ പ്രശ്‌നങ്ങളായ ആത്മവിശ്വാസക്കുറവ്, നിരാശ, ഉത്കണ്ഠ, ക്ഷീണം, പ്രചോദനത്തിന്റെ അഭാവം എന്നിവയ്ക്കും ഏകാന്തത കാരണമാകും,”
ഏകാന്തതയെ നേരിടാൻ വ്യക്തികൾ പുകവലി, മദ്യപാനം, അല്ലെങ്കിൽ മോശം ഭക്ഷണ ശീലങ്ങൾ എന്നിവ പോലുള്ള അനാരോഗ്യകരമായ ജീവിതശൈലികൾ അവലംബിക്കാൻ സാധ്യത കൂടുതലാണ്. ഇതവരെ കൂടുതൽ മോശം അവസ്ഥയിൽ എത്തിക്കുന്നു.
സ്വയം അറിയൽ പ്രധാനം

ഏകാന്തത എന്നത് പലപ്പോഴും ആത്മനിഷ്ഠമായ വൈകാരികാവസ്ഥയാണ്, ആൾക്കൂട്ടത്തിലായിരിക്കുമ്പോൾ പോലും ഒറ്റപ്പെടൽ അനുഭവപ്പെടാം. ജനറേഷൻ ഗ്യാപ്, ജീവിത ക്രമീകരണങ്ങളിലെ മാറ്റങ്ങൾ (അണുകുടുംബങ്ങളുടെ വർദ്ധനവ് പോലുള്ളവ), സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഏകാന്തതയുടെ പ്രാഥമികമായ കാരണങ്ങൾ. സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ നിർത്തി വച്ച് മഹാമാരിക്കാലം ഏകാന്തതയെ കൂടുതൽ തീവ്രമാക്കിത്തീർത്തു.
ഏകാന്തതയെ നേരിടുന്നതിന് ഒറ്റമൂലിയൊന്നുമില്ല. അത് ഒരു ആത്മനിഷ്ഠമായ അനുഭവമാണ്.സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക പ്രധാനമാണ്. വൃദ്ധസദനങ്ങളിലോ അനാഥാലയങ്ങളിലോ എൻജിഒകളിലോ സന്നദ്ധസേവനം നടത്തുന്നതു പോലുള്ള സാമൂഹിക പ്രവർത്തനങ്ങൾക്കുമായി സമയം നീക്കി വയ്ക്കുക ഇതിന് ആശ്വാസം നൽകും.
ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുക: അർത്ഥവത്തായ ബന്ധങ്ങൾ വളർത്തിയെടുക്കുകയും ഏകാന്തതയെ ചെറുക്കുന്നതിന് ഒരു പിന്തുണാ സംവിധാനം സൃഷ്ടിക്കുകയും ചെയ്യുക.
ഉപബോധമനസ്സ് റീപ്രോഗ്രാമിങ് ചെയ്യുകമടി കൂടാതെ കൗൺസിലിങ് പോലുള്ള കാര്യങ്ങളിൽ ചെന്ന് പ്രൊഫഷണൽ സഹായം തേടുക.