പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് അനുപം ഹസ്‌റയെ പാര്‍ട്ടി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. സിബിഐയുടേയോ ഇ.ഡിയുടേയോ സമന്‍സ് പ്രതീക്ഷിച്ച് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിലെ അഴിമതിക്കാരായ നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തന്നെ സമീപിച്ചാല്‍ മതിയെന്ന അനുപം ഹസ്‌റയുടെ കഴിഞ്ഞ മാസത്തെ പ്രസ്താവന വിവാദമായിരുന്നു.
പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് അനുപം ഹ്‌സറയെ നീക്കം ചെയ്തത്. നഡ്ഡയും ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാളില്‍ സന്ദര്‍ശനത്തിന് എത്തിയ ദിവസമാണ് നടപടി.
2014-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംപിയായ അനുപം ഹ്‌സറ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ബിജെപിയില്‍ പട്ടികജാതി വിഭാഗങ്ങളുടെ കേന്ദ്രീകരണത്തിന് നേതൃത്വം വഹിച്ചു. 2020-ലാണ് ബിജെപി ദേശീയ സെക്രട്ടറിയാക്കിയത്. ഈ വര്‍ഷം ബിഹാറിലെ പാര്‍ട്ടിയുടെ സഹചുമതലയും നല്‍കിയിരുന്നു.
കഴിഞ്ഞ മാസം അനുപം നടത്തിയ ഒരു പ്രസ്താവന അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതിനിടെ പാർട്ടിക്ക് കുരുക്കായി മാറിയിരുന്നു.
ഏത് അഴിമതിയും വെളുപ്പിക്കാനുള്ള വാഷിങ്‌മെഷീനാണ് ബിജെപി എന്ന് തൃണമൂല്‍ കോൺഗ്രസ് പ്രചാരണത്തിന് ഇത് ശക്തി പകർന്നു. സംസ്ഥാന നേതാക്കളെല്ലാം ഇതിനോട് മൗനം പാലിച്ച് മാറേണ്ടി വന്നു.
അന്വേഷണ ഏജൻസികളെ മുൻനിർത്തി ഭീഷണി രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ചു
‘ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് മടി തോന്നുന്നുവെങ്കില്‍, ‘നിങ്ങള്‍ക്ക് എന്റെ ഫേസ്ബുക്ക് പേജില്‍ വന്ന് എന്നെ ബന്ധപ്പെടാം. നിങ്ങളുടെ സേവനം എങ്ങനെ ഉപയോഗിക്കാമെന്ന് ഞങ്ങള്‍ നോക്കും’ അനുപം ഹസ്‌റ വിവാദ പ്രസ്താവനയ്ക്കിടെ കൂട്ടിച്ചേര്‍ത്തു.
42 സീറ്റുകളുള്ള ബംഗാളില്‍ 2019-ലെ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. 22 സീറ്റുകള്‍ തൃണമൂലും രണ്ടിടത്ത് കോണ്‍ഗ്രസും ജയിച്ചിരുന്നു.