മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ അരീക്കോട്- മഞ്ചേരി പാതയില്‍ ചെട്ടിയങ്ങാടിയിലാണ് അപകടം.
ഓട്ടോ യാത്രക്കാരായ ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പയ്യനാട് തടപ്പറമ്പ് പുതുപ്പറമ്പില്‍ അബ്ദുല്‍മജീദ് (58), മഞ്ചേരി കിഴക്കേത്തല കരിമ്പുള്ളകത്ത് ഹമീദിന്റെ ഭാര്യ മുഹ്സിന(35), സഹോദരിയും കരുവാരക്കുണ്ട് ഐലാശ്ശേരി വെള്ളയൂരിലെ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ തസ്നി (33), തസ്നിയുടെ മക്കളായ റിന്‍ഷ ഫാത്തിമ (12), റൈഹ ഫാത്തിമ (നാല്) എന്നിവരാണ് മരിച്ചത്.
മുഹ്സിനയുടെ മക്കളായ ഹസ ഫാത്തിമ (ആറ്), മുഹമ്മദ് നിഷാദ് (11), മുഹമ്മദ് അഹ്സന്‍ (നാല്), തസ്നിയുടെ മകന്‍ മുഹമ്മദ് റയാന്‍ (ഒന്ന്) എന്നിവര്‍ക്ക് പരിക്കേറ്റു. ബസിലെ ആര്‍ക്കും പരിക്കില്ല. കുട്ടികളടക്കം ഒന്‍പതുപേരാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. അബ്ദുല്‍ മജീദും തസ്നിയും റിന്‍ഷാ ഫാത്തിമയും സംഭവസ്ഥലത്തുവെച്ചും മുഹ്സിനയും റൈഹ ഫാത്തിമയും മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയിലുമാണ് മരിച്ചത്.

മഞ്ചേരി കിഴക്കെത്തലയില്‍നിന്ന് പൂല്ലൂരിലുള്ള ഉമ്മയുടെ വീട്ടിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്നു കുടുംബം. വിദേശത്തുനിന്ന് രണ്ടുദിവസം മുന്‍പ് നാട്ടിലെത്തിയ തസ്നി കഴിഞ്ഞദിവസം മാതാപിതാക്കളെ കാണാന്‍ മഞ്ചേരിയിലെ വീട്ടിലെത്തിയതാണ്. ഇവിടെനിന്ന് വല്യുമ്മയുടെ പുല്ലൂരിലെ വീട്ടിലേക്ക് പോകുകയായിരുന്നു.
കര്‍ണാടകയിലെ ഹൊസൂരില്‍നിന്നുള്ള അയ്യപ്പഭക്തരാണ് ബസ്സിലുണ്ടായിരുന്നത്. അപകട കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.