ഗവർണർ രാജിനുള്ള ശ്രമങ്ങൾക്ക് എതിരെ ജനാധിപത്യപരമായ മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടന പ്രകാരം ബില്ലുകള്‍ തടഞ്ഞുവച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ സുപ്രധാന വിധി.
ബില്ലുകള്‍ മുന്നിലെത്തുമ്പോള്‍ മൂന്ന് സാധ്യതകളാണ് ഗവര്‍ണർക്കുള്ളത്. ഒന്നുകിൽ ബില്ലിന് അനുമതി നല്‍കുക. അല്ലെങ്കില്‍ ബില്ല് തടഞ്ഞുവയ്ക്കാം. ഇവ രണ്ടുമല്ലെങ്കില്‍ രാഷട്രപതിയുടെ അഭിപ്രായം തേടാം. ഭരണഘടനാ അനുച്ഛേദം 200 പ്രകാരം ബില്ലുകള്‍ നിയമസഭയ്ക്കുതന്നെ തിരിച്ചയച്ച് മാറ്റങ്ങള്‍ നിര്‍ദേശിക്കാനുള്ള സ്വാതന്ത്ര്യവും ഗവര്‍ണര്‍ക്കുണ്ട്. മാറ്റങ്ങൾ ഉൾപ്പെടുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് അധികാരമെന്നും സുപ്രീംകോടതി പറഞ്ഞു. രാഷട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധി മാത്രമാണ് ഗവര്‍ണര്‍. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് നിയമനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തമെന്നും സുപ്രീംകോടതി ആവർത്തിച്ചു.
ഗവർണർമാർ വഴി പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തുടർച്ചയായി അനിശ്ചിതത്വം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് പ്രശ്നം സുപ്രീം കോടിതിക്ക് മുന്നാലെ എത്തിയത്.