അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. തിങ്കളാഴ്ച രാത്രി താമസിപ്പിച്ച വീട്ടില്‍ ‘രണ്ട് ആന്റിമാര്‍’ ഉണ്ടായിരുന്നതായി ആറുവയസ്സുകാരിയും കഴിഞ്ഞദിവസം മൊഴിനല്‍കിയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ സ്ഥിരം പങ്കാളിത്തമുള്ളവരാവാം പ്രതികൾ എന്ന നിഗമനത്തിലേക്ക് ഇത് എത്തിക്കുന്നു.
പ്രതികളെ കണ്ടെത്താനാവാതെ
പൂയപ്പള്ളിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ സുരക്ഷിതമായി കണ്ടെത്തിയെങ്കിലും സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് വ്യക്തതയില്ല. ഓയൂര്‍ പൂയപ്പള്ളി കാറ്റാടി ജങ്ഷനില്‍നിന്ന് പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതും അതുപോലെ പട്ടാപ്പകല്‍തന്നെ കൊല്ലംനഗരത്തില്‍ കുട്ടിയെ ഉപേക്ഷിച്ചതും പോലീസിനെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്.
നാടാകെ തിരച്ചില്‍ നടത്തുകയാണെന്ന് പോലീസ് അവകാശപ്പെടുന്ന സമയത്താണ് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയുമായി ഒരു സ്ത്രീ കൊല്ലം നഗരത്തില്‍ സഞ്ചരിച്ചതും തിരികെ പൊതു മൈതാനിയിൽ കൊണ്ടു വന്ന് ഇരുത്തിയതും.
സമാനമായ ശ്രമങ്ങൾ സമീപത്ത് നേരത്തെയും
തിങ്കളാഴ്ച കൊല്ലം കണ്ണനല്ലൂരില്‍ ഒരുകുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇതേ സ്ത്രീയ്ക്ക് ഓയൂരിലെ സംഭവത്തിലും പങ്കുണ്ടോയെന്നും സംശയമുണ്ട്. ഈ രേഖാചിത്രം ഓയൂരിലെ ആറുവയസ്സുകാരിയെ കാണിച്ച് ഇക്കാര്യത്തില്‍ വ്യക്തതവരുത്താനും പോലീസ് ശ്രമിച്ചു വരികയാണ്.

നവംബര്‍ 15-ാംതീയതി വര്‍ക്കല അയിരൂരിലും സമാനരീതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നു. 11 വയസ്സുള്ള കുട്ടിയെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എന്നാല്‍, പരാതി പോലീസ് ഗൗരവത്തിലെടുത്തില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മേഖലയിലെ സിസിടിവികള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ലെന്നും ഒരു പോലീസുകാരൻ പോലും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
പരാതിയില്‍ കാര്യമായ അന്വേഷണം നടത്താതിരുന്ന പോലീസ്, ശിശുക്ഷേമ സമിതി വഴി കുട്ടിക്ക് കൗണ്‍സലിങ് നല്‍കി. എന്നാല്‍, കുട്ടി പറയുന്നതില്‍ കാര്യമുണ്ടെന്നായിരുന്നു കൗണ്‍സലിങ് നടത്തിയ ഡോക്ടറുടെയും പ്രതികരണം. ഇതോടെ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പൊലീസ് ആശ്രയിക്കുന്നത് ആറുവയസ്സുള്ള കുഞ്ഞിനെ

അബിഗേൽ സാറാ റെജി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. കുഞ്ഞ് ആഘാതത്തിൽ നിന്ന് പൂര്‍ണമായും മാറാൻ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്.
സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശ്യം , കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.
വലിയ വീട്ടിൽ, വലിയ സന്നാഹങ്ങൾ
തട്ടിക്കൊണ്ടുപോയ തന്നെ തിങ്കളാഴ്ച രാത്രി പാര്‍പ്പിച്ചത് വലിയൊരു വീട്ടിലായിരുന്നെന്ന് ആറുവയസ്സുകാരി. പോലീസിനോട് സംസാരിച്ചപ്പോഴാണ് കുഞ്ഞ് ഇക്കാര്യം പറഞ്ഞത്. ആ വീട്ടില്‍ രണ്ട് ആന്റിമാരും ഒരു അങ്കിളും ഉണ്ടായിരുന്നു. ആരെങ്കിലും ചോദിച്ചാല്‍ ഒരു ആന്റിയും രണ്ട് അങ്കിള്‍മാരും ഉണ്ടായിരുന്നു എന്ന് പറയണമെന്ന് അവര്‍ പറഞ്ഞിരുന്നതായും കുഞ്ഞ് പറഞ്ഞു. ഇവരെ മുമ്പ് പരിചയമില്ല. അവിടെവെച്ച് ആഹാരം കഴിച്ചെന്നും ലാപ്‌ടോപ്പില്‍ കാര്‍ട്ടൂണ്‍ കണ്ടിരുന്നെന്നും കുഞ്ഞ് പറഞ്ഞു.
വീട്ടില്‍ ഉണ്ടായിരുന്നവരെ ഏല്‍പ്പിച്ച് തട്ടിക്കൊണ്ടുപോയവര്‍ പോയെന്നാണ് സംശയിക്കുന്നത്. വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീയാണ് കുട്ടിയെ ഓട്ടോയില്‍ ആശ്രാമം മൈതാനത്ത് എത്തിച്ചതെന്ന് കരുതുന്നു. സംഘത്തിലെ അംഗമെന്നുകരുതുന്ന ഒരാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടതോടെ രൂപസാദൃശ്യമുള്ള പലരുടെയും ഫോട്ടോകള്‍ പ്രചരിച്ചിരുന്നു. കിട്ടിയ ഫോട്ടോകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. കാര്യമായ ഫലമുണ്ടായിട്ടില്ല.

2023 ൽ മാത്രം കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയ 115 കേസുകൾ
കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 115 കേസ് രജിസ്റ്റർ ചെയ്തെന്ന് പോലീസ്. കുട്ടികൾക്കെതിരേ നടക്കുന്ന അതിക്രമത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ കണക്ക് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ പ്രലോഭനങ്ങൾക്കു വിധേയമായി മറ്റുള്ളവർക്കൊപ്പം പോകുന്ന കേസുകളിലും തട്ടിക്കൊണ്ടുപോകൽ വകുപ്പ് ഉൾപ്പെടുത്തുന്നുണ്ട്. എങ്കിലും ഈ കേസുകളുടെ എണ്ണം പേടിപ്പെടുത്തുന്നതാണ്.
18 വയസ്സിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്. കഴിഞ്ഞ വർഷം 269 കുട്ടികളെയും 2021-ൽ 257 കുട്ടികളെയും തട്ടിക്കൊണ്ടുപോയതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. ഇത്തരം കേസുകളിലെല്ലാം ഭൂരിഭാഗം പേരെയും പോലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നുണ്ട്.
ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കണ്ടെത്തുന്നതിന്റെ കണക്ക് 98 ശതമാനമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാണാതായ കുട്ടികളിൽ, 60 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിൽ ആറു കേസുകൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കണ്ടെത്താനുള്ളവരിൽ 48 പേർ ആൺകുട്ടികളും 12 പേർ പെൺകുട്ടികളുമാണ്.
പൊലീസ് അറിയിപ്പ്
● സ്വന്തം കുട്ടിയല്ലെങ്കിൽപ്പോലും അവർ മോശമായ ഒരു പരിസ്ഥിതിയിലാണെന്ന് തോന്നിയാൽ ഇടപെടണം. ഇടപെടാൻ സാധിച്ചില്ലെങ്കിൽ പോലീസിൽ അറിയിക്കണം
● കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നതുകൊണ്ടുതന്നെ അങ്ങനെയുള്ളവരെ കണ്ടാൽ പണം നൽകരുത്. പോലീസിൽ അറിയിക്കണം
● പരിചയത്തിലുള്ള ആരുടെയെങ്കിലും വീട്ടിൽ സംശയകരമായ അവസ്ഥയിൽ കുട്ടികളെ കണ്ടാൽ പോലീസിൽ അറിയിക്കാം. അത് ചിലപ്പോൾ അനധികൃത ദത്തുമാകാം
● എന്റെ കുട്ടിയും തെറ്റ് ചെയ്യാം എന്ന ബോധത്തോടെ വേണം കുട്ടികളുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ. അവർ വലിയ തെറ്റിലേക്ക് പോകുന്നത് തടയാൻ ഇത് സഹായിക്കും