കോണ്‍ഗ്രസിന് വോട്ടിങ് ശതമാനത്തില്‍ കാര്യമായ ഇടിവ് വന്നിട്ടില്ല. പക്ഷെ മൂന്ന് സംസ്ഥാനങ്ങളിലും ഭരണം കാത്തിരുന്ന അവസരം കൈവിട്ടു പോയി. സീറ്റുകൾ കുത്തനെ കുറഞ്ഞു. ജനങ്ങൾ പഴത് പോലെ ഒക്കെ കൂടെ നിന്നുട്ടും വിജയമാക്കാൻ ശേഷിയില്ലാതെ പോയി.
2018-ല്‍ ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും ശക്തിയായിരുന്ന കോണ്‍ഗ്രസ് 2023 ആയപ്പോൾ ഒരിടത്തും അധികാരം നിലനിര്‍ത്താനാവാതെ കുത്തഴിഞ്ഞു. ഇത്തവണ ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ഒരു ശതമാനത്തില്‍ താഴെ മാത്രം വോട്ടുകളാണ് കുറവ് വന്നിട്ടുള്ളൂ. മാത്രമല്ല രാജസ്ഥാനില്‍ വോട്ടുകള്‍ വര്‍ധിച്ചിട്ടും 31 സീറ്റുകള്‍ നഷ്ടമായി.

മധ്യപ്രദേശില്‍ 2018-ല്‍ 40.89 ശതമാനം വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് 114 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 2023 ൽ കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ 0.49 ശതമാനത്തിന്റെ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണം 66-ലേക്ക് ചുരുങ്ങി
41.02 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 48.55 ആയി ഉയർന്നിട്ടുണ്ട് . ഇത് കൃത്യമായ വിജയമാക്കി. 109-ല്‍ നിന്ന് 163 സീറ്റുകളിലേക്ക് സ്കോർ ചെയ്യാൻ സഹായിച്ചു.
മധ്യപ്രദേശില്‍ അപ്രത്യക്ഷമായത് ചെറുപാർട്ടികളാണ്. ബഹുജന്‍ സമാജ്‍വാദി പാർട്ടിക്ക് 2018-ല്‍ 19 ലക്ഷത്തിലധികം (5.01 ശതമാനം) വോട്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇത് 14.59 (3.40 ശതമാനം) ലക്ഷമായി ചുരുങ്ങി. 2018-ല്‍ അഞ്ച് ലക്ഷത്തോളം വോട്ടുനേടിയ സമാജ്‌വാദി പാർട്ടിക്ക് ഇത്തവണ ലഭിച്ചത് 1.97 ലക്ഷം മാത്രവും.
ഛത്തീസ്ഗഢില്‍ 2018-ല്‍ കോണ്‍ഗ്രസ് 43 ശതമാനം വോട്ട് വിഹിതത്തോടെ 68 സീറ്റുകളാണ് പിടിച്ചത്. 2023 ആയപ്പോൾ വോട്ട് വിഹിതം 0.77 ശതമാനം മാത്രമാണ് കുറഞ്ഞത്. പക്ഷെ 33 സീറ്റുകളും അധികാരവും കോണ്‍ഗ്രസ് കൈവിട്ടു.
33 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി 46.27 ശതമാനത്തിലേക്കെത്തി. 15 സീറ്റില്‍ നിന്ന് 55 സീറ്റുകളിലേക്കും ഉയർന്നു. ഇവരൊന്നും കവർന്നത് കോൺഗ്രസ് വോട്ടുകളല്ല.
ഛത്തീസ്ഗഡിൽ ബഹുജന്‍ സമാജ്‌വാദി പാർട്ടിക്കും (ബിഎസ്‌പി) ജനതാ കോണ്‍ഗ്രസ് ഛത്തീസ്‌ഗഡിനുമാണ് (ജെസിസി) ബിജെപി മുന്നേറ്റത്തില്‍ തിരിച്ചടിയുണ്ടായത്. 2018-ല്‍ ജെസിസി നേടിയത് 7.6 ശതമാനം വോട്ടാണ്, ഇത്തവണയത് 1.23 ശതമാനമായി കുറഞ്ഞു. ബിഎസ്‌പി 3.9 ശതമാനം വോട്ടുവിഹിതം 2.05-ലേക്കും വീണു.
രാജസ്ഥാനില്‍ 2018-നെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം വർധിച്ചതായി കാണാം. 39.30 ശതമാനമായിരുന്നത് 39.53 ആയി. 38.08 ശതമാനമുണ്ടായിരുന്ന ബിജെപിയുടെ വോട്ട് വിഹിതം 41.69 ശതമാനത്തിലേക്കെത്തി. ഇവിടെയും പക്ഷെ കോണ്‍ഗ്രസിന് നഷ്ടമായത് 31 സീറ്റുകളാണ്. ബിജെപി 42 സീറ്റും അധികമായി സ്വന്തമാക്കി.
കോണ്‍ഗ്രസിന് സീറ്റ് വ്യത്യാസത്തിലുണ്ടായ ഇടിവ് വോട്ടുവിഹിതത്തില്‍ പ്രത്യക്ഷമല്ല. 2018-ല്‍ 39.30 ശതമാനം വോട്ടുനേടിയ കോണ്‍ഗ്രസിന് ഇത്തവണ 39.53 ആയി ഉയർത്താനുമായിട്ടുണ്ട്. ഭരണം നഷ്ടമായിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ അടിത്തറ രാജസ്ഥാനില്‍ സുരക്ഷിതമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
തിരിച്ചറിയുമോ കാരണങ്ങൾ

ചെറുപാര്‍ട്ടികളെ കൂടെ നിര്‍ത്തുന്നതിൽ പരാജയമായിരുന്നു. പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സാധിച്ചില്ല. ശാസ്ത്രീയമായ കണക്കു കൂട്ടലുകളും ആസൂത്രണവും പ്രയോഗവും ഇല്ലായിരുന്നു.
ജയറാം രമേഷ് പറഞ്ഞ കണക്കും കഥയും
ഛത്തീസ്ഗഢ്: ബി.ജെ.പി 46.3 %, കോൺഗ്രസ് 42.2 %. മധ്യപ്രദേശ്: ബി.ജെ.പി 48.6 %, കോൺഗ്രസ് 40.4 %, രാജസ്ഥാൻ: ബി.ജെ.പി 41.7 %, കോൺഗ്രസ് 39.5 %
20 വർഷം മുമ്പും കോൺഗ്രസ് സമാന പ്രതിസന്ധി നേരിട്ടിരുന്നെന്ന് ഇന്നലെ ജയറാം രമേഷ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. 20 വർഷം മുമ്പ് മൂന്ന് സംസ്ഥാനങ്ങളിൽ പരാജയപ്പെടുകയും ഡൽഹിയിൽ മാത്രം വിജയിക്കുകയും ചെയ്ത സാഹര്യമുണ്ടായിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറി. കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും കോൺഗ്രസ് വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു വേണ്ടി തയാറെടുക്കുകയാണ് –
എല്ലായിടത്തും വോട്ട് വിഹിതം ഉയർത്തി ബി ജെ പി
മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിജയത്തോടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പന്ത്രണ്ടായി ഉയർന്നു, മറുവശത്ത് മൂന്നിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങുകയും ചെയ്തു. മധ്യപ്രദേശ് മാറ്റി നിർത്തിയാല്‍ കോണ്‍ഗ്രസും ബിജെപിയും നമ്മിലുള്ള വോട്ടുവിഹിതത്തില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. എന്നാൽ ബി ജെ പി വോട്ടുകൾ വർധിക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്.
തെലങ്കാനയിൽ കോൺഗ്രസ്
ബിആർഎസിന് സീറ്റുകള്‍ മാത്രമല്ല വോട്ട് വിഹിതവും ഇടഞ്ഞു പോയിട്ടുണ്ട്. 2018-ല്‍ 46.9 ആയിരുന്നു ബിആർഎസിന്റെ വോട്ടുവിഹിതം, ഇത്തവണയിത് 37.35-ലേക്ക് വീണു.
കോണ്‍ഗ്രസ് തെലങ്കാനയില്‍ തങ്ങളുടെ വേരുറപ്പിച്ചതായാണ് കണക്കുകള്‍ തെളിയിക്കുന്നത്. 2018-ല്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 28.4 ശതമാനം മാത്രമായിരുന്നു, എന്നാല്‍ 2023-ല്‍ ഇത് 39.40 ശതമാനമായി വർധിച്ചു. 11 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
