സിനിമ, സീരിയല്‍ നടന്‍ മീനടം കുറിയന്നൂര്‍ വിനോദ് തോമസിൻ്റെ മരണം കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണെന്ന് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുക. കാറിലെ എ.സിയില്‍നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച വൈകീട്ടോടെ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീംലാന്‍ഡ് ബാറിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ എത്തിയതാണ്. കാറില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച്മണിക്കായിരുന്നു ഇത്.
ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ഡോറിന്റെ ചില്ല് തകര്‍ത്ത് വിനോദിനെ പുറത്തെടുത്തു. ഉടന്‍തന്നെ പാമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വിനോദ് കാര്‍ ഓണാക്കിയ ശേഷം എ.സി. ഏറെ നേരം പ്രവര്‍ത്തിപ്പിച്ചിരുന്നു.