വ്യാജ തിരിച്ചറിയൽ കാർഡ് കേസ് വിവാദത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് ചുമതലയേൽക്കും. കൊച്ചിയിൽ വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന ചടങ്ങ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കാൻ കെപിസിസി മൂന്നംഗ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ കമ്മിറ്റി ചുമതലയേൽക്കുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പുതിയ അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുമതലയേൽപ്പിക്കുന്നത് തടയണം എന്നാവശ്യപെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം മൂവാറ്റുപുഴ മുൻസിഫ് കോടതി തള്ളിയിട്ടുമുണ്ട്.
കേസിലെ പ്രധാന പ്രതി എം ജെ രഞ്ചു പിടിയിലായാൽ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റ് കൂടിയായ രെഞ്ചു ഇപ്പോഴും ഒളിവിൽ കഴിയുകയാണ്. വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കാൻ ഉപയോഗിച്ച ആപ് ആയ സി ആർ കാർഡ് പ്രചരിപ്പിച്ച കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ജെയ്സൺ മുകളേലിനേയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജയ്സൺ കർണാടകയിലേക്ക് കടന്നു എന്നാണ് പൊലീസിന്റെ സംശയം.