പുതുവർഷത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ ഉടൻ വൻ കുറവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്തുടനീളം നടക്കാനിരിക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയം നീക്കം നടത്തുകയാണ്.
വിലക്കയറ്റം കേന്ദ്ര സർക്കാരിന് വോട്ട് ബാങ്കിൽ വലിയ ഭീഷണിയാണ്. നിയന്ത്രണമില്ലാത്ത വിലക്കയറ്റം കോവിഡിന് ഒപ്പം സാധാരണക്കാരന്റെ നടുവ് ഒടിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ അരിയും സവാളയും പരിപ്പുമെല്ലാം കയറ്റുമതി നിയന്ത്രിച്ച് വിലക്കയറ്റത്തിൽ നിന്ന് തലയൂരാനാണ് ശ്രമം.
10 രൂപ സാധ്യമോ
പെട്രോൾ ഡീസലിൽ വിലയിൽ ഏകദേശം 10 രൂപയോളം കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്ന് ഉടൻ വരുമെന്നാണ് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്.
ഓരോ സംസ്ഥാന സർക്കാരും വ്യത്യസ്തമായ നികുതികളും സെസും ചുമത്തുന്നതിനാൽ വാഹന ഇന്ധനത്തിന്റെ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും. ഉദാഹരണത്തിന് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.71 രൂപയും ഡീസലിന് 89.62 രൂപയുമാണ് . എന്നാൽ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 106.31 രൂപയും 92.78 രൂപയുമാണ് .
ഏകദേശം രണ്ട് വർഷം മുമ്പ് സെൻട്രൽ എക്സൈസ് പോളിസിയിൽ യഥാക്രമം എട്ട് രൂപയും ആറ് രൂപയും കുറച്ചപ്പോഴാണ് പെട്രോളിനും ഡീസലിനും ഇതിന് മുമ്പ് വില കുത്തനെ കുറഞ്ഞത് . ഇത് തിരഞ്ഞെടുപ്പ് സാഹചര്യം കഴിഞ്ഞതോടെ മെല്ലെ വർധിപ്പിച്ചു
രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്ന് അക്കത്തിലാണ്. കോവിഡ് മഹാമാരിയും റഷ്യ-ഉക്രെയ്ൻ യുദ്ധവും മൂലമുണ്ടായ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ക്രൂഡ് ഓയിൽ വില ഉയരുന്നതിലേക്ക് നയിച്ച ഒരു ഘട്ടത്തിൽ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു.
ആഗോള വിപണിയിൽ കുറയുമ്പോഴും ഇന്ത്യയിൽ തീ പിടിച്ച വില തുടരുന്നു
നിലവിൽ, ആഗോള ക്രൂഡ് വില കുത്തനെ ഇടിയുകയാണ്. ഇതും ആഭ്യന്തര ഇന്ത്യൻ വിപണിയിൽ വില കുറയ്ക്കാൻ സമ്മർദ്ദത്തിലാക്കും
2023-ൽ എണ്ണവില 10 ശതമാനം കുറഞ്ഞ് അവസാനിക്കാൻ സാധ്യതയുണ്ടെന്നും രണ്ട് വർഷത്തിനിടെ ഇത് ആദ്യത്തെ വാർഷിക ഇടിവായിരിക്കുമെന്നും റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കലണ്ടർ വർഷത്തിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 77.63 ഡോളറായിരുന്നു.
ലോകമെമ്പാടുമുള്ള എണ്ണ ഉൽപ്പാദിപ്പിക്കുന്ന പല രാജ്യങ്ങളും ഉൽപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും ഇത് വില വർദ്ധിപ്പിക്കാൻ സഹായിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകൾ.