തടികയറ്റി വന്ന ലോറിക്കടിയിൽ കുടുങ്ങിയ കാര്‍ യാത്രക്കാരന് അദ്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാർ മരണം ഉറപ്പിച്ചിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബാണ് രക്ഷപ്പെട്ടത്.
ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന ശേഷമായിരുന്നു രക്ഷപ്പെടല്‍. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവിൽ കാറിൽ യാത്ര ചെയ്യവെ വശത്തു കൂടെ എത്തിയ ലോറി മറിയുകയായിരുന്നു.
ലോറി ചരിഞ്ഞതോടെ കാര്‍ മുഴുവനായി ലോറിയുടെ അടിയിലായി മൂടിപ്പോയി. രക്ഷപെടുത്താൻ വഴിയില്ലാത്ത അവസ്ഥയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്താന്‍ ശ്രമം നടത്തി പക്ഷെ വിജയം കണ്ടില്ല. ഇതോടെ കൂടുൽ ശക്തിയുള്ള ക്രെയിൻ വേണ്ടി വരും എന്ന നിഗമനത്തിൽ എത്തി. പക്ഷെ അത്തരത്തിൽ ഒന്ന് കിട്ടാനില്ലായിരുന്നു.
തുടര്‍ന്ന് കയര്‍ പൊട്ടിച്ച് തടികളെടുത്ത് മാറ്റാൻ തീരുമാനിച്ചു. നിറയെ ലോഡ് ഉണ്ടായിരുന്ന ലോറിയാണ്. തടി ഓരോന്നായി ഉയർത്താൻ ഒരു മണിക്കൂർ എടുത്തു. ഇതോടെ യുവാവ് അകത്ത് ജീവനോടെ ഉണ്ടെന്ന് ഉറപ്പിച്ചു ക്രെയിൻ ഉപയോഗിച്ച് തന്നെ ലോറി ഉയര്‍ത്തി. ശേഷം കാറിന് മുകളില്‍ ഉണ്ടായിരുന്ന തടികള്‍ എടുത്ത് മാറ്റി.
പിന്നീട് കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തില്‍നിന്ന് പുറത്തെടുത്തത് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കുകൾ സാരമല്ല.