ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമം. കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ നവീകരണത്തിന് തുടക്കമായി. ടെന്‍ഡർ നടപടികൾ പൂർത്തിയാക്കിയ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമനിര്‍മാണാനുമതി ലഭിച്ചു.
46 ഏക്കര്‍ വിസ്തൃതിയിലാണ് 445.95 കോടി രൂപ ചിലവ് കണക്കാക്കിയ വികസന പദ്ധതി വരുന്നത്. ‘എയര്‍ കോണ്‍കോഴ്സ്’ എന്ന ആകാശ ഇടനാഴി ഉൾപ്പെടുന്നതാണ് പദ്ധതി. 48 മീറ്റര്‍ വീതിയിലാണ് കോണ്‍കോഴ്സ് വരുന്നത്. സ്റ്റേഷന് പുറത്ത് കൂടി പ്ലാറ്റ് ഫോമുകൾക്ക് മുകളിലൂടെ ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന ഇടനാഴിയാണ് ഇത്. സ്റ്റാളുകളും ഓഫീസുകളും എല്ലാം ഇടനാഴിക്ക് അകത്ത് തന്നെ ഉണ്ടാവും.

ഇതിനായി നിലവിലെ അഞ്ചുമീറ്റര്‍ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ക്കുപകരം 12 മീറ്റര്‍ വീതിയിലുള്ള രണ്ട് പുതിയ ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കും. പാര്‍ക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവര്‍ബ്രിഡ്ജുകളില്‍നിന്നും കോണ്‍കോഴ്‌സില്‍നിന്നും സ്‌കൈവാക്ക് സൗകര്യമുണ്ടാവും. സ്റ്റേഷന് മുകളിലൂടെ പാർക്കിങ് സ്ഥലത്തേക്ക് നടന്ന് എത്താം.
ഓഫീസുകളും ക്വാർട്ടേഴ്സുകളും മാറും
നിലവിലെ മുഴുവന്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സുകളും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് ടവറുകളിലായി ബഹുനില ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കും. ആദ്യഘട്ടത്തില്‍ നാല് പ്ലാറ്റ്ഫോമുകള്‍ നിര്‍മിക്കും. കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമായി ഒരേസമയം 1100 കാറുകള്‍ക്കും 2500 ഇരുചക്രവാഹനങ്ങള്‍ക്കും 100 ബസുകള്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യമൊരുക്കും.
പടിഞ്ഞാറുഭാഗത്ത് 4.2 ഏക്കറില്‍ വാണിജ്യകേന്ദ്രം വരും. പുതിയ സ്റ്റേഷനില്‍ പ്രവേശനത്തിനും പുറത്തേക്കിറങ്ങാനും പ്രത്യേക കവാടങ്ങളായിരിക്കും. മള്‍ട്ടിപ്ലക്‌സ്, മികച്ച ഓഫീസ് സ്‌പേസ്, രാജ്യാന്തര നിലവാരമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളുള്ള വാണിജ്യകേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാവും. ഫ്രാന്‍സിസ് റോഡില്‍നിന്ന് നിലവിലെ നാലാമത്തെ പ്ലാറ്റ്‌ഫോം ഭാഗത്തേക്ക് നേരിട്ട് പ്രവേശനം സാധ്യമാവും.
നിര്‍ദിഷ്ട മെട്രോസ്റ്റേഷനെ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിച്ച് നിലവിൽ വരുന്ന ടെര്‍മിനലിലേക്ക് വഴിയും വിഭാവനം ചെയ്യുന്നുണ്ട്.

മുംബൈ അന്ധേരി ഗൊരേഗാവ് നിന്നുള്ള നിര്‍മാണക്കമ്പനിയായ വൈ.എഫ്.സി.യുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് നിര്‍മാണക്കരാര്‍ എടുത്തിരിക്കുന്നത്. ഡല്‍ഹി മെട്രോറെയില്‍ അടക്കം വന്‍കിടപദ്ധതികള്‍ പൂര്‍ത്തീകരിച്ച കമ്പനിയാണ് വൈ.എഫ്.സി. സേലം ആസ്ഥാനമായുള്ള റാങ്ക് പ്രോജക്ട്സ് ആന്‍ഡ് പ്രൈവറ്റ് ലിമിറ്റഡാണ് കെട്ടിടനിര്‍മാണത്തിന് വൈ.എഫ്.സി.യുമായി സഹകരിക്കുന്നത്. മൂന്നുവര്‍ഷമാണ് നിര്‍മാണക്കാലാവധി.