മിസ്റ്റര്‍ ചാന്‍സലര്‍, ഇവിടെ വിഷം തുപ്പരുത് എന്നുള്‍പ്പെടെ എഴുതിയ ബാനറുകളാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉയര്‍ത്തിയത്.
കറുത്ത നിറമുള്ള തുണികളിലാണ് എല്ലാ ബാനറുകളും. ക്യാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. തുടര്‍ന്ന് പ്രകടനമായി സര്‍വ്വകലാശാലാ ആസ്ഥാനത്തെത്തിയ വിദ്യാര്‍ഥികള്‍ കവാടത്തില്‍ ബാനര്‍ കെട്ടി.

തലസ്ഥാനത്തെ മറ്റു കോളേജുകളിലും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധം വ്യാപകമാക്കി.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പരിപാടികള്‍ക്ക് ശേഷം ഗവർണർ തിരുവനന്തപുരത്ത് എത്തുന്നതിന് മുന്നോടിയായാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.

‘അടിയന്തരാവസ്ഥയെ ഭയന്നിട്ടില്ല, പിന്നെയാണോ ആരിഫ് ഖാനെ. SANGHI CHANCELLOR QUIT KERALA’ എന്നും ആവശ്യപ്പെടുന്നു.
പ്രതിഷേധകരെ വെട്ടിച്ച് നേരത്തെ മടങ്ങി
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെ സെമിനാറില്‍ പങ്കെടുത്ത് ഗവർണർ നേരെ കരിപ്പൂരിലെ വിമാനത്താവളത്തിലേക്ക് മടങ്ങി. സെമിനാറില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് പോയശേഷം രാത്രി 7.05ഓടെ പോകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ പ്രതിഷേധം തുടര്‍ന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദേശീയപാതയിലേക്ക് മാര്‍ച്ച് നടത്തി. ദേശീയ പാത ഉപരോധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടയിലാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് മടങ്ങിയത്. ആറെ കാലോടെ ഗവര്‍ണര്‍ വിമാനത്താവളത്തിലെത്തി.