ചാരവൃത്തി ആരോപിക്കപ്പെട്ട കേസിൽ ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ മാസം വധശിക്ഷക്ക് വിധിച്ചത്.
വധശിക്ഷയ്‌ക്കെതിരായ അപ്പീൽ പരിശോധിച്ച ശേഷം ഖത്തർ കോടതി വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് എട്ടുപേര്‍ക്കെതിരായ കുറ്റമെന്നാണ് വിവിധ ഇന്ത്യന്‍, അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ.
ഖത്തറിൻ്റെ സ്വകാര്യ മുങ്ങിക്കപ്പൽ പ്രോജക്ടിലായിരുന്നു അറസ്റ്റിലായ ഉദ്യോഗസ്ഥർ. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്‌റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്. ചാരവൃത്തി സംശയിച്ച് അല്‍ ദഹ്റ കമ്പനി പൂട്ടി മറ്റ് 75 ജീവനക്കാരെ ഖത്തര്‍ തിരിച്ചയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.