ഇ.ഡി ഉദ്യോഗസ്ഥന്‍ 20 ലക്ഷം രൂപയുടെ കൈക്കൂലി പണവുമായി അറസ്റ്റിലായതിനു പിന്നാലെ മധുരയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ പോലീസ് പരിശോധന നടത്തി. മധുരയിലെ ഇ ഡി സബ് സോണല്‍ ഓഫീലായിരുന്നു റെയിഡ്. തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ (ഡി.വി.എ.സി) വിഭാഗമാണ് ഓഫീസ് റെയിഡ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിവരെ പരിശോധന തുടർന്നു. ഡി.വി.എ.സി ഉദ്യോഗസ്ഥര്‍ എത്തുന്നതിനുമുമ്പുതന്നെ സി.ആര്‍.പി.എഫ് സംഘം കേന്ദ്ര ഓഫീസിനുമുന്നില്‍ നിലയുറപ്പിച്ചതും ആശങ്കാകുലമായ നാടകീയത ഉയർത്തി. അഴിമതിനിരോധന നിയമപ്രകാരം എടുത്ത കേസിലാണ് അന്വേഷണം. ഒരേ സമയം തന്നെ ദിണ്ടിഗലിലുള്ള ഉദ്യോഗസ്ഥൻ്റെ വീട്ടിലും പരിശോധന നടത്തി.
ഒഫീഷ്യൽ ബോർഡു വെച്ച് 20 ലക്ഷം രൂപയുമായി
മധുര സബ് സോണല്‍ ഓഫീലെ അങ്കിത് തിവാരി എന്ന ഇഡി ഉദ്യോഗസ്ഥനാണ് 20 ലക്ഷം രൂപ കൈക്കുലി വാങ്ങിയ പണവുമായി വെള്ളിയാഴ്ച പിടിയിലായത്. കേന്ദ്ര സര്‍ക്കാര്‍ സ്റ്റിക്കര്‍ പതിച്ച മധ്യപ്രദേശ് രജിസ്ട്രേഷനുള്ള കാറിലായിരുന്നു കൈക്കൂലി പണം കടത്തിയത്. ദിണ്ടിക്കല്‍-മധുര ദേശീയപാതയില്‍ വാഹനപരിശോധന്ക്കിടെ തമിഴ്നാട് പോലീസും വിജിലന്‍സും ചേര്‍ന്ന് ഇത് കണ്ടെത്തി കേസ് എടുത്തു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ സബ് സോണൽ ഓഫീസിൽ തന്നെ എത്തി പരിശോധന നടത്തിയത്.
കാറിലുണ്ടായിരുന്ന അങ്കിത് തിവാരിയെ ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടി സംശയം ഉയർത്തി. പരിശോധനക്കിടെ തിരിച്ചറിയല്‍ കാര്‍ഡില്‍നിന്നാണ് ഇയാള്‍ ഇ.ഡി. ഉദ്യോഗസ്ഥനാണെന്ന് മനസ്സിലായത്. ദിണ്ടിക്കലിലെ ഒരു ഡോക്ടറില്‍നിന്ന് വാങ്ങിയ കൈക്കൂലിയാണ് 20 ലക്ഷം രൂപയെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു. രേഖകളും മൊബൈല്‍ ഫോണും പരിശോധിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ നേരത്തെയും പരാതി
ദിണ്ടിക്കല്‍ ജില്ലയില്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ വ്യവസായികളില്‍ നിന്നും മററുമായി കൈക്കൂലി വാങ്ങുന്നതായി ഡി.വി.എ.സി.ക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. കേസുകള്‍ ഒതുക്കിത്തീര്‍ക്കാനായി ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും പണം വാങ്ങിക്കുന്ന തന്ത്രമായിരുന്നു. അങ്കിത് തിവാരിയും ഇയാളുടെ ഒപ്പമുള്ള ഇഡി ഉദ്യോഗസ്ഥരും സമാനരീതിയില്‍ കൈക്കൂലി വാങ്ങിയിരുന്നതായി ഡി.വി.എ.സി കണ്ടെത്തിയിട്ടുണ്ട്.
ഇ ഡി ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള പരിശോധനകളിൽ രാഷ്ട്രീയം കടന്നെത്തിയതോടെ വ്യാപകമായ ചർച്ച ഉയരുകയാണ്. ഇതിനിടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യപരമായ ഫെഡറൽ ബന്ധങ്ങളിലും ബലാബലം കടന്നെത്തുന്ന സാഹചര്യവും ആശങ്കയായി. മറ്റാരില്‍നിന്നെല്ലാം ഇത്തരത്തില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും അങ്കിത് തിവാരിയെ കൂടാതെ മറ്റ് ഏതെല്ലാം ഇഡി ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നും തുടർന്നും അന്വേഷിക്കുന്നതായാണ് ഡി.വി.എ.സി. വ്യക്തമാക്കിയിട്ടുള്ളത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തമിഴ്‌നാട് സര്‍ക്കാരുമായി നിരന്തരം ഏററുമുട്ടുന്ന കാഴ്ചയാണ്. ജോലിക്ക് കോഴ വാങ്ങിയ കേസില്‍ തമിഴ്‌നാട് വൈദ്യുതി- എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയേയും സഹോദരന്‍ അശോക് കുമാറിനേയും ഇഡി അറസ്റ്റുചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉന്നതവിഭ്യാസമന്ത്രി കെ. പൊന്‍മുടിയുടെയും അദ്ദേഹത്തിന്റെ മകനും എം.പിയുമായ ഗൗതം സിഗാമണിയുടെയും വീടുകളിലും ഇഡി റെയ്ഡ് നടത്തി. ഇത്തരം രാഷ്ട്രീയ കളികൾക്ക് എതിരെ മുന്നറിയിപ്പ് നൽകി ബി.ജെ.പി.ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിനും രംഗത്ത് എത്തിയിരുന്നു.