കേരളത്തിൽ കോവിഡ് കേസുകളുടെ പേരിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ശ്രമമമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത രോഗികളടെ എണ്ണവും മരണവും ചൂണ്ടികാട്ടി ഭീതി ഉയർത്താനാണ് ശ്രമം. കേരളത്തിലെ പരിശോധനാ സമ്പ്രദായങ്ങളുടെ കൃത്യതയും ആരോഗ്യവകുപ്പിൻ്റെ ജാഗ്രതയും മൂലം കണ്ടെത്തുന്ന കേസുകൾ ഭീതതമായി അവതരിപ്പിക്കയാണ്.
തീർത്തും തെറ്റായ കാര്യമാണ് പ്രചരിപ്പിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. നവംബർ മാസത്തിൽ തന്നെ കോവിഡ് കേസുകളിൽ ചെറുതായി വർദ്ധനവ് കണ്ടിരുന്നു. ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിർദേശം നൽകി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി. സാമ്പിളുകൾ ഹോൾ ജിനോം സീക്വൻസിംഗ് പരിശോധനയ്ക്ക് അയയ്ക്കാൻ മന്ത്രിതല യോഗത്തിൽ അന്നുതന്നെ തീരുമാനിച്ചു. നവംബർ മുതൽ ഹോൾ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു വരുന്നു. അതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആൾക്കാണ് ഇത് കണ്ടെത്തിയത്. അവർ വീട്ടിൽ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി. ഇത് ഉയർത്തിക്കാട്ടിയാണ് ഇപ്പോൾ കേരള വിരുദ്ധ പ്രചാരണം.
അതേസമയം കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരിൽ ജെഎൻ 1 ഉണ്ടെന്ന് സിംഗപ്പൂർ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അർത്ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കോവിഡ് വകഭേദം ഉണ്ടെന്നാണ്.
കേരളത്തിൽ ഇത് ഇവിടെ തന്നെ പരിശോധനയിലൂടെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത. കേരളത്തിലെ സംവിധാനങ്ങളുടെ മികവു കൊണ്ടും ജാഗ്രത കൊണ്ടുമാണ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഐസിയു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. ഇപ്പോഴുമിത് നിരീക്ഷിക്കുന്നുണ്ട്.
മരിച്ച ആളുകൾക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ആരും തന്നെ കോവിഡ് മൂലം മാത്രം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയവരാണ്. കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങൾ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാൻ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാൻ കരുതൽ സ്വീകരിക്കണം. മന്ത്രി പറഞ്ഞു.