”ബ്രിജ് ഭൂഷണിന്റെ ബിസിനസ് പങ്കാളിയും അടുത്ത അനുയായിയുമായ ആളാണ് റസ്ലിങ് ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്. ഈ സാഹചര്യത്തില്‍ ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പട്ട ഗുസ്തി ഉപേക്ഷിക്കുന്നു.
നാല്‍പതുദിവസമാണ് ഡല്‍ഹിയുടെ തെരുവില്‍ ഇരുന്നും ഉറങ്ങിയും നീതിക്കായി ഞങ്ങള്‍ പോരാടിയത്. ഇനിയും പോരാട്ടം തുടരും.”
പൊട്ടിക്കരഞ്ഞുകൊണ്ട് നീല നിറമുള്ള തന്റെ ബൂട്ടുകള്‍ മേശപ്പുറത്തുവെച്ച് ഇന്ത്യയുടെ അഭിമാനതാരം സാക്ഷി മാലിക് പറഞ്ഞു.
കാറില്‍ കയറിയിട്ടും പ്രിയപ്പെട്ട ഗുസ്തി നിര്‍ത്തുന്നതിന്റെയും നീതികേടിന്റെയും സങ്കടത്തില്‍ അവര്‍ സ്റ്റിയറിങ് വീലില്‍ തലയടിച്ചു കരഞ്ഞുകൊണ്ടേയിരുന്നു.
2023 ജനുവരിയിലാണ് വിവാദം പ്രക്ഷോഭമായി രൂപംമാറിയത്. ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ.) പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് എം.പി.ക്കെതിരെ വനിതാ ഗുസ്തിതാരങ്ങള്‍ ലൈംഗികാതിക്രമം ആരോപിച്ചതോടെയാണ് സംഭവത്തിന് തുടക്കമിടുന്നത്. സമ്മതമില്ലാതെ സ്വകാര്യഭാഗങ്ങളില്‍ തൊടുക, പിന്തുടരുക, ഭീഷണിപ്പെടുത്തുക, പ്രൊഫഷണല്‍ സഹായത്തിന് പകരമായി ‘ലൈംഗിക ആനുകൂല്യങ്ങള്‍’ ആവശ്യപ്പെടുക തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നതും പ്രധാന ആരോപണമായിരുന്നു. കുറഞ്ഞത് 15 ലൈംഗിക പീഡനസംഭവങ്ങളാണ് പരാതിയില്‍ ഉള്‍പ്പെട്ടിരുന്നത്. ഭൂഷണിന്റെ പ്രവൃത്തികള്‍ തങ്ങളില്‍ വലിയ ആഘാതം സൃഷ്ടിച്ചുവെന്ന് പരാതിക്കാരായ ഗുസ്തിക്കാര്‍ പറഞ്ഞു. ഭൂഷണിന്റെ കണ്ണില്‍ ഒറ്റയ്ക്ക് പെടാതിരിക്കാനായി വനിതാ ഗുസ്തിതാരങ്ങള്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടമായി പോകുന്ന സ്ഥിതിപോലുമുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. താനുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനുള്ള ശ്രമത്തെ എതിര്‍ത്തതിനാല്‍ വരാനിരിക്കുന്ന ടൂര്‍ണമെന്റ് ട്രയല്‍സില്‍നിന്ന് ഒഴിവാക്കുമെന്ന് ഭൂഷണ്‍ തന്നെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിലൊരാള്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി തുടരുന്ന ആക്രമണം പേടികൊണ്ടാണ് ഇതുവരെ പുറത്തുപറയാതിരുന്നതെന്ന് താരങ്ങള്‍ ആരോപിച്ചു. 2012 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ റെസ്റ്റോറന്റിലും ഡബ്ല്യു.എഫ്.ഐ. ഓഫീസിലും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ടൂര്‍ണമെന്റുകളിലുമുണ്ടായ സംഭവങ്ങളാണ് ആരോപണത്തിലുള്ളത്.
ഭൂഷണെ ഗുസ്തി ഫെഡറേഷന്റെ തലപ്പത്തുനിന്നുമാറ്റണമെന്നും ശിക്ഷ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ താരങ്ങള്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ലൈംഗികാതിക്രമത്തിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ ഭൂഷണെതിരേ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യുമെന്നും ഗുസ്തിക്കാര്‍ പറഞ്ഞു. ടോക്യോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്രങ് പുനിയ, രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേത്രിയായ വിനേഷ് ഫോഗട്ട്, റിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയ ആദ്യ വനിത അന്‍ഷു മാലിക് എന്നിവരായിരുന്നു പ്രതിഷേധത്തിന്റെ മുഖങ്ങള്‍. മുപ്പതോളം ഗുസ്തിതാരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ ജനുവരി 18-ന് കായികമന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു.
സംഭവം പുറത്തുവന്നതോടെ കായികതാരങ്ങള്‍ക്ക് പിന്തുണയുമായി ഒട്ടേറെ ആളുകളെത്തി. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന അവസ്ഥ വന്നതോടെ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായി. എന്നാല്‍, അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ഒടുവിലും പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിച്ചില്ല. ഹരിയാണ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ഗുസ്തിക്കാരും പിന്തുണയുമായി എത്തിയിരുന്നു. എന്നിരുന്നാലും, പ്രതിഷേധത്തിന് പിന്തുണയുമായി രാഷ്ട്രീയവിഭാഗങ്ങള്‍ എത്തിയെങ്കിലും പ്രതിഷേധം രാഷ്ട്രീയവത്കരിക്കില്ല എന്ന നിലപാട് ഗുസ്തി താരങ്ങള്‍ ആവര്‍ത്തിച്ചു. പ്രതിഷേധം നീണ്ടതോടെ ബി.ജെ.പി. അംഗവും മുന്‍ ഗുസ്തി താരവുമായ ബബിത ഫോഗട്ട് ഗുസ്തിക്കാരെ കണ്ട് സര്‍ക്കാരിനോട് സംസാരിക്കാമെന്ന് ഉറപ്പുപറഞ്ഞു. സര്‍ക്കാരിലും സമ്മര്‍ദം വന്നുതുടങ്ങിയ സാഹചര്യത്തില്‍ അന്വേഷണം നടക്കുമെന്ന് കായികമന്ത്രി നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് ഗുസ്തിതാരങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ഒളിമ്പിക് അസോസിയേഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ഒളിമ്പിക് മെഡല്‍ ജേതാവും എം.പി.യുമായ മേരി കോമിന്റെ നേതൃത്വത്തില്‍ ജനുവരി 20-ന് ഏഴംഗ സമിതി രൂപവത്കരിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ ആരോപണങ്ങളെല്ലാം ഗുസ്തി ഫെഡറേഷന്‍ നിഷേധിച്ചു. ഇങ്ങനെയൊരു സംഭവം അതുവരെ നടന്നിട്ടില്ലെന്ന് ഫെഡറേഷന്‍ വിശദീകരണം നല്‍കി. ഇതേദിവസം തന്നെ ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ തത്സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. രണ്ടുദിവസത്തിനുശേഷം സര്‍ക്കാരിന്റെ കീഴില്‍ മേരികോം തന്നെ നേതൃത്വം നല്‍കുന്ന അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു. ഈ സംഘത്തിന് നാലാഴ്ചയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരുന്നത്.
ഫെബ്രുവരി 13-ന് കമ്മിറ്റിയുടെ സമയം രണ്ടാഴ്ചത്തേക്കുകൂടി നീട്ടിക്കൊടുത്തുകൊണ്ട് ഉത്തരവായി. അപ്പോഴും ആരോപണം നേരിടുന്ന പ്രതി പുറത്തുതന്നെയായിരുന്നു. ഏപ്രില്‍ 16-ന് ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് മേയ് 7-ന് നടത്താന്‍ തീരുമാനിച്ചുള്ള അറിയിപ്പുവന്നു. എന്നാല്‍ താനിനി മത്സരത്തിനില്ല എന്ന് ബ്രിജ് ഭൂഷണ്‍ അറിയിച്ചു. അപ്പോഴും സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല.
രണ്ടാംഘട്ട പ്രതിഷേധം
ബ്രിജ് ഭൂഷണെതിരെ നടപടിയൊന്നുമാവാത്തതിനാല്‍ ഏപ്രില്‍ 23-ന് വീണ്ടും സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, പുനിയ എന്നിവരുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ പ്രക്ഷോഭം ആരംഭിച്ചു. ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം പുനരാരംഭിച്ചത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലീസും സര്‍ക്കാരും ഒന്നും ചെയ്തിട്ടില്ലെന്ന് അവര്‍ ആരോപിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ ചുമത്തിയെങ്കിലും രാഷ്ട്രീയക്കളരിയില്‍ ശക്തനായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. ആരോപണം അന്വേഷിക്കുന്ന കമ്മറ്റിക്കുമുമ്പില്‍ 12 പേര്‍ മൊഴി കൊടുത്തു. അതില്‍ ഏഴുപേര്‍ ബ്രിജ് ഭൂഷണെതിരെ പ്രത്യേകം കേസ് നല്‍കി. എന്നാല്‍, ഇതില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍പോലും ഡല്‍ഹി പോലീസ് തയ്യാറായില്ല.
സമ്മര്‍ദങ്ങളെ തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ പുറത്തുവന്നു. ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം യഥാവിധി രൂപവത്കരിക്കേണ്ട ആന്തരിക പരാതി സമിതിയുടെ അഭാവം മേല്‍നോട്ട സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളില്‍ ഒന്നാണെന്ന് ഏപ്രില്‍ 24-ന് കായികമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഡബ്ല്യു.എഫ്.ഐ.യുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ‘അസാധുവായും’ മന്ത്രാലയം പ്രഖ്യാപിച്ചു. പാനല്‍ രൂപവത്കരിച്ച് 45 ദിവസത്തിനുള്ളില്‍ ഡബ്ല്യു.എഫ്.ഐ. തിരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവില്‍ ഡബ്ല്യു.എഫ്.ഐ. പ്രവര്‍ത്തിപ്പിക്കാനായി ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിക്കാനും ഐ.ഒ.എ. പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് അയച്ച കത്തില്‍ മന്ത്രാലയം ആവശ്യപ്പെട്ടു. അതിനെത്തുടര്‍ന്ന് മൂന്നംഗപാനല്‍ നിലവില്‍വന്നു.
അതിനിടെ ഏപ്രില്‍ 25-ന് സിങ്ങിനെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സിങ്ങിനെതിരായ ലൈംഗികാരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സുപ്രീംകോടതി വിലയിരുത്തുകയും വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കുകയും ചെയ്തു.
മേയ് 3- ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. സോമനാഥ് ഭാരതി അനുയായികളുമായി അനുവാദമില്ലാതെ പ്രതിഷേധ സ്ഥലത്ത് എത്തിയതായി ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പോലീസും അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബജ്രംഗ് പുനിയ, വിനേഷ്, സംഗീത, ദുഷ്യന്ത് ഫോഗട്ട്, രാഹുല്‍ യാദവ് എന്നിവരെ പോലീസ് ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി വന്നു. മദ്യപിച്ചെത്തിയ ഒരു പോലീസുകാരന്‍ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീതാ ഫോഗട്ട് എന്നിവരോട് മോശമായി പെരുമാറിയതായും പ്രതിഷേധക്കാര്‍ ആരോപിച്ചു. സ്ഥലത്ത് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രതിഷേധ സ്ഥലത്തേക്കുള്ള എല്ലാ റോഡുകളും കനത്ത ബാരിക്കേഡുകളിട്ട് പോലീസ് അടച്ചുപൂട്ടി.
ഭൂഷണിന്റെ മൊഴികളും വനിതാ ഗുസ്തിക്കാരുടെ മൊഴികളും ചേര്‍ന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയ വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) രൂപം നല്‍കി. ഭൂഷണെ എസ്.ഐ.ടി. രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും തനിക്കെതിരെയുള്ള എല്ലാ കേസുകളും അദ്ദേഹം നിഷേധിച്ചു. അതിനിടെ മൊഴി രേഖപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അവളുടെ പിതാവിന്റെ സമ്മര്‍ദം കാരണം കേസ് പിന്‍വലിച്ചു.
2023 മേയ് 28-ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ന്യൂഡല്‍ഹിയിലെ ന്യൂ പാര്‍ലമെന്റ് ഹൗസില്‍ ഒരു വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രതിഷേധക്കാര്‍ തീരുമാനിച്ചു. എന്നാല്‍, ഉദ്ഘാടന സ്ഥലത്തേക്ക് മാര്‍ച്ച് ചെയ്യരുതെന്ന് പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹി പോലീസ് മുന്നറിയിപ്പ് നല്‍കി. ഗുസ്തിക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഖാപ് നേതാക്കളെയും കര്‍ഷകരെയും മാര്‍ച്ചില്‍ ചേരുന്നത് തടയാന്‍ പോലീസ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. നിരവധി കര്‍ഷകനേതാക്കളെയും അവരുടെ അനുഭാവികളെയും അതിര്‍ത്തികളില്‍നിന്ന് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാര്‍ പുതിയ പാര്‍ലമെന്റ് ഹൗസിലേക്ക് മാര്‍ച്ച് തുടങ്ങിയപ്പോള്‍ അവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് ഡല്‍ഹി പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. അറസ്റ്റുചെയ്ത ഗുസ്തിക്കാരെ പോലീസ് ബസ്സുകളില്‍ കയറ്റി വിവിധ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി. 109 പ്രതിഷേധക്കാര്‍ ഉള്‍പ്പെടെ 700 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, കലാപമുണ്ടാക്കിയതിനും ഡ്യൂട്ടി നിര്‍വഹിക്കുന്ന പൊതുപ്രവര്‍ത്തകരെ തടസ്സപ്പെടുത്തിയതിനുമായിരുന്നു കേസ്. അതോടെ ലോകശ്രദ്ധ ഇന്ത്യന്‍ ഗുസ്തിക്കാരിലേക്ക് തിരിഞ്ഞു. ഗുസ്തിക്കാരെ പിടികൂടി താത്കാലികമായി തടങ്കലില്‍ വച്ചതിനെ അന്താരാഷ്ട്ര കായികസംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങും ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയും ശക്തമായി അപലപിക്കുകയും ഭൂഷണിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, അതുകഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും കേസന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടായില്ല. തങ്ങള്‍ക്ക് ലഭിച്ച ഒളിമ്പിക് മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. അതിനായി ഒരുങ്ങിയെങ്കിലും കര്‍ഷകസംഘടനയുടെ ഇടപെടലിനെത്തുടര്‍ന്ന് അവര്‍ അതില്‍നിന്നും പിന്‍മാറുകയായിരുന്നു. അതേസമയം ഗുസ്തി താരങ്ങളുടെ ഒളിമ്പിക് മെഡലുകള്‍ക്ക് 15 രൂപയുടെ വിലയേ ഉള്ളുവെന്ന് ബ്രിജ് ഭൂഷണ്‍ പ്രസ്താവനയിറക്കിയത് താരങ്ങളെ വീണ്ടും പ്രകോപിപ്പിച്ചു. പ്രക്ഷോഭം തുടരുന്നതിനിടയില്‍ ജൂണ്‍ 7-ന് കായികമന്ത്രിയുമായി വീണ്ടും ഗുസ്തി താരങ്ങള്‍ കൂടിക്കാഴ്ച നടത്തി. കേസന്വേഷിച്ച് കുറ്റപത്രം ജൂണ്‍ 15-ന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപ്രകാരം ലൈംഗികാതിക്രമം, അറിയാതെ പിന്തുടരല്‍, ആക്രമണം, സ്ത്രീക്കെതിരേ കൈയേറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തി ബ്രിജ് ഭൂഷണെതിരേ ഡല്‍ഹി പോലീസ് കുറ്റപത്രം നല്‍കി. എന്നാല്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസ് നിലനില്‍ക്കാനാവശ്യമായ തെളിവുകളില്ലെന്നും പോക്‌സോ ചുമത്താനാവില്ലെന്നും പോലീസ് അറിയിച്ചു. ഈ കേസ് പിന്‍വലിക്കാന്‍ പട്യാല കോടതിയില്‍ പോലീസ് ഹര്‍ജിയും നല്‍കി.
ബ്രിജ് ഭൂഷണെതിരേയുള്ള കുറ്റപത്രത്തില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ താരങ്ങള്‍ക്ക് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് തുടര്‍സമരം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു താരങ്ങള്‍. തെരുവിലറങ്ങിയ സമരം മാത്രമേ അവസാനിപ്പിക്കുന്നുള്ളുവെന്നും നിയമപരമായി കോടതിയില്‍ പോരാട്ടം തുടരുമെന്നും അവര്‍ പരസ്യമായി അറിയിച്ചിരുന്നു.
ഒരു വലിയ ശക്തിയോട് ഏറ്റുമുട്ടുമ്പോഴും വിജയപ്രതീക്ഷയ്ക്ക് അപ്പുറം ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ആഗ്രഹമാണ് അവരെ മുന്നോട്ടുനയിച്ചത്. ലോകം മുഴുവന്‍ സ്ത്രീ സുരക്ഷയും ലിംഗ സമത്വവും ആവര്‍ത്തിച്ചുറപ്പിക്കുന്ന ഒരു കാലത്ത് സ്വന്തം രാജ്യത്തിനുവേണ്ടി മത്സരിക്കുന്ന കായികതാരങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ഇന്ത്യ മുറവിളികൂട്ടുന്നത് ലജ്ജാവഹം തന്നെയാണ്. അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിനായി മെഡല്‍ വാരിക്കൂട്ടിയവരുടെ വാക്കുകള്‍ക്ക് ഒരു രാജ്യം എത്രത്തോളം ചെവി കൊടുക്കുന്നു എന്നതിനും ഇന്ത്യയില്‍ സ്ത്രീ സുരക്ഷയ്ക്ക് മുകളിലാണോ വ്യക്തിതാത്പര്യങ്ങള്‍ എന്നതിനും ഉത്തരമായിരിക്കും വരുംദിവസങ്ങളില്‍ ബ്രിജ് ഭൂഷണ് നേരെയുണ്ടാകുന്ന ഓരോ നടപടിയുമെന്ന് ഗുസ്തി താരങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. ഇങ്ങനെയൊരു തിരഞ്ഞെടുപ്പിലൂടെ വീണ്ടും താരങ്ങളും അവരുടെ അഭിമാനവും തോറ്റുുപോയിരിക്കുന്നു.