പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതകാരൻ റാഷിദ് ഖാൻ അത്യസന്ന നിലയിൽ. പ്രോസ്റ്ററേറ്റ് കാൻസറിന് ചികിത്സയിലായിരുന്ന ഉസ്താദ് ഖാൻ അമിത രക്ത സമ്മർദ്ദം മൂലം അത്യാസന്ന നിലയിലാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിൽ തുടരുകയാണ് ഇപ്പോൾ.
ചികിത്സയ്ക്ക് ഇടയിൽ സ്ട്രോക്ക് കൂടി വന്നതാണ് നിലവഷളാക്കിയത് എന്നാണ് റിപ്പോർട്ട്. 55 വയസാണ്. ഇന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള ക്ലാസിക്കൽ സംഗീത പ്രതിഭയാണ്. രാംപൂർ സഹസ്വാൻ ഖരാന ഗായകിയിലെ പാട്ടുകാരനാണ്. ഈ ഖരാനയുടെ സ്ഥാപകനായ മെഹബൂബ് ഖാൻ്റെ മകൻ ഇനായത് ഹുസൈൻ ഖാൻ്റെ പേരമകനാണ്. രാംപൂർ-സഹസ്വാൻ ഗായകി ഗ്വാളിയോർ ഖരാനയുമായി ബന്ധപ്പെട്ട് ഭാവതലങ്ങൾക്ക് പ്രാധാന്യം നൽകി രൂപപ്പെട്ട് വന്നതാണ്. റാഷിദ് ഖാൻ്റെ ആലാപനത്തെ ഇത് ജനപ്രിയവുമാക്കി തീർത്തു.

ശുദ്ധ ക്ലാസിക്കൽ മുതൽ സിനിമ വരെ
ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മരുമകൻ കൂടിയായ റാഷിദ് ഖാൻ കുട്ടിക്കാലം മുതൽ അദ്ദേഹത്തിന്റെ കീഴിലാണ് സംഗീതം അഭ്യസിച്ചത്. 11 വയസു മുതൽ കച്ചേരി അവതരിപ്പിക്കുന്നു. ബംഗാളിയിൽ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ബോളിവിഡിൽ tore bina mohe chain nahi, ayoge jab tum തുടങ്ങിയ ഗാനങ്ങളിലൂടെയും ശ്രദ്ധേയനായി. മൈ നെയിം ഈസ് ഖാൻ, കാദംബരി, ജബ് വി മെറ്റ്, തുടങ്ങിയ ചിത്രങ്ങളിലെ ആലാനം ഇദ്ദേഹത്തെ ജനപ്രിയ ഗായകനുമാക്കി.

ഇദ്ദേഹത്തിൻ്റെ വിളംബിത കാലത്തിലുള്ള ഖയാൽ ആലാപന ശൈലി ആരാധകർക്ക് ഇടയിൽ പ്രശസ്തമാണ്. 1988 ൽ പ്രശസ്ത സംഗീതകാരൻ ഭീം സെൻ ജോഷി ഇദ്ദേഹത്തെ ഇന്ത്യൻ വായ്പാട്ട് സംഗീതത്തിലെ വാഗ്ദാനം എന്ന് വിശേഷിപ്പക്കയുണ്ടായി. വിളംബിത-മധ്യ കാലങ്ങളിൽ, ഗാംഭീര്യസ്വരത്തിൽ, സങ്കീർണമായ താളഘടനയോടെ അവതരിപ്പിയ്ക്കപ്പെടുന്ന കൃതികളാണ് ഇദ്ദേഹം പിന്തുടരുന്ന രാംപൂർ സഹസ്വാൻ ഖരാനയുടെ സവിശേഷതയായി വിവരിക്കപ്പെടുന്നത്.

റാഷിദ് ഖാൻ്റെ രാഗവിസ്താരങ്ങളിൽ വൈകാരികതയുടെ പല തലങ്ങൾ ഉള്ളതായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ : “ചിലപ്പോൾ ആലാപനത്തിൽ ആയിരിയ്ക്കും വൈകാരികതയുടെ അതിസ്പർശം കടന്നു വരുന്നത്, ചിലപ്പോൾ ബന്ദിഷ് പാടുമ്പോൾ ആയിരിയ്ക്കും, ചിലപ്പോൾ കവിതയുടെ വരികൾക്ക് അർത്ഥം നൽകാനായിട്ടായിരിയ്ക്കാം”. ഈ വൈകാരിക ഘടകം ഹിന്ദുസ്ഥാനി സംഗീതത്തെ ജനങ്ങൾക്ക് ഇടയിലേക്ക് അടുപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവനയായി കരുതപ്പെടുന്നു.
1968 ൽ ഉത്തർ പ്രദേശിലെ ബദായൂൺ പ്രദേശത്താണ് ജനിച്ചത്. പശ്ചിമ ബംഗാളിലാണ് താമസം. 2006 ൽ പത്മശ്രീ ലഭിച്ചു. 15 വർഷങ്ങൾക്ക് ശേഷം 2022 ൽ പത്മഭൂഷൻ പുരസ്കാരവും സമ്മാനിച്ചു.
ഭാര്യ ജോയിറ്റ ബസു ഖാൻ, മക്കൾ സുഹ, ഷഹോണ, അർമാൻ. മുന്നു പേരും ഗായകരാണ്.