Sunday, August 17, 2025

കുഞ്ഞാലിയുടേയാ ആര്യാടന്റെയോ അതോ അന്‍വറിന്റെയോ? ആരുടെ തുടർച്ച കാക്കും നിലമ്പൂര്‍?


തപൻ-

നിലമ്പൂർ:


പി വി അന്‍വര്‍ മറുകണ്ടം ചാടിയതിനെത്തുടര്‍ന്നുള്ള മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കല്‍, മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുവേണ്ടിയുള്ള മുന്നൊരുക്കമായി വരുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെന്ന പരീക്ഷണം ഗുണകരമാവില്ലെന്ന വിശകലനം- ഇതാണ് നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ കരുത്തനായ സ്ഥാനാര്‍ഥിയെന്ന തീരുമാനത്തിലേക്ക് സിപിഐഎമ്മിനെ എത്തിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് നിലമ്പൂര്‍ സ്വദേശിയാണെന്നതും അദ്ദേഹത്തിലേക്ക് എത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേതു പോലെ ന്യൂനപക്ഷവോട്ട് ഏകീകരണം സംഭവിക്കുകയാണെങ്കില്‍ ഹിന്ദു വോട്ടുകള്‍ ആകര്‍ഷിക്കുകയെന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് യുവനേതൃത്വത്തിൽനിന്നുള്ള സ്വരാജിനെ സിപിഐഎം മത്സരിപ്പിക്കുന്നത്. 2006നുശേഷം ആദ്യമായാണ് നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സിപിഎം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. 2006ല്‍ പി ശ്രീരാമകൃഷ്ണനായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ഥി.

പിന്നില്‍നിന്നു കുത്തി എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ട് ഇപ്പോള്‍ യുഡിഎഫിന്റെ കനിവ് കാത്തുനില്‍ക്കുന്ന അന്‍വറിന്, തങ്ങളുടെ സ്ഥാനാര്‍ഥിയായതുകൊണ്ടാണ് അദ്ദേഹം ജയിച്ചതെന്നും അല്ലാതെ സ്വന്തം മികവുകൊണ്ടല്ലെന്നുമുള്ള ശക്തമായ മറുപടി നല്‍കുക കൂടിയാണ് പാര്‍ട്ടി ചിഹ്നത്തില്‍ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതിലൂടെ സിപിഐഎം ലക്ഷ്യമിടുന്നത്. അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുമെന്നും അത് ഷൗക്കത്തിനെ ദോഷകരമായി ബാധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് സിപിഐഎം. ഈ സാഹചര്യം നേട്ടമാക്കാന്‍ ലക്ഷ്യമിട്ടാണ് മണ്ഡലത്തില്‍നിന്നു തന്നെയുള്ള സ്ഥാനാര്‍ഥി എന്ന ലേബലില്‍ സ്വരാജിനെ അവതരിപ്പിക്കുന്നത്.

സിപിഎം പിന്തുണയോടെ മത്സരിച്ചിട്ടും 2021ല്‍ അന്‍വര്‍ 2700 വോട്ടിനു മാത്രമാണു വിജയിച്ചതെന്നും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പ്രിയങ്ക ഗാന്ധി അറുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടെന്നതുമാണ് അന്‍വറിന്റെ ഭീഷണിക്ക് കീഴങ്ങേണ്ടതില്ലെന്ന യുഡിഎഫിന്റെ ഇന്നലെ വരെയുള്ള തീരുമാനത്തിനുപിന്നില്‍. എന്നാല്‍ സ്വരാജിനെ സ്ഥാനാര്‍ഥിയായി സിപിഎം പ്രഖ്യാപിച്ചതോടെ അന്‍വറിനെ എങ്ങനെയെങ്കിലും കൂടെനിര്‍ത്താനുള്ള സമീപനത്തിലേക്കു കോണ്‍ഗ്രസ് നിര്‍ബന്ധിതമാകാനാണു സാധ്യത. ആര്യാടന്‍ ഷൗക്കത്തിനു പിന്തുണ പ്രഖ്യാപിച്ചതുകൊണ്ടാണു അന്‍വറിനെ യുഡിഎഫിനൊപ്പം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന പ്രതീതി സൃഷ്ടിക്കാനു കോണ്‍ഗ്രസ് ശ്രമം. ‘ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് എത്തിയുമില്ല’ എന്ന നിലയില്‍ നില്‍ക്കുന്ന അന്‍വറിനും ഇതേ നിവൃത്തിയുള്ളൂ. യുഡിഎഫില്‍ പോകാന്‍ കഴിയാതെ വന്നാല്‍ ശക്തി തെളിയിക്കാന്‍ അന്‍വറിന് ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരും. എല്‍ഡിഎഫ്-യുഡിഎഫ് ശക്തമായ മത്സരത്തിന്റെ സാഹചര്യത്തില്‍ കാര്യമായി വോട്ട് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് അന്‍വറിന്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത തിരിച്ചടിയാവുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ ഇടയില്ല.

നിലമ്പൂരില്‍ ഡി സി സി പ്രസിഡന്റ് വി എസ് ജോയ് എന്ന പേരാണ് പി വി അന്‍വര്‍ രാജിവെച്ചതു മുതല്‍ കോണ്‍ഗ്രസിലും ഉയര്‍ന്നുകേട്ടത്. സഭയ്ക്ക് സ്വീകാര്യനായ സ്ഥാനാര്‍ഥി എന്ന ഘടകവും ജോയിയുടെ പേര് ഉറപ്പിച്ചു. എന്നാല്‍ തന്റെ നോമിനിയായി ജോയിയുടെ പേര് അന്‍വര്‍ നിര്‍ദേശിച്ചതോടെയാണ് അത്ര സ്വീകാര്യനല്ലാത്ത ആര്യാടന്‍ ഷൗക്കത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചത്. 2021ലെ തിരഞ്ഞെടുപ്പില്‍ ഡിസിസി പ്രസിഡന്റായിരുന്ന വി വി പ്രകാശ് 2700 വോട്ടിനു മാത്രമാണ് പി വി അന്‍വറിനോട് തോറ്റത്. ഷൗക്കത്ത് സഹകരിക്കാതിരുന്നതാണ് പ്രകാശിന്റെ തോല്‍വിയിലേക്കു നയിച്ചതെന്ന വിലയിരുത്തലുകള്‍ കോണ്‍ഗ്രസില്‍ ഇപ്പോഴുമുണ്ട്. ഷൗക്കത്തിനു തല്‍ക്കാലത്തേക്കു നല്‍കിയ ഡിസിസി പ്രസിഡന്റ് സ്ഥാനം വോട്ടെടുപ്പിനു പിന്നാലെ തിരിച്ചെടുത്ത് അവിടെ പ്രകാശിനെ വീണ്ടും അവരോധിച്ചത് വലിയ പൊട്ടിത്തെറികളാണ് അന്ന് മലപ്പുറത്തുണ്ടാക്കിയത്. ഭിന്നത പ്രകടമാക്കുന്ന ഷൗക്കത്തിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളും വോട്ടെണ്ണലിന്റെ മുന്‍ ദിവസമുണ്ടായ വി വി പ്രകാശിന്റെ മരണവും പൊട്ടിത്തെറി രൂക്ഷമാക്കി. ഷൗക്കത്തിനെതിരെ നിലമ്പൂരിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിലും വി വി പ്രകാശിന്റെ കുടുംബത്തിനിടയിലും അമര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഇത്തവണ സ്ഥാനാര്‍ഥിയാക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു അന്‍വര്‍. എന്നാല്‍, ജോയിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ അത് അന്‍വറിനു വഴങ്ങിയെന്ന പ്രതീതി സൃഷ്ടിക്കുമെന്ന അപകടം കോണ്‍ഗ്രസ് മണത്തു. കാരണം, അന്‍വര്‍ 2026ലെ തിരഞ്ഞെടുപ്പില്‍ തവനൂര്‍, തിരുവമ്പാടി സീറ്റുകളിലൊന്ന് ലക്ഷ്യമിട്ടുകൊണ്ടാണ് നിലമ്പൂരില്‍ കരുക്കള്‍ നീക്കുന്നതെന്നു കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. ഷൗക്കത്താണെങ്കില്‍, യുഡിഎഫ് സീറ്റ് നല്‍കിയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കാന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു.

ഷൗക്കത്തിനെതിരെ മുസ്ലിം സമൂഹത്തിനകത്ത് ഇപ്പോഴും ചില പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ‘പാഠം ഒന്ന്, ഒരു വിലാപം’ പോലുള്ള അദ്ദേഹത്തിന്റെ സിനിമകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നേരിടുന്ന ചൂഷണം തുറന്നുപറഞ്ഞത് സമുദായത്തിനെതിരായ വിമര്‍ശനമാണെന്ന വ്യാഖ്യാനമാണ് അതിപിന്നില്‍. ഇക്കാരണം കൊണ്ട് ഷൗക്കത്തും ലീഗും തമ്മില്‍ നേരത്തെ ബന്ധത്തിലായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ ഭിന്നത മാറിയിട്ടുണ്ട്. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലീഗ് പാര്‍ട്ടി സംവിധാനം പൂര്‍ണമായും രംഗത്തിറങ്ങിയിരിക്കുന്ന കാഴ്ചയാണിപ്പോള്‍. 48 ശതമാനത്തോളം മുസ്ലിം വോട്ടുകളുള്ള നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്റെ മരണം വരെ കോണ്‍ഗ്രസ് തീരുമാനിക്കുകയും ലീഗ് അനുസരിക്കുകയും ചെയ്യുന്നതായിരുന്നു കണ്ടുപോന്നിരുന്നത്. എന്നാല്‍ ആര്യാടന്റെ മരണത്തിനുശേഷം മണ്ഡലത്തില്‍, ജില്ലയിലെ മറ്റിടങ്ങളിലേതുപോലെ കോണ്‍ഗ്രസിനുമേല്‍ ലീഗിന്റെ മേധാവിത്വം പ്രകടമാവുന്ന സ്ഥിതിയുണ്ട്. ഇതും ഷൗക്കത്തിനോടുള്ള എതിര്‍പ്പ് മാറ്റിവെച്ച് തങ്ങളുടെ സ്ഥാനാര്‍ഥിയെന്ന നിലയിലേക്കു പ്രചാരണം നയിക്കാന്‍ ലീഗിനെ പ്രേരിപ്പിച്ച ഒരു ഘടകമാണ്. പി വി അന്‍വറിനെ യുഡിഎഫിനൊപ്പം നിര്‍ത്താന്‍ പരമാവധി ശ്രമിച്ചതും ലീഗ് തന്നെ.

ഈ ഘടകങ്ങളൊക്കെ മുതലാക്കി നിലമ്പൂര്‍ നിലനിര്‍ത്താന്‍ സിപിഐഎമ്മിനു കഴിയുമോയെന്നതാണ് ഇനിയുള്ള ചോദ്യം? പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മുമായി അല്‍പ്പമേറെ അകലം പാലിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പലസ്തീന്‍ വിഷയത്തില്‍ സിപിഐഎം കോഴിക്കോട്ട് ന്യൂനപക്ഷ സംഘടനകളുടെ കണ്‍വെന്‍ഷന്‍ നടത്തിയെങ്കിലും തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം പാര്‍ട്ടിയെ കൈവിട്ടിരുന്നു. എക്കാലത്തും സിപിഐഎമ്മിനൊപ്പം നിന്നിരുന്ന എപി വിഭാഗം സമസ്ത (സുന്നി മുസ്ലിം വിഭാഗം) വോട്ടുകളും പാര്‍ട്ടിക്കു നഷ്ടപ്പെട്ടു. ന്യൂനപക്ഷ പ്രീണനം എന്ന പ്രചാരണം ഉയര്‍ന്നതോടെ പരമ്പരാഗതമായി സിപിഐഎമ്മിനൊപ്പം നിന്നിരുന്ന ഹിന്ദു (പ്രത്യേകിച്ച് ഈഴവ വിഭാഗം) വോട്ടുകളും പാര്‍ട്ടിയെ കൈവിട്ടു. ഇക്കാര്യം തിരഞ്ഞെടുപ്പിനുശേഷം വിലയിരുത്തിയ സിപിഐഎം, തൊട്ടുപിന്നാലെ പരസ്യമായ ലീഗ്-ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളിലൂടെ ‘തിരുത്തല്‍ ശ്രമങ്ങള്‍’ക്കു തുടക്കമിട്ടു. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയത ഒരുപോലെ ആപത്താണെന്നന്ന ഭാഷ്യമാണ് ഇതിനു ന്യായീകരണമായി സിപിഐഎം പറഞ്ഞത്. അടുത്തിടെ വെള്ളാപ്പളളി നടേശന്‍ മലപ്പുറം ജില്ലയിലെ ലക്ഷ്യമിട്ടു നടത്തിയ ന്യൂനപക്ഷവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ വലിയ എതിര്‍പ്പുയര്‍ന്നപ്പോള്‍ സിപിഎം കണ്ണടച്ചതും ഹിന്ദു വോട്ട് ലക്ഷ്യമിട്ടു തന്നെ. നിലമ്പൂരില്‍ 17 ശതമാനമാണ് ഈഴവ വോട്ട്. ജൂൺ ഒന്നിനു നടക്കുന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പ്രസംഗം നിലമ്പൂരില്‍ സിപിഐഎം രാഷ്ട്രീയ സമീപനത്തിന്റെയും അടവിന്റെയും ദിശ വ്യക്തമാക്കും.

എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയുമായി കൂട്ടുചേര്‍ന്ന് വര്‍ഗീയതയ്ക്കു കുടപിടിക്കുന്നുവെന്ന് ആരോപിച്ച് ലോക്‌സഭ തിരഞ്ഞെടുപ്പിനു പിന്നാലെ ലീഗിനെതിരെ സിപിഐം നടത്തിയ പരസ്യമായ ആക്രമണം നഷ്ടപ്പെട്ട ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന വിലയിരുത്തലുകള്‍ പൊതുമണ്ഡലത്തില്‍ സജീവമാണ്. ഈ നിലപാട് നിലമ്പൂരിലും ലീഗിനെതിരെ സിപിഐഎം ആയുധമാക്കാനാണ് സാധ്യത. ഒപ്പം ഇ കെ വിഭാഗം സമസ്തയിലെ ലീഗിനെതിരെ നിലകൊള്ളുന്ന വിഭാഗത്തെ ഒപ്പംനിര്‍ത്താനും അതിനൊപ്പം കാന്തപുരം വിഭാഗം കൈവിടാതിരിക്കാനുമായിരിക്കും സിപിഐഎം ശ്രമം. മലപ്പുറത്ത് ജമാഅത്ത് വേദികളില്‍ ലീഗ് നേതാക്കള്‍ പ്രത്യക്ഷപ്പെടുന്നതിനെതിരായ ലീഗ് അനുകൂല ഇകെ സമസ്തയിലെ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ പ്രതിഷേധം പരസ്യ ഭിന്നതയുടെ രൂപത്തിലാണിപ്പോള്‍. ഇതിനു പരിഹാരം കാണാന്‍ ലീഗിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഈ വിഭാഗം പതിവിനു വിപരീതമായി സിപിഐഎമ്മുമായും എല്‍ഡിഎഫ് സര്‍ക്കാരുമായും അടുപ്പം പുലര്‍ത്താന്‍ തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്.

പറഞ്ഞുവന്നത് നിലമ്പൂരില്‍ സ്വാധീനിക്കാവുന്ന രാഷ്ട്രീയ ഉള്‍പ്പിരിവുകളെക്കുറിച്ചാണ്. ഈ ഘടകങ്ങളൊക്കെ നിലമ്പൂരില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്. രൂക്ഷമായ വന്യജീവി ആക്രമണം തടയുന്നതിലെ പാളിച്ച, ആദിവാസിമേഖലകളിലെ വികസന മുരടിപ്പും തകര്‍ന്ന പാലങ്ങളും റോഡുകളും പുനര്‍നിര്‍മിക്കാത്തത് എന്നിവ യുഡിഎഫ് സജീവ പ്രചാരണം ആയുധങ്ങളാക്കുന്നുണ്ട്. ഇതിനെ മറികടക്കാന്‍ വന്യജീവി ആക്രമണം തടയുന്നതില്‍ തടസം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്ന വാദമാണ് സിപിഐഎം ഉയര്‍ത്തുന്നത്. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചുകൊല്ലാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കത്തെഴുതിയതും യുഡിഎഫ വാദം പൊളിക്കാന്‍ ലക്ഷ്യമിട്ടുതന്നെ. പി വി അന്‍വര്‍ എംഎല്‍എയായിരിക്കെ അദ്ദേഹത്തിനെതിരെ അഴിമതി ആരോപിച്ചും തടയണ വിഷയത്തിലും കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രചാരണം അവര്‍ക്കു തന്നെ വിനയാവുമോയെന്നും അത് എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കുമോയെന്നും കണ്ടറിയാം.

മലയോരമേഖലയായ നിലമ്പൂരിൽ ക്രൈസ്തവ സമൂഹം പൊതുവെ യുഡിഎഫിന് അനുകൂലമായാണ് നിലകൊള്ളാറുള്ളത്. വന്യജീവി ആക്രമണം ഇപ്പോഴും രൂക്ഷമായി നിലനിൽക്കുന്ന മണ്ഡലത്തിൽ സഭ നിലവിലെ സാഹചര്യത്തിൽ സർക്കാരിന് അനുകൂലമായൊരു നിലപാടെടുക്കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പത്ത് ശതമാനത്തോളമാണ് നിലമ്പൂരിലെ ക്രൈസ്തവ വോട്ട് ബാങ്ക്. അതേസമയം, ബി.ജെ.പി-ബിഡിജെഎസ് സ്ഥാനാർഥി ഉണ്ടാവുമോയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മത്സരിക്കേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എന്നാൽ മത്സരിക്കണമെന്ന വികാരം പാർട്ടി അണികൾക്കിടയിലുണ്ട്. ഇനി അഥവാ 2016ൽ മത്സരിച്ച ബിഡിജെഎസിന് സീറ്റ് വിട്ടുകൊടുക്കുമോയെന്നും വ്യക്തമായിട്ടില്ല. എൻഡിഎ സ്ഥാനാർഥി ഉണ്ടായില്ലെങ്കിൽ ഈഴവ വോട്ട് സിപിഐഎമ്മിലേക്കു മറിയുമെന്ന ആശങ്ക യുഡിഎഫിനുണ്ട്..

സ്വരാജ്: എസ് എഫ് ഐയില്‍നിന്ന് പാര്‍ട്ടി നേതൃത്വത്തിലേക്ക്

പാര്‍ട്ടി നിലപാട് സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും അണികള്‍ക്കു സന്ദേഹമില്ലാത്ത നിലപാട് വിധം വ്യക്തമാക്കുന്നതില്‍ എം സ്വരാജിനെ വെല്ലുന്നൊരു നേതാവ് സിപിഎമ്മില്‍ ഇപ്പോഴില്ല. മികച്ച വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളിലും തിളങ്ങുന്ന സ്വരാജ്, എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കു കടന്നത്. 1999 ല്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. എസ് എഫ് ഐ മലപ്പുറം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ച സ്വരാജ്, 2005 ല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. 2011ല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, 2013ലും 2016 ലും സംസ്ഥാന സെക്രട്ടറിയുമായി. ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനവും വഹിച്ചു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2021ല്‍ പരാജയപ്പെട്ടു.

സിപിഎം സംസ്ഥാന അംഗമായി ഉയര്‍ന്ന് 2022ൽ സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടം പിടിച്ചു. നാല്‍പ്പത്തിയാറുകാരനായ സ്വരാജ് സെക്രട്ടേറിയറ്റിലെ പ്രായം കുഞ്ഞവരില്‍ ഒരാളാണ്. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററാണ്.

പോത്തുകല്ല് പതാര്‍ സുമാനിവാസില്‍ പി എന്‍ മുരളീധരന്റെയും പി ആര്‍ സുമംഗിയമ്മയുടെയും മകനായി 1979 മേയ് 27നാണ് സ്വരാജിന്റെ ജനനം. ഭാര്യ:സരിത. പാലേമാട് എസ്‌വിഎച്ച്എസ്എസ് ഇയില്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എയും പൂര്‍ത്തിയാക്കി. എല്‍എല്‍ബിയും ബിരുദാനന്തര ബിരുദവും നേടി.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....