വാടാമല്ലി പൂവുകൾ കാട് പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന സെമിത്തേരിയുടെ ദൃശ്യം എന്‍റെ മനസ്സിനെ ഒരു വലിയ കാന്തം പോലെ ആകർഷിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ആ സെമിത്തേരിയും ആരുടേതെന്നറിയാത്ത ഞാൻ കിടന്നുറങ്ങിയ കല്ലറയും എന്‍റെ സ്വപ്നങ്ങളിൽ വന്നു പൊയ്ക്കൊണ്ടേയിരുന്നു. പാതി മാഞ്ഞ് കത്തുന്ന ലൈറ്റ് പോസ്റ്റിന്‍റെ വെളിച്ചത്തിൽ വാടാമല്ലി പൂവുകൾ അവിടമാകെ കടും കറുപ്പ് നിറം പടർത്തിയിരുന്നു. എങ്കിലും ആ കല്ലറ ആരുടേതാണ്. ആവർത്തിച്ചു വരുന്ന സ്വപ്നങ്ങളിൽ നിന്നും പേര് വായിച്ചെടുക്കാൻ എനിക്ക് സാധിക്കുന്നില്ല. ആകെ ഓർമ്മ ഉള്ളത് ചുറ്റും പടർന്നു കിടക്കുന്ന കറുപ്പ് നിറവും, കല്ലറക്ക് മുകളിൽ പാകിയ മാർബിൾ കഷ്ണത്തിൽ നിന്നും ശരീരത്തിലേക്ക് തുളഞ്ഞു കയറിയ തണുപ്പും മാത്രം ആണ്.
രണ്ട് മാസങ്ങൾക്ക് മുൻപാണ് കാസർഗോഡ് നീലേശ്വരത്ത് എൽ.പി സ്കൂളിൽ അദ്ധ്യാപകനായി നിയമനം ലഭിച്ച് എത്തുന്നത്. ആദ്യ ജോലി ആണ്. പഠിച്ചിറങ്ങിയതിന് തൊട്ട് പിന്നാലെ ആണ് ലഭിച്ചത്. കത്ത് കിട്ടി അധികം താമസിക്കാതെ തന്നെ ബാഗിൽ കുറച്ച് തുണിയും കുറച്ച് പുസ്തകങ്ങളും, ഒരു കെട്ട് ബീഡിയും എടുത്തുകൊണ്ട് നീലേശ്വരത്തിന് ഉള്ള വണ്ടി പിടിച്ചു. യാത്ര പറയാൻ ആരും തന്നെ ഇല്ലാഞ്ഞത് കൊണ്ട് അതിനായി സമയം കളയേണ്ടി വന്നില്ല. ഒരു വിധത്തിൽ യാത്ര പറയാൻ ആളില്ലാത്തത് നല്ലതാണ്, പൂർണ്ണമായി വേര് മുറിച്ചെടുത്താൽ മാത്രമേ ചെടി മറ്റൊരു സ്ഥലത്തേക്ക് പിഴിതു നടാൻ സാധിക്കുക ഉള്ളൂ.
ജീവിതത്തിന്‍റെ സുഖവും കയ്പ്പും നിറഞ്ഞ യാഥാർത്യങ്ങൾ ഈ തീവണ്ടി യാത്രയിലൂടെ തുടങ്ങാൻ പോവുക ആണെന്ന് മനസ്സിൽ പറഞ്ഞുറപ്പിച്ച് കൊണ്ട് യാത്ര തുടങ്ങി. യാത്രകൾ മുൻപ് പലതും നടത്തിയിട്ടുണ്ട് എങ്കിലും തെക്കൻ കേരളത്തിൽ നിന്നും, കേരളത്തിന്‍റെ വടക്കേ അറ്റത്തേക്കുള്ള യാത്ര ആദ്യമായിരുന്നു. കാറ്റിനെ ഇരു വശങ്ങളിലേക്കും വകഞ്ഞു മാറ്റിക്കൊണ്ട് ഓർത്ത് നോക്കിയാൽ അനിയത്തി അമ്മുവിന്‍റെ തലമുടി നടുവേ ചീകിയൊതുക്കുന്നത് പോലെ തീവണ്ടി ഇഴഞ്ഞും, കുതിച്ചും മുന്നോട്ട് പൊയ്ക്കൊണ്ടേയിരുന്നു.ഇടയിൽ സ്റ്റേഷനുകളിൽ ചിലയാളുകൾ ഇറങ്ങി, ചിലരൊക്കെ കയറി. അവരിലൂടെ മലയാളവും വളഞ്ഞും, ചെറിഞ്ഞും മൂരി നിവർന്നും, കുറുകിയും ഒപ്പം യാത്ര ചെയ്തു.എന്നതാ എന്നാ എന്നൊക്കെ ചോദിച്ചുകൊണ്ട് കോട്ടയത്തിന്‍റെ മലയോര പ്രദേശങ്ങളിൽ ജീവിച്ച എനിക്ക് നീലേശ്വരം കാരുടെ ഭാഷ മനസ്സിലാകാൻ കുറച്ച് സമയം എടുത്തു.
സ്കൂളിൽ നിന്നും ഏകദേശം രണ്ട് കില് കിലോമീറ്റർ മാറിയാണ് താമസിക്കാനുള്ള ലോഡ്ജ് തരമായത്. ലോഡ്ജിന് നേരെ മുന്നിൽ റെയിൽവേ പാലം ആണ്, അതിനപ്പുറം സെമിത്തേരി. പാളത്തിലൂടെ പത്ത് മിനിറ്റ് നടന്നാൽ സ്കൂളിൽ എത്താം. പാളത്തിനോട് ചേർന്ന് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ചുറ്റ് മതിലിനകത്തൂടെ സ്കൂളിലേക്ക് എളുപ്പത്തിൽ കയറാം. വൈകുന്നേരം സ്കൂൾ വീട്ടാൽ കുട്ടികൾ എല്ലാം ഈ വഴിയാണ് പോകുന്നത്. ആദ്യമൊക്കെ കുട്ടികൾ പാളം മുറിച്ച് കടക്കുന്നത് കാണുമ്പോൾ ഭയം ആയിരുന്നു. ഞാൻ ജനിച്ച് വളർന്ന നാട്ടിൽ നിന്നും ബസ്സ് പിടിച്ച് കോട്ടയാണ് ടൌണിൽ വരണം റെയിൽവേ പാളം കാണണം എങ്കിൽ. അതുകൊണ്ടാകാം തീവണ്ടിയും അതിന്‍റെ ശബ്ദവും ഒരു കൌതുകം ആയി തന്നെ ഈ പ്രായത്തിലും ഞാൻ കൊണ്ട് നടക്കുന്നത്. ഇവിടുത്തെ കുട്ടികൾ ഈ കാതടപ്പിക്കുന്ന ശബ്ദവും, ഇരുമ്പ് മണക്കുന്ന കാറ്റും കൊണ്ടാണ് പെറ്റ് വീണത് തന്നെ. അവർക്ക് പാളം അങ്ങോട്ടും ഇങ്ങോട്ടും മുറിച്ച് കടക്കുന്നത് അത്ര വലിയ കാര്യം ഒന്നുമല്ല.
ലോഡ്ജ് മുറിയിലെ ചൂടും ഇടയ്ക്കിടെ ഉള്ള തീവണ്ടികളുടെ അലറിച്ചയും ആദ്യ ദിവസങ്ങളിലെ ഉറക്കത്തെ നല്ലത് പോലെ തന്നെ ബാധിച്ചു.
തൃശ്ശൂര്കാരൻ ഒരു ജോസഫ് മാഷാണ് റൂമ്മേറ്റ്. പഹയൻ ഉറങ്ങുന്നത് കണ്ടാൽ കൊതി ആകും. പാതിരാ തിരിഞ്ഞ നേരത്ത് ചൂളം അടിച്ചുകൊണ്ട് അലറിയോടുന്ന തീവണ്ടികൾ അയാൾക്ക് താരാട്ട് പാടി കൊടുക്കുക ആണെന്ന് തോന്നിപ്പോകും. ഓരോ അലർച്ചയിലും പാതി ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണരുമ്പോൾ ജോസഫ് മാഷ് അമ്മയുടെ മടിയിൽ ചൂട് പറ്റി കിടക്കുന്നത് പോലെ ഒന്നുകൂടി പുതപ്പിന് ഉളിലേക് നൂഴന്ന് കയറും. ആദ്യമൊക്കെ ജോസഫ് മഷിനും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു. പൊകെ പൊകെ അത് ശീലം ആയി. കേട്ട് കേട്ട് ചെവി തഴമ്പിച്ചു കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് തൂവൽ തൊടുന്ന സുഖം ആയിരിക്കും എന്ന വിചിത്രവാദം അയാൾ പറഞ്ഞു. എന്നിട്ടും എന്‍റെ ഉറക്കം നീണ്ടും കുറുകിയും പോയിക്കൊണ്ടേയിരുന്നു.
ഉറക്കം കഴിഞ്ഞാൽ പിന്നെ ജോസഫ് മാഷിൽ എനിക്ക് അസൂയ ജനിപ്പിച്ചത് അയാൾക്ക് ആഴ്ചതോറും വന്ന് കൊണ്ടിരുന്ന കത്തുകൾ ആയിരുന്നു. ചോദ്യങ്ങളും, ഉത്തരങ്ങളും, മറുചോദ്യങ്ങളും ഒക്കെ ആയി കത്തുകൾ കൈമാറാൻ അയാൾക്ക് ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. ഒരു സഞ്ചി നിറയെ ഇല്ലന്‍റ് വാങ്ങി ഭിത്തിയിലെ ആണിയിൽ തൂക്കി ഇട്ടിട്ടുണ്ട്. രാത്രിയിൽ ആണ് അയാൾ കത്തുകൾ എഴുതുക. ആ സമയത്ത് ഒരു ജീവിത കാലത്തിന്‍റെ മൊത്തം വ്യഥകളും ഇറക്കി വെക്കുന്ന മുഖഭാവം ആയിരിക്കും.
എനിക്ക് കത്തുകൾ എഴുതാനും അയക്കാനും ആരും തന്നെ ഉണ്ടായിരുന്നില്ല. ജീവിത വ്യഥകളും, വിശേഷങ്ങളും പുറത്ത് പറയാൻ മനസ്സിനുള്ളിൽ ഒരു ഭാരം ആയി അടിഞ്ഞു കൂടി. മനസ്സിലെ ചിന്തകൾക്ക് താങ്ങാവുന്നതിലും ഭാരം ആകുമ്പോൾ ലോഡ്ജ് മുറിയുടെ വരാന്തയിൽ ഒരു ബീഡിയും വലിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പായുന്ന തീവണ്ടികളേയും അതിനുള്ളിലെ നൂറ് കണക്കിന് ആളുകളേയും കണ്ട് ഞാൻ നിൽക്കും.പാളത്തിന് പുറകിലെ സെമിത്തേരി എന്‍റെ മനസ്സ് പോലെ തന്നെ നൂറ് കണക്കിന് മനുഷ്യരുടെ ഓർമ്മകളുടെ ചാവുനിലം ആയി അവശേഷിക്കും.
മാർച്ച് ഏപ്രിൽ മാസങ്ങളിൽ അവിടമാകെ വരണ്ട് ചുറ്റും തവിട്ടു നിറമായിരിക്കും. അപരാഹ്നങ്ങളിൽ സൂര്യൻ ചുവന്ന വട്ട പൊട്ട് പോലെ നിൽക്കുമ്പോൾ, ഒരുപാട് ചുംബിച്ച കാമുകിയുടെ നെറ്റിത്തടം എനിക്ക് ഓർമ്മ വന്നു. അപ്പോഴും അവളുടെ മുഖം ഞാൻ മറന്നിരുന്നു.
സന്ധ്യകളിൽ സൂര്യൻ ചുറ്റിലും സ്വർണ്ണഛവി പടർത്തും. ഭൂമി സ്വർണ്ണ നിറത്തിൽ കുളിച്ച് നിൽക്കുമ്പോൾ സെമിത്തേരിയുടെ ഒരു പകുതി മാത്രം കറുപ്പ് പടർത്തി നിൽക്കുന്നു. കണ്ട കാഴ്ചയിൽ ചോദ്യ ചിന്നം പോലെ വളഞ്ഞ എന്‍റെ പുരികം ജോസഫ് മാഷിന്‍റെ ഉത്തരത്തിൽ ആണ് തിരികെ പൂർവ്വ സ്ഥിതിയിലേക്ക് വന്നത്.
“ അത് കാടാടോ, വാടാമല്ലി പൂവുകളുടെ കാട് “
വയലറ്റ് നിറത്തിൽ പടർന്നു കിടക്കുന്ന വാടാമല്ലി പൂവുകൾ സൂര്യന്‍റെ ചുവപ്പ് രശ്മിയിൽ കറുത്ത നിഴൽ പടർത്തി കിടക്കുക ആണ്.
അന്ന് രാത്രിയിൽ തന്നെ ആണ് ഞാൻ ആദ്യമായി ആ സെമിത്തേരിയിൽ കയറിയതും.
സമയം ഏകദേശം പതിനൊന്ന് മണി കഴിഞ്ഞിരുന്നു. പിൻ കഴുത്തിലെ വിയർപ്പിൽ നിന്നും തലയണയിൽ നനവ് പടർന്നപ്പോഴാണ് ജോസഫ് മാഷ് എന്നെയും കൊണ്ട് സെമിത്തേരിയിലേക്ക് പോയത്. ചൂടുള്ള സമയത്ത് സെമിത്തേരിയിലെ കല്ലറകളുടെ മുകളിൽ കയറി കിടക്കുന്ന രീതി ആ ലോഡ്ജിൽ ഉള്ളവർക്ക് ഉണ്ടായിരുന്നു. ഞങ്ങൾ അവിടെ ചെല്ലുമ്പോഴേക്കും നേരത്തെ തന്നെ ആളുകൾ ബീഡിയും കത്തിച്ചു കൊണ്ട് കല്ലറകൾക്ക് മുകളിൽ സ്ഥാനം പിടിച്ചിരുന്നു. കല്ലറയുടെ മുകളിൽ പാകിയിരിക്കുന്ന മാർബിൾ കഷ്ണത്തിന് രാത്രിയിൽ നല്ല തണുപ്പ് ആയിരിക്കും. അവിടുത്തെ ഉഷ്ണകാറ്റിൽ നിന്നും ചെറുതല്ലാത്തൊരു ശമനം അവയ്ക്ക് നൽകാൻ കഴിയും.
മുണ്ടിന്‍റെ തലപ്പിൽ നിന്നും ഒരു ബീഡി എടുത്ത് നീട്ടിക്കൊണ്ട് ജോസഫ് മാഷ് എന്നോട് പറഞ്ഞു,
“ നിങ്ങൾക്ക് പേടിയുണ്ടോ മാഷേ ?”
“ ജീവിച്ചരിക്കുന്ന മനുഷ്യരേക്കാൾ ബോധം ആയിരിക്കും മരിച്ച് പോയവർക്ക്.”
എന്‍റെ മറുപടി കേട്ട് ജോസഫ് മാഷ് ചിരിച്ചു. ഇടയിൽ ഊതി കയറ്റിയ പുക നെഞ്ചിൽ കുരുങ്ങി ചിരി ചുമയായി മാറി. എന്നിരുന്നാലും കൃത്യമായ ഇടവേളകളിൽ പുക വീണ്ടും എടുത്ത് വലിച്ച് വിട്ടുകൊണ്ടേ ഇരുന്നു.
കുറേ നാളുകൾ കൂടി അന്ന് രാത്രി ഞാൻ സ്വസ്ഥം ആയി ഉറങ്ങി. പേര് പോലും അറിയാത്ത, ജീവിതത്തിൽ ഞാൻ ഒരിക്കലും കണ്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഏതോ ഒരു മനുഷ്യന്‍റെ കല്ലറയ്ക്ക് മുകളിൽ കിടന്നുകൊണ്ട് നിദ്രയുടെ ആഴങ്ങളിലേക്ക് ഭാരമില്ലാതെ ഞാൻ വീണു. പിന്നീടുള്ള പല ദിവസങ്ങളിലും അപരിചിതരായ മനുഷ്യരുടെ ദ്രവിച്ച് തീർന്ന അസ്ഥികൾക്ക് മുകളിൽ അവരുടെ ഓർമ്മയ്ക്കായി പേര് കൊത്തി വെച്ച മാർബിൾ കഷ്ണത്തിൽ ഞാൻ നിദ്രയുടെ സുഖം കണ്ടെത്തി. ഒരിക്കൽ പോലും കല്ലറയിൽ കൊത്തി വെച്ചിരിക്കുന്ന പേര് വായിക്കാൻ ഞാൻ ശ്രമിച്ചിരുന്നില്ല.

കാലക്രമേണ സമയം മുന്നോട്ട് പോകവേ തീവണ്ടിപ്പാളവും, ശബ്ദവും, പൊടിയുമെല്ലാം എനിക്ക് പരിചിതം ആയി. അപ്പോഴും കൌതുകത്തോടെ നോക്കി നിൽക്കുകയും, കൃത്യമായി അകലം പാലിച്ചും നിന്നിരുന്നതും സെമിത്തേരിയുടെ അങ്ങേ അറ്റത്തുള്ള വാടാമല്ലി കാടുകളെ ആയിരുന്നു.
ആ ഭാഗത്തേക്ക് മാത്രം ആരും ഇതുവരെ പോകുന്നത് കണ്ടിട്ടില്ല. പഴയ സെമിത്തേരി ആണത്. വളരെ പഴക്കം ചെന്ന കല്ലറകൾ ആണ് അവിടെ ഉള്ളത്. വയലറ്റ് പൂക്കൾ കൊണ്ട് കല്ലറകൾ മൂടി കിടക്കുക ആണ്. അവിടെ ആരായിരിക്കും ചെടി നട്ട് പിടിപ്പിച്ചത് എന്ന് ഞാൻ എപ്പോഴും ആലോചിക്കും. മറ്റ് കാടുകൾ ഒന്നും തന്നെ അവിടെ ഇല്ല. ആരോ നോക്കി വളർത്തുന്ന വാടാമല്ലി ചെടികളുടെ തോട്ടം പോലെ. ലോഡ്ജ് വരാന്തയിൽ നിന്നുകൊണ്ട് ആ വയലറ്റ് കാടുകളെ നോക്കികാണുമ്പോൾ എന്‍റെ മനസ്സിന്‍റെ പ്രതിബിംബത്തിലേക്ക് നോക്കുന്നത് പോലെ. ആദ്യമായി വാടാമല്ലി കാടുകളിലേക്ക് കയറിയപ്പോൾ എന്‍റെ മനസ്സിലെ കാട് പിടിച്ചു കിടക്കുന്ന ഓർമ്മകളുടെ കല്ലറ ആണെന്ന് തോന്നി. ഇവിടെ ശരീരങ്ങളും അവിടെ ഓർമ്മകളും കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. വയലറ്റ് പൂവുകളെ നോവിക്കാതെ വകഞ്ഞു മാറ്റിക്കൊണ്ട് മുന്നോട്ട് നടന്നു. ഓരോ കാൽ വെപ്പുകളും ചിന്തകളുടെ ചതുപ്പ്കുഴികൾ പോലെ അനുഭവപ്പെട്ടു.
വയലറ്റ് പരവതാനിക്ക് കീഴെ അന്ത്യവിശ്രമം കൊള്ളുന്ന മനുഷ്യരെ ഓർത്ത് എനിക്ക് അസൂയ തോന്നി. കൈത്തണ്ടയിലെ പാതിയിൽ നിലച്ചുപോയ മരണത്തിന്‍റെ മുറിപ്പാടിൽ തലോടിക്കൊണ്ട് ഒരു കല്ലറയുടെ മുകളിൽ ഞാൻ ഇരുന്നു. മരണം എന്‍റെ കൺമുന്നിലൂടെ എന്നെ കബളിപ്പിച്ചുകൊണ്ട് കടന്നു പോയത് ഞാൻ ഓർത്തു. കൈത്തണ്ടയിൽ നിന്നും ചീറ്റിയ കൊഴുത്ത ചോരയുടെ മണം ഈ നിമിഷം എനിക്ക് അറിയാൻ സാധിക്കുന്നു. പതിയെ കണ്ണുകൾ അടച്ച് ഞാൻ കിടന്നു.
നേരം ഇരുട്ടി.
വാടാമല്ലി പൂവുകൾ ഉള്ളിൽ നിന്നും ഓർമ്മകളുടെ കറുപ്പിനെ മണ്ണിലേക്ക് ഒഴുക്കി വിടാൻ തുടങ്ങി. എത്ര നേരം ആ കിടപ്പ് തുടർന്നു എന്നറിയില്ല. ചിന്തകളിൽ മുഴുവൻ ജീവിതത്തിലൂടെ കടന്നു പോയ മനുഷ്യരുടെ മുഖങ്ങൾ ആയിരുന്നു. അവ എന്നെ കുത്തി നോവിക്കാൻ തുടങ്ങി. കാണാൻ കൊതിച്ച കണ്ണുകളും, ചുംബിച്ച അധരങ്ങളും, പറയാൻ ബാക്കിവെച്ച വാക്കുകളും എല്ലാം വെട്ടിയൊതുക്കി വെച്ച സെമിത്തേരി പോലെ ഓർമ്മകളെ വിടാതെ പിടിച്ചു നിർത്തുന്നു. പതിയെ കാണുകൾ തുറന്ന് ഞാൻ ചുറ്റും നോക്കി. ഈ വാടാമല്ലി ചെടികൾ ആരായിരിക്കും ഇവിടെ നട്ട് വെച്ചത്. മനുഷ്യന്‍റെ വാടാത്ത ഓർമ്മകളെ ഒരു മൂടുപടം പോലെ അവ മറച്ചു വെക്കുന്നു. കല്ലറയിൽ കൊത്തിവെച്ച പേര് പോലും മൂടപ്പെട്ടു. അസ്ഥിത്വം വെളിപ്പെടാതെ അനന്തരം നിദ്രയിൽ ആഴ്ന്ന ഭാഗ്യം ചെയ്ത മനുഷ്യർ. ആരാലും ഓർമ്മിക്കപ്പെടാതെ, ആരെയും ഓർക്കാതെ സമാധാനം ആയി നിങ്ങൾക്ക് ഉറങ്ങാൻ സാധിക്കുന്നുവല്ലോ ! ഓർമ്മിക്കുന്നതും, ഓർമ്മപ്പെടുത്തുന്നതും വേദനകളെ അവശേഷിപ്പിക്കും.
ആ രാത്രി മുഴുവൻ സെമിത്തേരിയിൽ തന്നെ ഞാൻ കഴിഞ്ഞുകൂടി. ഓർമ്മകളുടെ ഭാരം ഇല്ലാതെ വാടാമല്ലി കാടുകൾ എന്നെ മറച്ചു പിടിച്ചു. മരണത്തിന്‍റെ അനന്തമായ നിദ്രയുടെ തണുപ്പ് ഞാൻ അറിഞ്ഞു.
രാവിലെ തിരികെ മുറിയിലേക്ക് പോകുന്ന നരം, ഉണങ്ങിയ വാടാമല്ലി പൂവിൽ നിന്നും ഒരു നുള്ള് വിത്തെടുത്ത് മനസ്സിലെ ഓർമ്മകളുടെ ചതുപ്പിൽ വിതറി. നാളുകൾ കൊഴിയവേ, വിത്ത് കിളിർത്തു, തളിരായി, പൂവിട്ടു, കടായി പടർന്നു.