ഇടുക്കി ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിച്ച നടപടിയിൽ കടുത്ത എതിർപ്പുമായി ഉടുമ്പന്‍ചോല എം.എല്‍.എ. എം.എം. മണി. നോട്ടിഫിക്കേഷന്‍ ഒക്കെ ഇറക്കിയവരുടെ പോക്കറ്റില്‍ വെച്ചുകൊണ്ട് ഇരിക്കുകയേ ഉള്ളൂ. അത് കൊണ്ട് ഇങ്ങോട്ട് വന്നാല്‍ എന്തായിരിക്കും പിന്നെ ഇവിടെ നടക്കാന്‍ പോകുന്നതെന്ന് ഞാന്‍ പിന്നെ പ്രത്യേകിച്ചൊന്നും പറയേണ്ട കാര്യമില്ല. വിജ്ഞാപനം അംഗീകരിക്കില്ലെന്നും പിന്‍വലിക്കണമെന്നും പറഞ്ഞു.
നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ട് അവിടെ തിരുവനന്തപുരത്ത് ഇരുന്നാല്‍ ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും എം.എ. മണി പറഞ്ഞു. ഒരു നോട്ടിഫിക്കേഷനും ഞങ്ങള്‍ അംഗീകരിക്കുന്ന വിഷയമില്ല. എന്ന് മാത്രമല്ല, മേലില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഫോറസ്റ്റുകാര്‍ എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. അതാണ് വരാന്‍ പോകുന്നത്. ഇവിടുത്തെ ജനങ്ങള്‍ കൂടിയാല്‍ ഈ നാലും മൂന്ന് ഏഴ് ഫോറസ്റ്റുകാര്‍ എന്ത് ചെയ്യാനാണ്. ഒന്നും ചെയ്യാന്‍ പറ്റില്ല. ഒരു വിട്ടുവീഴ്ചയില്ലാതെ ഫോറസ്റ്റുകാരുടെ അതിക്രമങ്ങള്‍ക്കെതിരേ പോരാടണം. പൊരുതണമെന്നാണ് പറയാനുള്ളത്, മണി കൂട്ടിച്ചേര്‍ത്തു.
വനമൊക്കെ സംരക്ഷിക്കട്ടെ, അതിനൊന്നും ഇവിടെ തര്‍ക്കമില്ല. പക്ഷേ ജനവാസമുള്ള മേഖലയില്‍ കയറി കളിക്കാന്‍ വന്നാല്‍ ഞങ്ങള്‍ ഇല്ലാത്ത കളി, ജനങ്ങളെ അണിനിരത്തി കളിക്കും. അപ്പോള്‍ പിന്നെ ബുദ്ധിമുട്ടുണ്ടാകും. പലര്‍ക്കും വീട്ടില്‍ പോകാന്‍ കഴിയാതെ വരും. പല വിഷമങ്ങളാണ് വരാന്‍ പോകുന്നത്. ആ വിഷമമെല്ലാം ഞാന്‍ ഇപ്പോള്‍ പറയുന്നത് ശരിയല്ലല്ലോ. അത് കൊണ്ട് നോട്ടിഫിക്കേഷന്‍ ഒക്കെ പിന്‍വലിച്ച് ഇങ്ങോട്ട് തിരിഞ്ഞുനോക്കാതിരിക്കുന്നത് നിങ്ങള്‍ക്ക് നല്ലത് എന്നും മണി പറഞ്ഞു.