കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിലപേശി ഉപേക്ഷിച്ച കേസിൽ പ്രതികളെ പിടികൂടുന്നതിന് സഹായകമായ നിർണായകവിവരം നൽകിയത് ഒരു സ്ത്രീയുടെ ജാഗ്രതയും അന്വേഷണ മനസും. പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണമാണ് ഇവർ പിന്തുടർന്നത്.
ഇതിലെ വാട്സാപ്പിൽ വന്ന ശബ്ദവും തൻ്റെ കൈവശമുള്ള ഒരു ഓഡിയോ ക്ലിപ്പും തമ്മിൽ സാമ്യം തോന്നിയതോടെ ഇവർ സ്വന്തം നിലയ്ക്ക് അവ താരതമ്യം ചെയ്തു. കണ്ണനല്ലൂരിലുള്ള പൊതുപ്രവർത്തകനായ സമദിന് ഇവ കൈമാറി ഉറപ്പ് വരുത്തി. ഇരുപതിനായിരം രൂപ ഒരു സ്ത്രീ മററ് ഒരു വ്യക്തിയോട് കടം ചോദിക്കുന്നതാണ് അവരുടെ കയ്യിലുണ്ടായിരുന്ന ക്ലിപ്പ്. സമദ് വഴി ഇത് കണ്ണനല്ലൂർ ഇൻസ്പെക്ടറായിരുന്ന യു.പി.വിപിൻകുമാറിന് അയച്ചുകൊടുത്തു.
വിപിൻകുമാർ ഇപ്പോൾ അയിരൂർ പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറാണ്. ഈ വനിതയും സമദും വിപിൻകുമാറുമാണ് തുടർന്നുള്ള നിർണായ നീക്കങ്ങളിലേക്ക് നയിച്ച ഘടകമായത്. വിപിൻകുമാറിനു കൂടി സാമ്യം ബോധ്യപ്പെട്ടതോടെ ഈ വനിത കേസിലെ പ്രതി പദ്‌മകുമാറിന്റെ ഭാര്യ അനിതയുടെ ഫെയ്‌സ്ബുക്കിലെ പ്രൊഫൈൽ ചിത്രം സംഘടിപ്പിച്ച് കൊടുത്തു.
കമ്മ്യൂണിറ്റി പൊലീസിങ് സ്വാർത്ഥകമായ അന്വേഷണം
രേഖാചിത്രവുമായി ഫേസ് ബുക്ക് ചിത്രങ്ങൾക്കും സാമ്യമുണ്ടായിരുന്നു. പ്രത്യേകിച്ച് മൂക്കിന്റെ നീളം. പ്രതികൾ കുട്ടിയെ വിട്ടയച്ചശേഷം കുട്ടിയുടെ സഹായത്തോടെ തയ്യാറാക്കിയ മൂന്നു പ്രതികളുടെ രേഖാചിത്രങ്ങൾ പുറത്തു വന്നയുടൻ ഇതേ വനിത പദ്‌മകുമാറിന്റെയും ഭാര്യ അനിതയുടെയും മകൾ അനുപമയുടെയും ചിത്രങ്ങൾ സമദ് മുഖേന അയച്ചുകൊടുത്തു. ചാത്തന്നൂരിലെ ഇവരുടെ വീടിനെ സംബന്ധിച്ച വിവരങ്ങളും സമദ് കൈമാറി. വിപിൻകുമാർ കൊല്ലത്തെ ഷാഡോ പോലീസിന് വിവരം കൈമാറി.
പോലീസെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. അന്വേഷിക്കുന്ന തരത്തിലെ കാർ മറ്റൊരു നമ്പർ പ്ലേറ്റോടുകൂടി അവിടെയുണ്ടായിരുന്നു. പദ്‌മകുമാറിന്റെ ഫോൺ നമ്പർ ലഭ്യമാക്കി. പോലീസ് പരിശോധിച്ചപ്പോൾ ലൊക്കേഷൻ തമിഴ്നാടാണെന്നു കണ്ടു. ആറുവയസ്സുകാരിയുടെ നിരീക്ഷണപാടവവും പ്രതികളെ തിരിച്ചറിയാൻ സഹായകമായി. അനുപമയുടെ വട്ടക്കണ്ണട, അനുപമയെ വീട്ടിൽ മാതാപിതാക്കൾ ‘ഇക്രു’ എന്നു വിളിക്കുന്നത്, നായയെ വീട്ടിനുള്ളിൽ വളർത്തുന്നത് വീട്ടിൽ കാർട്ടൂൺ കാണിച്ചത്, ഇവയെല്ലാം കുട്ടി പൊലീസിന് വിവരിച്ച് നൽകിയിരുന്നു.
പദ്മകുമാറിൻ്റെ ഫാം ഹൌസ് ചുറ്റിപ്പറ്റിയും ദുരൂഹ സംഭവങ്ങൾ
പ്രതി പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്തൃസഹോദരനും നേരേ ആക്രമണമുണ്ടായി. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന്‍ ബിജുവിനുമാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളച്ചിറ തെങ്ങുവിള സ്‌കൂളിനുസമീപത്തുവെച്ച് ഓട്ടോയില്‍ എത്തിയവര്‍ മര്‍ദിക്കുകയായിരുന്നു. ബൈക്ക് ചവിട്ടിവീഴ്ത്തി മര്‍ദിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് ശേഷം ഇരുവരേയും ഉപേക്ഷിച്ച് സംഘം മടങ്ങി. പിന്നീട് അതുവഴി സ്‌കൂട്ടറില്‍ പോയ ഒരു സ്ത്രീയാണ് പ്രദേശത്തെ വാര്‍ഡ് മെംബറെ വിവരമറിയിച്ചത്. വാര്‍ഡ് മെംബര്‍ എത്തിയശേഷം ഇരുവരേയും നെടുങ്ങോലം ഗവ. രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന്റെ തലയിലെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
പദ്മകുമാറിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ ഷീബയെ കൊലപ്പെടുത്തുമെന്ന് ഞായറാഴ്ച വൈകീട്ട് ഷാജിയെ ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഫോണ്‍ ചെയ്ത ആളുടെ പേരുള്‍പ്പെടെ വ്യക്തമാക്കി രാത്രിതന്നെ പരവൂര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ഇവർ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ് ക്രൈബ്രാഞ്ച് ആണ് ഇപ്പോൾ അന്വേഷിക്കുന്നത്. കേസിൽ ഇനിയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന നിമഗനം ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന് മുതിരുകയാണ്. വൻ സാമ്പത്തിക ശൃംഖല ഇതിന് പിന്നിൽ ഉണ്ടെന്ന നിലയിൽ ആരോപണങ്ങൾ വന്നിരുന്നു.
മറ്റ് കുട്ടികളെയും ലക്ഷ്യം വെച്ചു
പദ്മകുമാര്‍ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടികളുടെ വീടുകളും അവിടേക്കെത്താനുള്ള വഴികളും രക്ഷിതാക്കളുടെ സാമ്പത്തിക പശ്ചാത്തലവും രേഖപ്പെടുത്തിയ പ്രതിയുടെ ഡയറി പോലീസിനു ലഭിച്ചു.
കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നാണ് കുട്ടികളെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടത്. കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങള്‍, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തികചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം പദ്മകുമാര്‍ വിശദമായി പഠിച്ചിരുന്നു. ശേഖരിച്ച വിവരങ്ങൾ ഡയറിയില്‍ ഓരോ പേജിലായി ഡയഗ്രം രൂപത്തില്‍ രേഖപ്പെടുത്തി. ഓരോ റോഡിലും ക്യാമറ എവിടെയെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും കുറിച്ചിട്ടു. ഇതനുസരിച്ചുള്ള നീക്കങ്ങളാണ് പദ്മകുമാര്‍ അടുത്തിടെ നടത്തിയത്. മാസങ്ങളോളം ഇതിനായി ചെലവഴിച്ചു.