യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലമായ അടൂരിലാണ് നാല് പേർ കസ്റ്റഡിയിലായത്. ഇവരിലൊരാൾ പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി അഭി വിക്രമാണ്. ഫെനി, ബെനിൽ ബിനു എന്നിങ്ങനെ മറ്റ് മൂന്ന് പേരും കസ്റ്റഡിയിലുണ്ട്.
കേസിൽ അടൂരിൽ അഭി വിക്രം അടക്കമുള്ള നേതാക്കളുടെ വീടുകളിൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അഭി വിക്രമിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയെന്നാണ് സംശയം. നിലവിൽ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനാണ് അഭി വിക്രം.
ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പിന്നാലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അതൃപ്തരായ യൂത്ത് കോൺഗ്രസുകാര്‍ അന്വേഷണത്തെ സഹായിക്കാൻ ഉതകുന്ന വിവരങ്ങളുമായി എത്തി. കൂടുതൽ ആപ്പുകള്‍ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കിയെന്ന കാര്യം എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.
പന്തളത്ത് നിന്ന് പിടിച്ചെടുത്ത രണ്ട് ലാപ്ടോപ്പുകൾ രണ്ടു ദിവസത്തിനകം തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർവ്വറിലെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരിയായിരുന്ന പി വി രതീഷിനും, തെരെഞ്ഞെടുപ്പ് വിശദാംശങ്ങള്‍ നൽകാനായി യൂത്ത് കോൺഗ്രസ് കേന്ദ്ര തെരെഞ്ഞെടുപ്പ് അതോററ്റിക്കും നോട്ടീസ് നൽകി.
വ്യാജ രേഖയിൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയില്ല. മൂന്നു ദിവസമെന്ന സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. നിയമപരമായ തുടര്‍ നടപടികൾ ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.