കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിൽ ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു അൻപതോളം പേര്‍ക്ക് പരിക്കേറ്റു.
രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്.
കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻഡ്രിറ്റ, കേരളത്തിന് പുറത്തു നിന്നുള്ള വിദ്യാർഥിയായ ജിതേന്ദ്ര ദാമു, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചത്. ഇവരിൽ അതുല്‍ തമ്പി, ആൻ ഡ്രിറ്റ, സാറാ തോമസ് എന്നിവർ കുസാറ്റിലെ വിദ്യാർഥികളാണ്.
അടിയന്തിര വിവരങ്ങൾക്ക് 8590886080, 9778479529
കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. അപകടത്തിൽ 50-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാലു പേരുടെ മരണം എറണാകുളം ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കുസാറ്റിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ തിക്കിത്തിരക്കി എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവര്‍ താഴെയുണ്ടായിരുന്നവര്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.ടെക്ക് ഫെസ്റ്റ് ആയതിനാൽ നിരവധി ക്യാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ക്യാമ്പസിലേക്കെത്തിയിരുന്നു.
മന്ത്രി ആർ ബിന്ദു
നവകേരള സദസ്സിൽ നിന്ന് മന്ത്രി പി. രാജീവും ഞാനും കളമശ്ശേരിയിലേക്ക് പോവുകയാണ്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഏറ്റവും മികച്ച വൈദ്യശുശ്രൂഷ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർക്ക് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ട്. വൈസ് ചാൻസലർക്കും ജില്ലാ കലക്ടർക്കും മറ്റ് ബന്ധപ്പെട്ടവർക്കുമാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.